krishnan-kovil

താക്കോൽ കൈമാറാതെ ബ്രാഹ്മണ മേൽശാന്തി

വൈക്കം : തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രത്തിൽ ചുമതലയേറ്റ ഈഴവ മേൽശാന്തിയെ ഭക്തജനങ്ങളുടെ മുന്നിൽവച്ച് ക്ഷേത്ര കലാപീഠം അദ്ധ്യാപകൻ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. ബ്രാഹ്മണ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു.
വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണൻ കോവിലിൽ മേൽശാന്തിയായി നിയമിതനായ തോട്ടകം കറുകത്തട്ടേൽ ഉണ്ണി പൊന്നപ്പനാണ് ജാതി അധിക്ഷേപം നേരിട്ടത്. ടി.വിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഉണ്ണി പൊന്നപ്പൻ ദേവസ്വംബോർഡിലെ പൊതുസ്ഥലംമാറ്റത്തിലാണ് കൃഷ്ണൻ കോവിലിലെ മേൽശാന്തിയായി എത്തിയത്.

നിലവിലെ മേൽശാന്തി അവധിയിൽ പോയതോടെ മഹാദേവ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എത്തി പകരക്കാരനായി വന്ന ശാന്തിയിൽ നിന്ന് ശ്രീകോവിലിന്റെ താക്കോൽ വാങ്ങി ഉണ്ണി പൊന്നപ്പന് നൽകി. പഴയ മേൽശാന്തി തിരുവാഭരണവും മറ്റും കൈമാറിയിട്ടില്ല.

ആദ്യദിനം തന്നെ ഭീഷണി

30നാണ് ഉണ്ണി പൊന്നപ്പൻ ശ്രീകോവിൽ തുറന്ന് പൂജ തുടങ്ങിയത്. അന്ന് അത്താഴ പൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോഴാണ് വൈക്കം ക്ഷേത്രകലാപീഠത്തിലെ അദ്ധ്യാപകൻ ജാതിപറഞ്ഞ് അധിക്ഷേപിച്ചത്. ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന ഭീഷണി മുഴക്കിയാണ് മടങ്ങിയത്. ഉണ്ണി പൊന്നപ്പൻ ദേവസ്വം ബോർഡ് അധികൃതർക്കും, പൊലീസിനും പരാതി നൽകി.

ഈഴവൻ പൂജ ചെയ്യേണ്ട


ഇവിടെ ബ്രാഹ്മണർ മാത്രം പൂജ ചെയ്താൽ മതിയെന്നും ഈഴവനായ നിന്നെ പൂജ ചെയ്യാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി.

- ഉണ്ണി പൊന്നപ്പൻ കേരളകൗമുദിയോട്

പ്രതിഷേധവുമായി എസ്.എൻ.ഡി.പി യോഗം

താന്ത്രിക പഠനം പൂർത്തിയാക്കി, ദേവസ്വം ബോർഡ് നിയമിച്ച മേൽശാന്തിയെ അവർണനായതിന്റെ പേരിൽ അധിക്ഷേപിക്കുന്നതും തീണ്ടാപ്പാടകലെ നിറുത്താൻ ശ്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് പറഞ്ഞു. ജാതീയമായ ഉച്ചനീചത്വങ്ങൾ പുലർത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ എസ്.എൻ.ഡി.പി

യോഗം പ്രത്യക്ഷസമരത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ വൈക്കം ഗ്രൂപ്പ് കമ്മിറ്റിയും പ്രതിഷേധിച്ചു.