ചങ്ങനാശേരി: തൃക്കൊടിത്താനം സഹകരണ ബാങ്കിൽ നിന്നും ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലായെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും

ഭരണസമിതി പ്രസിഡന്റ് കെ.സി സതീഷ്ചന്ദ്രബോസ് പറഞ്ഞു. ഏപ്രിലിൽ ബാങ്കിന്റെ കൊടിനാട്ടുകുന്ന് ശാഖയിൽ ബാങ്ക് സെക്രട്ടറി നടത്തിയ പരിശോധനയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയിൽ 1084300 രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് കണ്ടെത്തി ശാഖയുടെ മാനേജരെയും ക്യാഷറെയും സസ്‌പെൻഡ് ചെയ്തിരുന്നു. നഷ്ടപ്പെട്ട പണം പലിശയും ചേർത്ത് ഇവർ ബാങ്കിൽ തിരിച്ചടയ്ക്കുകയും ചെയ്തു. നിലവിൽ 184 കോടി രൂപയുടെ നിക്ഷേപം ബാങ്കിനുണ്ട്. നിലവിൽ ഉയരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണെന്നും യഥാർത്ഥ വസ്തുത സഹകാരികൾ തിരിച്ചറിയണമെന്നും പ്രസിഡന്റ് അറിയിച്ചു.