പാലാ: കൊവിഡില്ലാത്ത യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സംഭവം പുതിയ വഴിത്തിരിവിൽ. സംഭവത്തിൽ
ആരോപണ വിധേയയായ മെഡിക്കൽ ഓഫീസറും അടുത്ത ബന്ധുവും ഇന്നലെ രാവിലെ യുവതിയുടെ അടുത്ത ബന്ധുക്കളെ കണ്ട് ഡോക്ടർക്കെതിരെ
പരാതിയില്ലെന്ന് എഴുതിക്കൊടുക്കണമെന്ന് അപേക്ഷിച്ചു. യുവതിയെ നേരിൽ കാണാനാണ് മെഡിക്കൽ ഓഫീസറും ബന്ധുവും തോടനാലിൽ എത്തിയതെങ്കിലും യുവതി ജോലിക്ക് പോയതിനാലാണ് ബന്ധുവിനെ കണ്ട് കാര്യം അവതരിപ്പിച്ചത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് നടപടി ഉണ്ടാവുമെന്നും അതിനാൽ സഹായിക്കണമെന്നുമാണ് മെഡിക്കൽ ഓഫീസറും ബന്ധുവും അഭ്യർത്ഥിച്ചതെന്ന് യുവതിയുടെ അടുത്തബന്ധു പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൊഴുവനാൽ പഞ്ചായത്ത് അധികാരികളാണ് പരാതി നൽകിയതെന്നും തങ്ങൾ ഇക്കാര്യത്തിൽ നിസഹായരാണന്നും മറുപടി നൽകി മെഡിക്കൽ ഓഫീസറെ മടക്കിഅയച്ചെന്ന് യുവതിയുടെ ബന്ധു വെളിപ്പെടുത്തി.
കൊഴുവനാൽ പഞ്ചായത്തിലെ തോടനാൽ കോളനിയിലുള്ള തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ ഇല്ലാത്ത രോഗമുണ്ടെന്ന് കാട്ടി കൊവിഡ്
ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ കൊഴുവനാൽ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ ജോർജ്, ആശാ പ്രവർത്തക സോണിയ.
ജി,തൊഴിലുറപ്പ് ഓവർസീയർ ജിൻസി എന്നിവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ പഞ്ചായത്ത് സമിതി മൂവർക്കുമെതിരെ നടപടി സ്വീകരിക്കാൻ
ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഡോക്ടറെ ഏതുവിധേനയും സഹായിക്കാൻ
ഡോക്ടർമാരുടെ സംഘടന മുന്നോട്ടുവന്നെങ്കിലും അടിയന്തിരമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസ് തീരുമാനിക്കുകയായിരുന്നു.
ചുമതലയിൽ നിന്ന് നീക്കി
പി.എച്ച്.സിയിലെ വാക്‌സിനേഷന്റെ ചുമതലയിൽ നിന്ന് ഡോ.ദിവ്യ ജോർജിനെ നീക്കി. ജൂനിയർ ഡോക്ടറായ ടോണിയ്ക്കാണിപ്പോൾ വാക്‌സിനേഷൻ
ചുമതല. യുവതിക്ക് കൊവിഡാണന്ന് പേരെടുത്ത് പറഞ്ഞ് സമൂഹമാധ്യമത്തിൽ സന്ദേശമയച്ച തൊഴിലുറപ്പ് ഓവർസീയർ ജിൻസിക്കെതിരെ പാലാ
പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് മൊഴിയെടുക്കുമെന്ന് പാലാ എസ്.എച്ച്.ഒ കെ.പി തോംസൺ അറിയിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട ആശാപ്രവർത്തക സോണിയായ്‌ക്കെതിരെയും ജില്ലാ പ്രോജക്ട് മാനേജരുടെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.