സിനിമയിലൂടെയാണ് തുടങ്ങിയതെങ്കിലും വരദയെ മലയാളികൾ ഹൃദയത്തിലേറ്റിയത് സീരിയലുകളിലൂടെയായിരുന്നു. ദുഃഖപുത്രിയായും വില്ലത്തിയായുമൊക്കെ പലതരത്തിലുമുള്ള വേഷപ്പകർച്ചകൾ, ഇടയ്‌ക്കെല്ലാം ബോധപൂർവമായ ഇടവേളകളും. വരദയുടെ അഭിനയ ജീവിതത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇപ്പോഴിതാ വീണ്ടുമൊരു ഇടവേളയ്‌ക്ക് ശേഷം മലയാളികൾക്ക് മുന്നിൽ കരുത്തുറ്റ മറ്റൊരു കഥാപാത്രവുമായി തിരിച്ചെത്തിയിരിക്കുകയാണ് താരം. വിശേഷങ്ങളിലേക്ക്...
'ഇതുവരെ ചെയ്യാത്ത വേഷമാണ് മൂടൽമഞ്ഞിലേത്. റേഡിയോ ജോക്കിയാണ് ഇതിലെ കഥാപാത്രം. അത്യാവശ്യം ബോൾഡായിട്ടുള്ള ആളാണ് ശ്യാമ. പുതുമയുള്ളതു കൊണ്ടുതന്നെ നന്നായി എൻജോയ് ചെയ്‌ത് അഭിനയിക്കാൻ പറ്റുന്നുണ്ട്. പിന്നെ കൂടെയുള്ളവരിലധികവും പുതിയ ആൾക്കാരാണ്. ഇതേപേരിലുള്ള നോവലിനെ സീരിയലാക്കിയതാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന സംഭവവും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് കാണിക്കുന്നത്. എനിക്കുതോന്നുന്നു ഒരു പെൺകുട്ടിയുടെ എല്ലാതരത്തിലുമുള്ള ഇമോഷൻസും ശ്യാമയിലൂടെ കാണിക്കാൻ പറ്റുന്നുണ്ടെന്ന്.
കഥാപാത്രമാകാൻ വലിയ ഒരുക്കങ്ങളൊന്നും നടത്താനുള്ള സമയമുണ്ടായിരുന്നില്ല. ആദ്യം ഇങ്ങനെയൊരു കഥ പറഞ്ഞ് അസോസിയേറ്റ് വിളിച്ചിരുന്നു. കഥ കേട്ടപ്പോൾ എനിക്കും ഇഷ്‌ടമായി, അങ്ങനെ ഓക്കെ പറഞ്ഞു. പക്ഷേ പിന്നീട് അതിനെ പറ്റി ഒന്നും അറിഞ്ഞില്ല. അപ്പോൾ ഞാൻ കരുതി അത് കൈവിട്ട് പോയെന്ന്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം വിളിച്ചിട്ട് തുടങ്ങുകയല്ലേയെന്ന് ചോദിച്ചു. പോയെന്ന് കരുതിയതാണ്, വീണ്ടും വന്നപ്പോൾ നല്ല സന്തോഷം തോന്നി. പിന്നെ എനിക്കൊന്നിനും സമയം കിട്ടിയില്ലെന്നതാണ് സത്യം. ആകെയൊരു ഓട്ടമായിരുന്നു. ജനുവരിയിലാണ് ഷൂട്ട് തുടങ്ങിയത്. അതിനിടയിൽ തയ്യാറെടുപ്പിനൊന്നും സമയമുണ്ടായിരുന്നില്ല. പിന്നെ, സിനിമ പോലെയല്ലല്ലോ സീരിയൽ. കഥാപാത്രമാകാൻ കുറച്ചുകൂടെ സമയം കിട്ടും. അതൊരു പ്ലസാണ്.
"നെഗറ്റീവിൽ നിന്ന് അകലം പാലിച്ചു
ചെറിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും സീരിയൽ ചെയ്യുന്നത്. 'ഇളയവൾ ഗായത്രി " യിലെ നെഗറ്റീവ് വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് വന്നതെല്ലാം നെഗറ്റീവ് വേഷമായിരുന്നു. അങ്ങനെയാണ് ഗ്യാപ്പെടുത്തത്. നെഗറ്റീവ് വേഷം ചെയ്യാൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല. സീരിയലിലെ കഥയ്‌ക്കനുസരിച്ചുള്ള മാറ്റങ്ങൾ വരുന്നത് അംഗീകരിച്ചാണ് ആ വേഷം ചെയ്‌തത്. പക്ഷേ പിന്നെയും നെഗറ്റീവ് വേഷങ്ങൾ തന്നെ വന്നതോടെ ബോധപൂർവം ഇതിൽ നിന്നെല്ലാം മാറി നിന്നതാണ്. സമയമെടുത്തിട്ടാണെങ്കിലും നല്ല വേഷമേ ചെയ്യുന്നുള്ളൂവെന്ന് തീരുമാനിച്ചിരുന്നു. എങ്കിലും കുറേ ഷോകളൊക്കെ ചെയ്‌ത് ലൈവ് ആയി തന്നെ നിന്നു. സൂര്യ ടി.വിയിൽ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ " എന്നൊരു ഷോ ചെയ്‌തിരുന്നു. അത് കഴിഞ്ഞപ്പോഴേക്കും ആദ്യത്തെ ലോക്ഡൗൺ വന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ പറ്റിയെന്നതാണ് ആ സമയത്തെ സന്തോഷം. ആദ്യമായിട്ടാണ് ഇത്രയും നാൾ മകനൊപ്പം ചെലവഴിച്ചത്. ആ സന്തോഷമുണ്ട്. ഇത്തവണത്തെ ലോക്ഡൗണിൽ ഷൂട്ടിംഗ് ശരിക്കും മിസ് ചെയ്തിരുന്നു. എന്നാലും അപ്രതീക്ഷിത അവധിക്കാലത്തെ നന്നായി തന്നെ ആസ്വദിച്ചു. കുറേ വായിച്ചു, സിനിമകൾ കണ്ടു, എക്‌സർസൈസുകൾ ചെയ്തു. കഴിഞ്ഞ തവണയും അങ്ങനെയായിരുന്നു. ഇത്തവണ കൊല്ലത്ത് ഷൂട്ട് നടക്കുന്നതിനിടയിലായിരുന്നു ലോക്ഡൗൺ വന്നത്. ലൊക്കേഷനിൽ സജീവമായി നിന്നതു കൊണ്ടു തന്നെ പെട്ടെന്നുള്ള ഈ വെറുതെയിരിപ്പ് കുറച്ച് ബോറിംഗ് തന്നെയാണ്. അടങ്ങിയൊതുങ്ങിയിരിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയല്ലേ. പ്രത്യേകിച്ച് ചെറിയ മകനുമുണ്ട്. അതുകൊണ്ട് വീട്ടിൽ തന്നെ അടങ്ങിയിരിക്കുകയാണ്.
വീട്ടിൽ മാത്രമാണ് ഭാര്യഭർത്താക്കന്മാർ
രണ്ടുപേരും ഒരേ മേഖലയിൽ നിന്നുള്ളവരായതു കൊണ്ട് പരസ്‌പരം മനസിലാക്കാൻ കുറച്ചൂടെ എളുപ്പമാണെന്ന് തോന്നുന്നു. വൈകിയുള്ള ഷൂട്ട്, യാത്രകൾ, വീട് മാറി നിൽക്കേണ്ടി വരികയൊക്കെ അവർക്ക് മനസിലാകും. പിന്നെ കണ്ടുമുട്ടലുകൾ കുറവാകും. കാരണം എന്റെ ഷെഡ്യൂൾ കഴിയുമ്പോഴേക്കാകും ജിഷിന്റേത് തുടങ്ങുക. അങ്ങനെ വരുമ്പോൾ അധികം ഒന്നിച്ചുണ്ടാകില്ല. ജിഷിൻ ഇപ്പോൾ കൈരളിയിൽ ഒരു ഷോ ചെയ്യുന്നുണ്ട്. സൂര്യയിൽ വർണ്ണപ്പകിട്ട് എന്നൊരു സീരിയലും ചെയ്‌തു, പിന്നെ പുതിയൊരു പ്രോജക്‌ട് കൂടി വരുന്നുണ്ട്. മാസത്തിൽ അഞ്ച് ദിവസമൊക്കെയാണ് ഞങ്ങൾക്ക് ഒന്നിച്ച് കിട്ടുക. പിന്നെ, വിദേശത്തൊന്നും അല്ലല്ലോ എന്നതാണ് ആശ്വാസം. കക്ഷിക്കാണ് ആകെ ബോറടിക്കുക. ഞാൻ ഷൂട്ടിന് പോകുമ്പോൾ മോനെ നോക്കാൻ പുള്ളിക്ക് ഒറ്റയ്‌ക്ക് പറ്റില്ല. അപ്പോഴെന്റെ വീട്ടിലാണ് ആക്കുക. പിന്നെ രണ്ടുവീട്ടിലും മാറിമാറിയാണ് ജിഷിൻ നിൽക്കുക. സീരിയലുകൾ ഒരുമിച്ച് അഭിനയിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഷോകൾ ഒരുമിച്ച് ചെയ്യും. അതാകുമ്പോൾ ചെറിയ പ്രോഗ്രാംസ് ആയിരിക്കുമല്ലോ. വർഷങ്ങൾ നീണ്ടുപോകുന്ന പരിപാടിയല്ലേ സീരിയലുകൾ. അതുകൊണ്ട് തന്നെ രണ്ടുപേരും കൂടി ഒന്നിച്ച് വേണ്ടയെന്നാണ് തീരുമാനം. അതാകുമ്പോൾ പ്രേക്ഷകർക്കും ബോറടിക്കില്ല, ഞങ്ങൾക്കും ബോറടിക്കില്ല. പരസ്‌പര ബഹുമാനത്തോടെ ഇടപെടുന്ന രണ്ട് ആർട്ടിസ്റ്റുകളാണ് ഞങ്ങൾ. വീട്ടിൽ മാത്രമേ ഭാര്യാഭർതൃ ബന്ധമുള്ളൂ. ഷോയിലൊക്കെ വരുമ്പോൾ ജിഷിൻ എവിടെയെന്നൊക്കെ ചോദിക്കും. അപ്പോൾ ഞാൻ പറയും ഞാനൊരു ആർട്ടിസ്റ്റ്, പുള്ളിയൊരു ആർട്ടിസ്റ്റ്. ഇവിടെ ആ ബന്ധമേയുള്ളൂവെന്നും പറയും. രണ്ടുപേരും ആർട്ടിസ്റ്റുകളായതു കൊണ്ട് പരസ്‌പരം വിലയിരുത്തലൊക്കെയുണ്ട്. ഒരാളിന്റെ പെർഫോമൻസ് കണ്ട് ഇഷ്‌ടപ്പെട്ടാൽ മറ്റേയാൾ അഭിനന്ദിക്കാറുണ്ട്. ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അത് കളിയാക്കാറുമുണ്ട്. വളരെ സത്യസന്ധമായ അഭിപ്രായങ്ങൾ പരസ്‌പരം പങ്കുവയ്‌ക്കും. ഞാൻ ചെയ്‌തത് ശരിയായില്ലെങ്കിലോ മേക്കപ്പ് പ്രശ്‌നമാണെങ്കിലോ തുറന്നുപറയാൻ ജിഷിന് ഒരു മടിയുമില്ല. അപ്പോൾ അടുത്ത എപ്പിസോഡ് വരുമ്പോൾ ഞാനത് ശ്രദ്ധിക്കും. തിരിച്ചും അങ്ങനെ തന്നെയാണ്.
അഭിപ്രായങ്ങൾ തുറന്നുപറയാനുള്ളത്
കാമറയോട് കടുത്ത ഇഷ്‌ടം തന്നെയാണ്. പക്ഷേ, വാരിവലിച്ച് പ്രോജക്‌ട് ചെയ്യുന്ന ആളല്ല ഞാൻ. ഒരു സമയം എനിക്കൊരു പ്രോജക്‌ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാനേ പറ്റൂ. മലയാളത്തിൽ നായികമാർക്ക് മറ്റു സീരിയലുകളിൽ അഭിനയിക്കുന്നതിന് പരിമിതിയുണ്ട്. പക്ഷേ, അന്യഭാഷയിൽ പോകുന്നതിൽ പ്രശ്‌നവുമില്ല. ഇവിടെ പല ആർട്ടിസ്റ്റുകളും അങ്ങനെ ചെയ്യാറുമുണ്ട്. എനിക്കത് പറ്റാറില്ല. ഓടി നടന്ന് വർക്ക് ചെയ്യാൻ താത്‌പര്യവുമില്ല. ജോലിക്കൊപ്പം തന്നെ ജീവിതവും ആസ്വദിക്കേണ്ടതല്ലേ. ഷൂട്ട് കഴിഞ്ഞുള്ള ബാക്കി സമയം കുടുംബത്തിനൊപ്പമുള്ള യാത്രകൾക്കാണ് കൂടുതലും മാറ്റി വയ്‌ക്കുന്നത്. ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുമ്പോൾ ഏറ്റവും കംഫർട്ടബിളിയാട്ടിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അതിനോട് വിയോജിപ്പ് അറിയിക്കാറുമുണ്ട്. അതുകൊണ്ട് പലർക്കും ഞാൻ അഹങ്കാരിയായിരിക്കും. അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയൊന്നുമില്ല. ജോലിയാണെങ്കിലും ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളുമൊക്കെ ഒരുപരിധി വരെയെങ്കിലും നോക്കണമല്ലോ. അത്രയും കംഫർട്ടബിളായ സെറ്റാണെങ്കിൽ മാത്രമേ ഞാൻ സംസാരിക്കാറുമുള്ളൂ. അല്ലെങ്കിൽ മിണ്ടാതെയിരിക്കാറാണ് പതിവ്. പലർക്കും ജാഡയാണെന്ന് തോന്നും. സത്യത്തിൽ എനിക്കതിന് പറ്റാത്തതാണ്.
ഒരുപാട് സ്വപ്‌നങ്ങളൊന്നുമില്ല
സിനിമയിൽ നിന്ന് സീരിയലിലേക്ക് വന്നയാളാണ് ഞാൻ. രണ്ടും എനിക്കിഷ്ടപ്പെട്ട മേഖലകൾ തന്നെയാണ്. അവസാനം ചെയ്‌ത സിനിമ അൽ മല്ലുവാണ് സിനിമയിൽ നിന്ന് പുതിയ ഓഫറുകളൊക്കെ വന്നെങ്കിലും ഒന്നും നടന്നില്ല. അപ്പോഴേക്കും ആദ്യത്തെ ലോക്ഡൗൺ വന്നു. കൊവിഡ് പ്രതിസന്ധിയിൽ എന്താണ് ഇനിയെന്നൊന്നും പറയാൻ പറ്റില്ല. ഒരുപാട് വലിയ സ്വപ്‌നങ്ങളൊന്നുമുള്ള ആളല്ല ഞാൻ. കാമറയോടുള്ള ഇഷ്‌ടം കൊണ്ട് ഈ ഫീൽഡിൽ തന്നെ നിൽക്കണമെന്നാണ് ആഗ്രഹം. അത് സിനിമയായാലും സീരിയലായാലും എനിക്ക് പ്രശ്‌നമില്ല. നല്ല വേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കാനും മടിയില്ല. പക്ഷേ, ചെയ്യുമ്പോൾ നൂറ് ശതമാനം ആത്മാർത്ഥതയോടെ തന്നെ ചെയ്യും. ചെയ്‌തതിൽ ഏറ്റവും പ്രിയപ്പെട്ടത് അമലയും പ്രണയത്തിലെ ലക്ഷ്‌മിയുമാണ്. അമല ദുഃഖപുത്രിയാണെിൽ ലക്ഷ്‌മി വളരെ മോഡേൺ ആയിട്ടുള്ള കുസൃതിയും കുറുമ്പുമൊക്കെയുള്ള കുട്ടിയാണ്. ഇന്നും എന്നും ഹൃദയത്തോട് ചേർത്ത് നിറുത്തുന്ന രണ്ട് വേഷങ്ങൾ തന്നെയായിരിക്കും ഇത് രണ്ടും. മകന് നാല് വയസായി. സ്‌കൂളിലേക്ക് പ്രവേശിച്ചുവെന്നതാണ് പുതിയ സന്തോഷം. പക്ഷേ, സ്‌കൂൾ ഇത് വരെ കാണാൻ കക്ഷിക്ക് കഴിഞ്ഞിട്ടില്ല. ഓൺലൈൻ പഠനമൊക്കെ കണക്കാ. ആള് ഹൈപ്പർ ആക്‌ടീവാണ്. അവന്റെ പിന്നാലെ നടക്കലാണ് ഇപ്പോഴത്തെ പരിപാടി. ചിലപ്പോൾ ആളിനെ ക്ലാസിനൊന്നും കിട്ടാറില്ല. ഇപ്പോൾ ലോക്ഡൗൺ ആയതോടെ അവനൊപ്പം നിൽക്കാൻ പറ്റിയത് വലിയൊരു ആശ്വാസമാണ്.