മാഗി മസാല നൂഡിൽസ്
ചേരുവകൾ
മാഗി നൂഡിൽസ്..........കാൽകപ്പ്
തക്കാളി.........കാൽകപ്പ്
ഉരുളക്കിഴങ്ങ്...........ഒന്ന് (പുഴുങ്ങി തൊലികളഞ്ഞ് ചെറുതായി ക്യൂബുകളായി അരിഞ്ഞത്)
പച്ചമുളക്.........രണ്ടെണ്ണം (ചെറുതായരിഞ്ഞത്)
മല്ലിയില..........2 ടേ.സ്പൂൺ (ചെറുതായരിഞ്ഞത്)
നാരങ്ങാനീര്............ഒരു ടേ.സ്പൂൺ
തക്കാളികെച്ചപ്പ്.......2 ടേ.സ്പൂൺ
വറുത്ത കപ്പലണ്ടി............3 ടേ.സ്പൂൺ
മുളകുപൊടി..............അര ടീ.സ്പൂൺ
ചാട്ട് മസാല............1 ടീ.സ്പൂൺ
ഉപ്പ്..............പാകത്തിന്
തയ്യാറാക്കുന്നവിധം
ഒരുപാൻ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതിൽ മാഗി നൂഡിൽസ് ഒടിച്ച് ചെറുകഷണങ്ങളാക്കി ഇടുക. മാഗി നൂഡിൽസ് ഒരു സിബ് ലോക്ക് കവറിലിട്ട് ഒരു റോളർ കൊണ്ട് ഉരുട്ടിയാൽ ചെറുകഷണങ്ങളാക്കാം. 7-8 മിനിറ്റോളം ഇത് വറുക്കുക. ഇളം ബ്രൗൺ നിറം നൂഡിൽസിൽ കണ്ടാൽ വാങ്ങി ആറാൻ വയ്ക്കുക. ഒരു ബൗളിൽ മാഗിക്ക് ഒപ്പം ലഭിക്കുന്ന ടേസ്റ്റ് മേക്കർ ഇടുക. ഇതിന് മീതെ തക്കാളി കെച്ചപ്പ് ഒഴിക്കുക. നന്നായിളക്കുക. സവാള, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചെറുതായരിഞ്ഞതിടുക. പച്ചമുളകും മല്ലിയിലയും അരിഞ്ഞതും വറുത്ത കപ്പലണ്ടിയും ചേർക്കാം. ഇനി ഉപ്പ്, മുളകുപൊടി, ചാട്ട് മസാല എന്നിവ കൂടി ചേർക്കുക. എല്ലാം കൂടി നന്നായി ഇളക്കിയ ശേഷം വറുത്ത് വച്ച് നൂഡിൽസിടുക. നൂഡിൽസ് ഉടയാത്തവിധം നന്നായിളക്കുക. നാരങ്ങാനീര് ഒഴിച്ച് പതിയെ നന്നായിളക്കുക. ഉടൻ വിളമ്പിയാൽ നൂഡിൽസ് കരുകരുപ്പോടെ തന്നെ കഴിക്കാം.
ബ്രഡ് - കർഡ് ചാട്ട്
ചേരുവകൾ
ഗോതമ്പുറൊട്ടി..........രണ്ടെണ്ണം
മല്ലിയില ചട്ണി..........ഒരു ടേ.സ്പൂൺ
സ്വീറ്റ് ചട്ണി.............ഒരു ടേ.സ്പൂൺ
സേവ്..........3 ടേ.സ്പൂൺ
സവാള ചെറുതായരിഞ്ഞത്..........2 ടേ.സ്പൂൺ
മല്ലിയില...........2 ടേ.സ്പൂൺ
ചെറുപയറ്..........കാൽ കപ്പ്
തൈര്............അരകപ്പ്
തയ്യാറാക്കുന്നവിധം
പച്ചപ്പയറ് അര മണിക്കൂറോളം കുതിർക്കുക. ഇനിയിത് അരിച്ചുവാരി പ്രഷർകുക്കറിൽ ഇട്ട് പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ച് മയമാക്കുക. റൊട്ടി ടോസ്റ്റ് ചെയ്ത് ഓരോന്നും നാല് കഷണങ്ങളായി മുറിക്കുക. ഇവ ഒരു പ്ളേറ്റിൽ നിരത്തുക. മീതെയായി പയറ് വേവിച്ചത്. ഈന്തപ്പഴ ചട്ണി (മധുരചട്ണി), മല്ലിയില ചട്ണി എന്നിവ വിളമ്പുക. മീതെ തൈര് ഒഴിക്കുക. സവാള അരിഞ്ഞത് മീതെയായി വിതറുക. ഇവയ്ക്കൊക്കെ മുകളിലായി സേവും മല്ലിയിലയും വിതറി ചാട്ട് അലങ്കരിച്ച് വിളമ്പുക.
നാച്ചോസ്
ചേരുവകൾ
കോൺഫ്ലോർ........ഒരുകപ്പ്
മൈദ.....5 ടേ.സ്പൂൺ + പരത്താൻ
എണ്ണ........2 ടീ.സ്പൂൺ + വറുക്കാൻ
ഓമം...........കാൽ ടീ.സ്പൂൺ
ഉപ്പ് ..............പാകത്തിന്
തയ്യാറാക്കുന്നവിധം
വറുക്കാനുള്ള എണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു ബൗളിൽ എടുത്ത് പാകത്തിന് വെള്ളം ചേർത്തിളക്കി കുഴച്ച് മയമുള്ള മാവാക്കി വയ്ക്കുക. ഇത് മൂന്ന് സമഭാഗങ്ങളാക്കുക. ഇതിൽ ഒരു പങ്കെടുത്ത് മൈദ വിതറി പത്തിഞ്ച് വ്യാസമുള്ള വൃത്തമായി പരത്തുക. ഇതിൽ ഒരു ഫോർക്ക് കൊണ്ട് അവിടവിടെ കുത്തുക. ഇത് ഒരേ വലിപ്പമുള്ള 16 ത്രികോണങ്ങളാക്കി മുറിക്കുക. ചൂടെണ്ണയിൽ ഇട്ട് വറുത്ത് കോരുക. എണ്ണമയം തീർക്കാനായി ഒരു പേപ്പർ ടവലിൽ നിരത്തുക. ആറിയതിനുശേഷം വായു കടക്കാത്ത ഉണങ്ങിയ വൃത്തിയുള്ള ഒരു ടിന്നിലാക്കി അടച്ച് സൂക്ഷിക്കുക.
മസാലപാവ്
ചേരുവകൾ
സവാള ചെറുതായരിഞ്ഞത്.........1/3 കപ്പ്
തക്കാളി.........ഒരുകപ്പ്
കാപ്സികം.........അരക്കപ്പ്
വെളുത്തുള്ളി..............മൂന്ന് അല്ലി, (ചതച്ചത്)
പച്ചമുളക്............ഒന്ന് - രണ്ട് എണ്ണം (ചതച്ചത്)
ഇഞ്ചി..........അര ഇഞ്ച് നീളം (ചതച്ചത്)
ജീരകം, മുളകുപൊടി.......അര ടീ.സ്പൂൺ വീതം
പാവ് ബജി മസാല...........3- 4 ടീ.സ്പൂൺ
ഉപ്പ്............പാകത്തിന്
വെള്ളം..........1/3 കപ്പ്
മഞ്ഞൾപ്പൊടി............കാൽ ടീ.സ്പൂൺ
പാവ്...............4-5 എണ്ണം (പകുതിയായി മുറിച്ചത്)
അലങ്കരിക്കാൻ
സവാള.............ഒന്ന് ചെറുത് (പൊടിയായരിഞ്ഞത്)
നാരങ്ങാ..........ഒന്ന്
മല്ലിയില...........2 ടേ.സ്പൂൺ
തയ്യാറാക്കുന്നവിധം
ഒരു ഫ്രയിംഗ്പാൻ ചൂടാക്കി അതിൽ 2 ടേ.സ്പൂൺ ബട്ടറിട്ട് ഉരുക്കുക. ജീരകമിട്ട് വറുക്കുക. പൊട്ടുമ്പോൾ ഇഞ്ചി - വെളുത്തുള്ളി പച്ചമുളക് അരപ്പുകൾ ചേർക്കുക. റവയുടെ പച്ചമണം മാറും വരെ വഴറ്റുക. സവാള സുതാര്യമായാൽ തക്കാളി അരിഞ്ഞതിട്ട് 3 -4 മിനിട്ട് വഴറ്റുക. മഞ്ഞൾ, മുളകുപൊടി,പാവ് ഭജി മസാല എന്നിവയും ചേർക്കാം. മസാലകൾ നന്നായി ഇളക്കിയശേഷം സവാള - തക്കാളി മിശ്രിതം ചേർക്കാം. കാപ്സികം ചേർത്ത് 2 മിനിട്ട് വഴറ്റുക. ഉപ്പിട്ടിളക്കിയ ശേഷം 1/3 കപ്പം വെള്ളം ഒഴിക്കുക. ചെറുതീയിൽ വച്ച് എല്ലാം വേവിക്കുക. ചെറുതീയിലിരുന്ന് എല്ലാം കുറച്ചൊന്ന് വറ്റുമ്പോൾ പാനിന്റെ ഒരു വശത്തേക്ക് മാറ്റിവയ്ക്കുക.
ഇനി മസാല പാവ് തയ്യാറാക്കാം
ഒരു പാനിൽ ബട്ടറിട്ട് ചൂടാക്കുക. പാവ് കഷണങ്ങൾ അതിൽ നിരത്തി ടോസ്റ്റ് ചെയ്യുക. ഇരുവശവും ടോസ്റ്റ് ചെയ്തെടുക്കുക. വിളമ്പാനുള്ള പ്ലേറ്റിൽ ഇവ വയ്ക്കുക. സവാള അരിഞ്ഞതും മല്ലിയില അരിഞ്ഞതും നാരങ്ങാകഷണങ്ങളും ഇട്ടലങ്കരിക്കുക. നാരങ്ങാനീര് തുള്ളിയായി ഇതിന് മീതെ വീഴ്ത്തി ചൂടോടെ വിളമ്പാം.