ജീവിതത്തിലെ ജയപരാജയങ്ങളെ നിർണ്ണയിക്കുന്ന അനേകം ഘടകങ്ങളുണ്ട്. എന്നാൽ വിജയത്തിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ആ വ്യക്തിയുടെ മാനസിക ഘടനയാണ്. പരാജയങ്ങളുടെയും പ്രതിബന്ധങ്ങളുടെയും മുന്നിൽ തളർന്ന് ആത്മവിശ്വാസവും ആത്മഗൗരവവും നഷ്ടപ്പെടുന്നവർക്കുള്ളതല്ല വിജയത്തിന്റെ ഉത്സവം. പ്രതിസന്ധികളും തിരിച്ചടികളുമുണ്ടാവുമ്പോൾ ലക്ഷ്യം മറക്കാതെ വീണ്ടും വീണ്ടും പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകാനുള്ള മനോനില ഉള്ളവർക്ക് വിജയം സുനിശ്ചിതം.
തോൽക്കാൻ എനിക്ക് മനസില്ല എന്ന ഒരു നിലപാടുമായി ജീവിതത്തെ നേരിട്ടവർ ഒക്കെ വിജയിച്ചിട്ടുണ്ട്. അവരുടെ ദയനീയമായ ജീവിതസാഹചര്യങ്ങൾ ആ വിജയധ്വജം നാട്ടാൻ തടസമായിട്ടില്ല. ഗോവിന്ദ് ജയ്സ്വാളിന്റെ കഥ തന്നെയെടുക്കൂ. 2006 ലെ ഐ.എ.എസ്, ആദ്യ ശ്രമത്തിൽ തന്നെ 48-ാം റാങ്കിൽ പാസായ മിടുമിടുക്കനാണ് ഗോവിന്ദ് ജയ്സ്വാൾ. അതിലിപ്പോൾഎന്താണ് പ്രാധാന്യം എന്നാവും ചോദ്യം. പ്രാധാന്യമുണ്ട്. കാരണം അതിദയനീയമായ ജീവിതപശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഗോവിന്ദ് ഈ അധികാരത്തിന്റെ പരീക്ഷ എഴുതിയെടുത്തത്.
ഇരുപത്തിനാല് വയസുള്ള ഈ ചെറുപ്പക്കാരൻ വാരണാസിയിലെ ഒരു റിക്ഷാക്കാരന്റെ മകനാണ് എന്നതിനാണ് പ്രാധാന്യം. പ്രാഥമിക സൗകര്യങ്ങൾപോലും ഇല്ലാത്ത പാവങ്ങൾ അധിവസിക്കുന്ന തെരുവിലെ കുടിലിലാണ് ജയ്സ്വാൾ തന്റെ ഐ.എ.എസ് സ്വപ്നം പൊലിപ്പിച്ചെടുത്തത്. തൊട്ടടുത്ത ഫാക്ടറികളിൽ നിന്നുള്ള കർണകഠോരമായ ശബ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ ചെവിയിൽ കോട്ടൺ തിരുകിയാണ് ജയ്സ്വാൾ പഠനം നടത്തിയത്. രോഗിയും ക്ഷീണിതനുമായ അച്ഛൻ സൈക്കിൾറിക്ഷ ഉന്തി കിട്ടുന്ന ചില്ലിക്കാശുകൊണ്ടാണ് തന്റെ ഉടലും ഉയിരും നിലനിൽക്കുന്നത് എന്ന അവബോധം ആ യുവാവിന് ഉണ്ടായിരുന്നു. പക്ഷേ ഐ.എ.എസ് പോലുള്ള വലിയ പരീക്ഷയ്ക്ക് വെറും പുസ്തകവായന മാത്രം പോരെന്നും പ്രൊഫഷണലായി പരിശീലനം നൽകുന്ന സ്ഥാപനത്തിൽ ചേരണമെന്നും അയാൾക്ക് അറിയാമായിരുന്നു. അത്തരം പ്രമുഖസ്ഥാപനങ്ങൾ ഉള്ളത് ഡൽഹിയിലാണ്. പക്ഷേ അവശനായ അച്ഛനോട് ഇക്കാര്യം എങ്ങനെ പറയും. പറഞ്ഞാൽ തന്നെ അദ്ദേഹത്തിന് എന്തു ചെയ്യാൻ കഴിയും.
എന്നാൽ മകന്റെ ആഗ്രഹം അച്ഛൻ എങ്ങനെയോ മനസിലാക്കി. ആകെയുണ്ടായിരുന്ന തുണ്ടുഭൂമി വിറ്റുകിട്ടിയ നാല്പതിനായിരം രൂപ മകന്റെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു: എന്റെ കൈയിൽ ഇത്രയേ ഉള്ളൂ മോനേ, പക്ഷേ നീ ഡൽഹിയിൽ പോയി പഠിക്കണം.
നിറകണ്ണുകളോടെ അച്ഛനെ കെട്ടിപ്പിടിച്ച അയാൾ നിശ്ചയദാർഢ്യത്തോടെ കഠിനാദ്ധ്വാനത്തിനുള്ള തയ്യാറെടുപ്പോടെ ഡൽഹിയിലേക്ക് പോയി. അങ്ങനെ ആ ചെറുപ്പക്കാരൻ കഠിനാദ്ധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മനഃക്കരുത്തിന്റെയും ആൾരൂപമായി മാറി. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ റിക്ഷ വലിച്ച് അവശനായ ആ മെല്ലിച്ച രൂപത്തെയും അദ്ദേഹത്തിന്റെ കണ്ണുകളിൽ തന്നെക്കുറിച്ചുള്ള പ്രതീക്ഷയും അയാൾ കണ്ടു.
അങ്ങനെ ആ ദിവസം വന്നുചേർന്നു. പത്രങ്ങളൊക്കെ 48-ാം റാങ്കുകാരനായ ആ ചെറുപ്പക്കാരനെ വാഴ്ത്തിപ്പാടി. അച്ഛന്റെ കൈയിലേക്ക് ആ കടലാസ് കൊടുക്കുമ്പോൾ ഉതിർന്നുവീണ സന്തോഷകണ്ണുനീർ കണ്ടപ്പോൾ തന്റെ ജന്മം സഫലമായതായി ഗോവിന്ദ് ജയ്സ്വാളിന് തോന്നി. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന ചെറുപ്പക്കാർക്ക് വലിയ പ്രചോദനമാണ് ജയ്സ്വാളിന്റെ വിജയം. അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് തമിഴ്നാട്ടുകാരനായ ജയഗണേഷിന്റെ വിജയകഥയും.
ആറുതവണ ഐ.എ.എസ് പരീക്ഷ എഴുതിയിട്ടും തോറ്റുപോയ ജയഗണേഷ് വർദ്ധിതവീര്യത്തോടെ ഏഴാം തവണയും പരീക്ഷ എഴുതുകയും 156-ാം റാങ്കോടെ വിജയിക്കുകയും ചെയ്തു. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ജയഗണേഷിന്റെ അച്ഛൻ കേവലം 4500 രൂപ മാസവേതനമുള്ള ഒരു ഫാക്ടറി തൊഴിലാളിയായിരുന്നു. എന്നിട്ടും വാശിയോടെ പഠിച്ച് പത്താംക്ലാസും പോളിടെക്നിക് ഡിപ്ലോമയും നല്ല മാർക്കോടെ പാസായ ജയഗണേഷിന് എൻജിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ചെലവിനായി ചെറിയ ജോലികൾ ചെയ്യേണ്ടിവന്നു.
ഇതിനിടെ ഐ.എ.എസ് മോഹം കടന്നുകയറിയ മനസിനെ ബലിപ്പെടുത്തി കൊണ്ട് അയാൾ ഓരോ തവണ പരീക്ഷയ്ക്ക് തോൽക്കുമ്പോഴും വീണ്ടും വീണ്ടും ശക്തിസംഭരിച്ച് മുന്നോട്ട് പോയി. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ ഇങ്ങനെ പലഘട്ടങ്ങളിലൂടെയുള്ള പരീക്ഷണങ്ങളിൽ പലതവണ പരാജയപ്പെട്ടു. അയാൾ നിരാശനായില്ല. വിട്ടുകൊടുക്കില്ലെന്ന വാശിയോടെ, തോറ്റുകൊടുക്കില്ലെന്ന മനസോടെ അയാൾ ആ പരീക്ഷക്കുതിരയെ പിടിച്ചുകെട്ടുക തന്നെചെയ്തു. വിജയത്തിന്റെ പാത മുള്ളുകളും ശിലാഖണ്ഡങ്ങളും ചതുപ്പുനിലങ്ങളും നിറഞ്ഞതായിരിക്കാം, പക്ഷേ വസന്തത്തിന്റെ അലങ്കാരങ്ങൾ ഉള്ള പൂമരങ്ങൾ എവിടെയോ നിങ്ങൾക്കുവേണ്ടി സുഗന്ധം പരത്തുന്നുണ്ട്. തേടിപ്പോവുക! തേടിപ്പിടിക്കുക!