പാലാ : രാമപുരം കോട്ടമലയിൽ 3 പാറമടകളുടെ ഖനന കാലാവധി നീട്ടിനൽകുന്നതിനായി റവന്യൂ രേഖകൾ തിരുത്താൻ ഉദ്യോഗസ്ഥതല ശ്രമങ്ങൾ നടക്കുന്നതായി കോട്ടമല സംരക്ഷണ സമിതി ആരോപിച്ചു. കയ്യാലയ്ക്കകം കുടുംബത്തിന്റെ കൈവശത്തിലിരുന്ന 184.5 ഏക്കർ സ്ഥലത്ത് നടന്ന താലൂക്ക് ലാന്റ് ബോർഡ് കേസുകളെ തുടർന്ന് 69 ഏക്കർ മിച്ചഭൂമി സർക്കാർ പിടിച്ചെടുത്തിരുന്നു. ഈ ഭൂമിയിലാണ് 3 പാറമടകൾക്കു വേണ്ടി ലീസ് നൽകിയിട്ടുള്ളത്. അതിര് തിരിക്കാതെ കിടക്കുന്ന ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ നടത്തി കൈവശപ്പെടുത്താനുള്ള നീക്കമാണ് പറമട ലോബി നടത്തുന്നതെന്ന് സംരക്ഷണി സമിതി ആരോപിച്ചു. അതേസമയം കോട്ടമല വിഷയത്തിൽ നാട്ടുകാർക്ക് പിന്തുണയുമായി മാണി സി.കാപ്പൻ എം.എൽ.എ രംഗത്തെത്തി. താൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടാൽ പാലാ മണ്ഡലത്തിൽ പരിസ്ഥിതിക്ക് ദോഷമാകുന്ന ഒരു പദ്ധതിക്കും കൂട്ടുനിൽക്കില്ലെന്നു മാണി സി.കാപ്പൻ വ്യക്തമാക്കിയിരുന്നു.