amabsador

കോട്ടയം : ഏഴുപതിറ്റാണ്ടോളം കോട്ടയംകാരുടെ നാവിൻ തുമ്പിൽ നാടൻ രുചിക്കൂട്ട് പകർന്ന ബെസ്റ്റോട്ടലിന് ഇന്നലെ ഷട്ടർ വീണു. വെജിറ്റേറിയൻ രുചിയുടെ വിശുദ്ധി പേറിയിരുന്ന ആനന്ദമന്ദിരവും അടച്ചതോടെ പഴയമയുടെ പാരമ്പര്യം പറയാൻ കോട്ടയത്ത് ഇനി അവശേഷിക്കുന്നത് ഹോട്ടൽ അംബാസഡർ മാത്രം.

കടലില്ലാത്ത കോട്ടയത്ത് നാട്ടുകാരുടെ നാവിൽ രുചിയുടെ കപ്പലോടിച്ച, സ്നേഹം സെർവ് ചെയ്ത, ഉപ്പിലിട്ട ഓർമ്മയാണ് ബെസ്റ്റോട്ടൽ. കേരളം രൂപം കൊള്ളുന്നതിനും മുമ്പ് 1954ൽ തലശേരിയിൽ നിന്ന് മലബാറിന്റെ ബൗണ്ടറി കടന്ന് പി.എം.രാഘവൻ എന്ന രഞ്ജിക്രിക്കറ്റ് താരം അടിച്ച സ്വാദിന്റെ സിക്സറായിരുന്നു കോട്ടയംകാർക്ക് ബെസ്റ്റോട്ടൽ. സ്നേഹത്തിന്റെ, കൂട്ടായ്മയുടെ, സർഗാത്മകതയുടെ തുടങ്ങി മനുഷ്യനാവശ്യമായ എല്ലാത്തിന്റെയും ചേരുവയായിരുന്നു ആ ഹോട്ടൽ വിളമ്പിയത്. അപ്പവും മട്ടൺ സ്റ്റൂവും ബെസ്റ്റ് ബെസ്റ്റോട്ടിലേത് എന്നറിഞ്ഞ് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകളെത്തി.

രുചിപ്പെരുമയുടെ അംബാസഡർ

1955ലാണ് കെ.കെ.റോഡിൽ പഴയകാല ബംഗ്ലാവിനെ ഓർമിപ്പിക്കുന്ന അംബാസഡർ ഹോട്ടൽ തുറക്കുന്നത്. നോൺ വെജിറ്റേറിയൻ ഫുഡിൽ പേരുകേട്ട ബീഫ് കറിയുടെയും ബിരിയാണിയുടെയും രുചിപ്പെരുമയാണ് ഇവിടുത്തെ സവിശേഷത. ഇവിടെ പറ്റുകാരനായിരുന്ന ഒരു കോട്ടയം അച്ചായാൻ കുളിർമയോടെ ലഹരി നുണയാൻ എ.സി വാങ്ങി കൊടുത്ത ചരിത്രവും അംബാസഡറിനുണ്ട്. പ്രവേശന കവാടത്തിൽ വലിയ ബോട്ടിന്റെ രൂപത്തിലുള്ള അക്വേറിയത്തിന് മുകളിൽ കോട്ടയം ആലപ്പുഴ ബോട്ട് സമയം ഇന്നും പ്രദർശിപ്പിച്ചിട്ടുണ്ട്.