വൈക്കം: സ്ത്രീധനത്തിനും സ്ത്രീവിരുദ്ധതയ്ക്കുമെതിരെ ലിംഗസമത്വ കേരളത്തിനായി പോരാടാം നമുക്കൊന്നായി എന്ന മുദ്രാവാക്യമുയർത്തി കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ മണ്ഡലം കേന്ദ്രങ്ങളിലും മക്കൾക്കായി പ്രതിജ്ഞ പരിപാടി സംഘടിപ്പിച്ചു. മഹിളാ സംഘം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇണ്ടംതുരുത്തിമനയിൽ നടത്തിയ പരിപാടി ദേശീയ മഹിളാ ഫെഡറേഷൻ (എൻ.എഫ്‌.ഐ.ഡബ്ല്യു) വൈസ് പ്രസിഡന്റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. 'സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല, ആഡംബര വിവാഹം അനുവദിക്കില്ല' എന്ന പ്രതിജ്ഞാ വാചകം മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് ശ്രീദേവി ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മായാ ഷാജി, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, കെ പ്രിയമ്മ, സരസമ്മ വിജയൻ, സിന്ധു മധു എന്നിവർ പ്രസംഗിച്ചു.

കേരള മഹിളാസംഘം തലയോലപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി അഡ്വ. കെ.ജി ധന്യ യോഗം ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് സുലോചന പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, കെ.പി ബീന എന്നിവർ പ്രസംഗിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ സന്ധ്യ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.