കുമരകം: ജല ഗതാഗത വകുപ്പിന്റെ സർവീസ് ബോട്ട് സഞ്ചരിക്കുന്ന കുമരകം ജെട്ടി തോട്ടിലെ പോളകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. ബോട്ടിന്റെ പ്രൊപ്പലറിൽ ചവറ് പിടിച്ച് റിവേഴ്സ് ലഭിക്കാതെ ബോട്ടിന് നിയന്ത്രണം നഷ്ടമാകുന്നത് നിത്യസംഭവമാണ്. പോള നീക്കാൻ കുമരകം പഞ്ചായത്തിനെ ബന്ധപ്പെട്ടെങ്കിലും യാതൊരു തീരുമാനങ്ങളും ഉണ്ടായില്ല. രാത്രികാലങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ കുമരകം- മുഹമ്മ ബോട്ട് ചാലിൽ ബോയകൾ ഇല്ലാത്തതിനാൽ ബോട്ടുകൾ ഗതിമാറി പോകുന്ന അവസ്ഥയിലുമാണ്. അടിയന്തിരമായി കുമരകം തോട്ടിലെ മാലിന്യം നീക്കാനും മറ്റും കുമരകം പഞ്ചായത്ത് സമിതി തയാറാകണമെന്ന് സ്രാങ്ക് അസോസിയേഷൻ മുഹമ്മ ബ്രാഞ്ച് കമ്മറ്റി ആവിശ്യപ്പെട്ടു. ഓൺലൈൺ മീറ്റിംഗിൽ സ്രാങ്ക് അസോസിയേഷൻ മുഹമ്മ ബ്രാഞ്ച് പ്രസിഡന്റ് സജീർ എസ് അദ്ധ്യക്ഷത വഹിച്ചു. സ്രാങ്ക് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ആദർശ് സി റ്റി യോഗം ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി രഞ്ജിഷ് കുമാർ, ട്രഷറർ അനീഷ് ആർ, അസോസിയേഷൻ സംസ്ഥാന സമിതി അംഗങ്ങളായ സി.എൻ ഓമനക്കുട്ടൻ, രജിമോൻ, ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ കിഷോർകുമാർ, രാഗേഷ്, കൃഷ്ണമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.