നാട്ടിലെ കുളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ആമ്പൽപ്പൂക്കൾ ഇപ്പോൾ വീടിന് മുന്നിലെ പൂന്തോട്ടത്തിലെ ഒരലങ്കാരമാണ്. വെള്ളത്തിൽ വളരുന്ന ഈ ഉദ്യാന സസ്യത്തിൽ ചുവപ്പ്, വെള്ള, റോസ്, പിങ്ക്, നീല എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പൂക്കൾ തരുന്ന നിരവധി ഇനങ്ങളുണ്ട്. നിംഫേസിയേസേ കുടുംബത്തിൽപ്പെട്ട ആമ്പൽ നിംഫിയ ജെനുസിൽപ്പെടുന്നു.
സാധാരണ ആമ്പൽ 2-3 അടി വരെ ആഴമുള്ള വെള്ളത്തിൽ വളരുന്നവയാണ്. എന്നാൽ മിനിയേച്ചർ ഇനങ്ങൾക്ക് 30 സെ.മീവെള്ളം മതിയാകും. നിംഫിയ ലോട്ടസിന്റെ പൂക്കൾ വലുതും വെളുപ്പും നിറമുള്ളതാണ്. നിംഫിയ പ്യൂബിസെൻസിന്റേത് ചെറിയ പൂക്കളാണ്. സങ്കരയിനങ്ങളുമുണ്ട്. കേരളത്തിൽ കണ്ടുവരുന്ന ഇനങ്ങൾ കടും ചുവപ്പ് നിറത്തിലുള്ള റെഡ് വാട്ടർ ലില്ലി, വെളുത്തപൂക്കൾ ഉണ്ടാകുന്ന യൂറോപ്യൻ വൈറ്റ് വാട്ടർ ലില്ലി, ലോട്ടസ് ഒഫ് ഈജിപ്റ്റിക്കം, നീല പൂക്കൾ തരുന്ന ബ്ളൂ വാട്ടർ ലില്ലി, ജയന്റ് വാട്ടർ ലില്ലി എന്നിവയാണ്.
കിഴങ്ങുവഴിയാണ് വംശവർദ്ധനവ്. പൂക്കളുടെ ലോകത്ത് ആമ്പൽപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. വീട്ടുമുറ്റത്തു മാത്രമല്ല പാർക്കുകളിലും വൻകിട ഹോട്ടലുകളിലും വിദ്യാലയങ്ങളിലും ഒക്കെ ആമ്പൽക്കുളം ഇന്ന് സർവസാധാരണമായിക്കഴിഞ്ഞു.