coin-tree

പണം കായ്ക്കുന്ന മരം എന്ന് കേൾക്കുമ്പോൾ അതിശയമാകും തോന്നുക,​ സ്വാഭാവികം. യു.കെയിലാണ് മരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന നാണയത്തുട്ടുകൾ കാണാൻ കഴിയുന്നത്. ആഗ്രഹസാഫല്യത്തിനായി നാണയങ്ങൾ മരങ്ങളിൽ പതിപ്പിച്ചു വയ്ക്കുന്നത് അവിടുത്തുകാരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണിത്. നാണയമരങ്ങളുടെ മുമ്പിൽ നിന്ന് സെൽഫിയെടുക്കാതെ ഇവിടെയെത്തുന്ന യാത്രക്കാർ മടങ്ങാറില്ല.

തങ്ങൾ ആരാധിക്കുന്ന ആത്മാവിനോ ദൈവത്തിനോ നേർച്ചയായി നാണയം സമർപ്പിച്ചാൽ ഏതൊരാഗ്രഹവും സാധിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ചുറ്റിക ഉപയോഗിച്ചാണ് മരങ്ങളിൽ നാണയം പതിപ്പിക്കുന്നത്. ഇങ്ങനെ ലക്ഷക്കണക്കിന് നാണയങ്ങൾ പതിപ്പിച്ച നൂറുകണക്കിന് മരങ്ങൾ യു.കെയിൽ കാണാൻ കഴിയും.

യു.കെയിലെ നോർത്ത് യോക്ക്ഷെയറിലെ കാടുകളിലാണ് നാണയ മരങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഈ മരങ്ങളിൽ നാണയങ്ങൾ പതിപ്പിച്ചാൽ ഏതു കടുത്ത രോഗത്തിനും ശമനം ലഭിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

സ്‌കോട്ട്ലൻഡിലെ ഐൽ മാരിയിലെ വിശുദ്ധ മെയ്ൽറൂബയുടെ അവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്ന പ്രദേശത്തുള്ള നാണയമരം ഏറെ പ്രസിദ്ധമാണ്. 1828 കാലഘട്ടത്തിൽ നി‌ർമ്മിച്ച ഒരു നാണയം ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കാര്യസിദ്ധിക്കായി 1877ൽ വിക്ടോറിയ രാജ്ഞിയും ഈ മരത്തിൽ നാണയം സമർപ്പിച്ചതായി പറയപ്പെടുന്നു.

നാണയങ്ങൾ പതിപ്പിക്കുന്ന മരങ്ങളിൽ പലതും കാലക്രമേണ നശിച്ചു പോയിട്ടുണ്ട്. ഇത്തരത്തിൽ ലോഹങ്ങൾ പതിക്കുന്നത് മരങ്ങൾക്ക് ദോഷമാണ്. നാണയത്തുട്ടുകൾ പതിച്ച് നശിക്കാറായി നിൽക്കുന്ന നിരവധി മരങ്ങൾ ഇന്നും ഈ പ്രദേശങ്ങളിൽ കാണാം. ആഗ്രഹസാഫല്യത്തിനായി ഇന്നും ആളുകൾ മരങ്ങളിൽ നാണയങ്ങൾ പതിപ്പിക്കാറുണ്ട്.