രാവിലെ നേരിട്ട് പ്രസ്സിലേക്കാണ് രാമഭദ്രൻ പോയത്. കർത്തായോട് വിശേഷങ്ങളറിയിക്കാതെ വീട്ടിലേക്ക് പോകാനാവില്ലല്ലോ. രാമഭദ്രനെത്തിയപ്പോൾ കർത്താ അവനെയും കാത്ത് പ്രസിൽത്തന്നെയുണ്ടായിരുന്നു.കണ്ടയുടനെ ചോദിച്ചു:
''വഴിയിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ലല്ലോ?""
ഒരു പ്രശ്നവുമുണ്ടായില്ലെന്ന് രാമഭദ്രൻ പറഞ്ഞു. യാത്രയുടെ വിശദവിവരങ്ങൾ മുഴുവൻ അവൻ അദ്ദേഹത്തിന് നല്കി .
''സത്യം പറഞ്ഞാൽ ഇപ്പോഴാണെനിക്ക് സമാധാനമായത്. രാമഭദ്രനെ ഈ ജോലിയേൽപ്പിക്കേണ്ടിയിരുന്നില്ലെന്ന് പലവട്ടം തോന്നി.""
''അതെന്താ?"
''ഇതിലല്പം റിസ്ക്കുണ്ടായിരുന്നു.രാമഭദ്രൻ ഇത്തരം കാര്യങ്ങൾ മുമ്പ് ചെയ്തിട്ടുമുണ്ടാവില്ല.""
കർത്താ പുറത്തേക്കു പോകാനൊരുങ്ങി.
''എനിക്കിപ്പോൾ അത്യാവശ്യമായി പുറത്തൊന്നു പോകണം. രാമഭദ്രന് ഞാൻ വന്നിട്ട് വീട്ടിൽ പോയാൽ പോരേ?""
''വേണ്ട. ഞാൻ വൈകുന്നേരം പതിവുസമയത്ത് പൊയ്ക്കൊള്ളാം.""
''അമ്മ കാത്തിരിക്കില്ലേ?""
''ഇല്ല. അത് പ്രശ്നമല്ല.പലപ്പോഴും ഞാൻ വീട്ടിൽ ചെല്ലാതിരുന്നിട്ടുണ്ട്. അമ്മയ്ക്കതറിയാം.""
കർത്താ പിന്നൊന്നും പറഞ്ഞില്ല. രാമഭദ്രൻ ജോലികളിൽ മുഴുകി.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ പദ്മാവതി പൂമുഖത്ത് കൂട്ടിലടച്ച സിംഹത്തെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു.രാമഭദ്രനെ കണ്ടപ്പോൾ നടത്ത നിർത്തി.
''എവിടെപ്പോയി കിടക്കുകയായിരുന്നെടാ ഇന്നലെ രാത്രീല്? അല്ലെങ്കിലും തന്തയെപ്പോലെ തന്നെ.വീട്ടിലെ ഒരു കാര്യത്തിനും പ്രയോജനമില്ല.""
''എന്തുണ്ടായി ഇന്നലെ രാത്രീല്?""
''എന്തുണ്ടാവാൻ? സഹോദരനെ രാത്രി പൊലീസ് പിടിച്ചോണ്ടുപോയി. ഇന്നുവന്നിട്ട് അന്വേഷിക്കണ് എന്തുണ്ടായെന്ന്.""
''ലക്ഷ്മണനെ പൊലീസ് കൊണ്ടുപോയോ? എന്തിന്?""
''എനിക്കെങ്ങനെയറിയാം? അതന്വേഷിക്കാൻ ഇവിടെയാരെങ്കിലും വേണ്ടേ?""
അങ്ങനെ ആക്രോശിച്ചെങ്കിലും തലേന്ന് രാത്രി മുതലുണ്ടായ എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ പദ്മാവതി അവനോടു പറഞ്ഞു.
ലക്ഷ്മണനെയും കൊണ്ട് പൊലീസ് ജീപ്പ് പറപറന്നപ്പോൾ പദ്മാവതി പിന്നാലെയോടി. എന്തുചെയ്യണമെന്ന് അവർക്കൊരു ധാരണയുമുണ്ടായില്ല. വഴിയിൽ ആരുമുണ്ടായിരുന്നില്ല. ആളുകൾ ഉറക്കം തുടങ്ങിക്കഴിഞ്ഞ സമയമായിരുന്നല്ലോ അത്. ഒടുവിൽ അന്വേഷണമൊക്കെ രാവിലെയാകാമെന്നു തീരുമാനിച്ചു വീട്ടിൽ തിരിച്ചുവന്നു. ഒരു പോള കണ്ണടയ്ക്കാതെ രാത്രി കഴിച്ചുകൂട്ടി.
നേരം പുലർന്നയുടനെ സഹോദരൻ ഗോപിനാഥപിള്ളയുടെ വീട്ടിൽ ചെന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ പടിക്കെട്ടുകൾ കയറിയത്.
''ചെറുക്കനെ അവര് കൊണ്ടുപോയണ്ണാ...""
കരച്ചിലിനിടയിലൂടെ അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.സഹോദരിയുടെ പ്രകടനങ്ങൾ ധാരാളം കണ്ടിട്ടുള്ള പിള്ളയ്ക്ക് ആകെക്കൂടെ ഒരലോസരമാണ് അനുഭവപ്പെട്ടത്.
''ചുമ്മാ കരയാതെ കാര്യം പറ.""
അയാൾ ഉറച്ച സ്വരത്തിൽ അയാൾ പറഞ്ഞു. പദ്മാവതിവിവരം പറഞ്ഞപ്പോൾ അത്ര നല്ല പ്രതികരണമല്ല ഉണ്ടായത്.
''എമർജൻസിയല്ലേ? ചുമ്മാതൊന്നും ആരെയും അറസ്റ്റ് ചെയ്യൂല. കാര്യമായ കുരുത്തക്കേട് വല്ലതും ഒപ്പിച്ചുകാണും.""
"അയ്യോ, അവനങ്ങനെയുള്ള പയ്യനല്ലെന്ന്അണ്ണനറിയില്ലേ? ഇതവർക്ക് എന്തോ പെശക് പറ്റിക്കാണും.""
ഗോപിനാഥപിള്ള ഒന്നും പറയാതെ ഫോണെടുത്ത് കറക്കി.
''ഇന്നലെ രാത്രി ഒരു പയ്യനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയില്ലേ? എന്താ പ്രശ്നം?""
മറുതലയ്ക്കൽ നിന്നു പറയുന്നതുകേട്ടപ്പോൾ അയാളുടെ മുഖത്ത് വിവിധഭാവങ്ങൾ മാറിമാറിവന്നു.വലിഞ്ഞു മുറുകി.അരിശം ഓളം വെട്ടി. മറുവശത്തു പറഞ്ഞുതീർന്നപ്പോൾ ഒന്നും മിണ്ടാതെ ശരി എന്നു മാത്രം പറഞ് അയാൾ ഫോൺ കട്ട് ചെയ്തു. പിന്നെ പദ്മാവതിയുടെ നേർക്ക് തിരിഞ്ഞു പറഞ്ഞു:
''ഞാനാരാണെന്നാണ് നീ വിചാരിച്ചിരിക്കുന്നത്? ഭരിക്കുന്ന കക്ഷിയുടെ ഉത്തരവാദിത്തമുള്ള നേതാവാണ് ഞാൻ. ഇനി നിന്റെ അലവലാതിച്ചെറുക്കന്റെ വിശേഷവുംപറഞ്ഞോണ്ട് ഇങ്ങോട്ടു വന്നേക്കരുത്.""
പദ്മാവതി സഹോദരനെ അന്തം വിട്ടു നോക്കി ഇത്രയും ക്രൂരമായി പറയാൻ എന്താണുണ്ടായത്?
''അവരെന്തരാണ് പറയണതണ്ണാ ? അവൻ എന്ത് ചെയ്തെന്നാണ് ?""
''എടീ, അവൻ നക്സലൈറ്റാണെന്ന് നീ എന്തുകൊണ്ടെന്നോടു പറഞ്ഞില്ല?""
''അവൻ നക്സലൈറ്റാണെന്നാരു പറഞ്ഞു? ഈശ്വരന് നിരക്കാത്തതൊന്നും പറയല്ലേ അണ്ണാ.""
ഗോപിനാഥ പിള്ള തികഞ്ഞ പുച്ഛത്തോടെ ചിരിച്ചു. എന്നിട്ടു കൈ കൂപ്പിക്കൊണ്ട് പറഞ്ഞു:
''നിനക്കിവിടെനിന്നു ഒന്ന് പോയിത്തരാമോ? സർക്കാരിനെ എതിർക്കുന്നവന്മാരുടെ ആർക്കുമിവിടെ പ്രവേശനമില്ല.""
വാതിൽ മറഞ്ഞുനിന്ന് അയാളുടെ ഭാര്യ ഈ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. നാത്തൂന്റെ ശബ്ദം കേട്ട് ഉത്സാഹത്തോടെ പുറത്തേക്ക് വരാൻ തുടങ്ങിയതാണവർ. സംഭാഷണത്തിന്റെ ദിശ മാറുന്നതുകണ്ടപ്പോൾ ബുദ്ധിപൂർവം വാതിലിനു പിന്നിലേക്ക് മാറുകയായിരുന്നു.
കണ്ണീരും കൈയുമായി പദ്മാവതി പടിയിറങ്ങുമ്പോൾ ഗോപിനാഥപിള്ള പുറകേ വിളിച്ചുപറഞ്ഞു:
''ഇനി ആ പ്രഭാകരന്റെ വീട്ടിലും കൂടെ ചെന്നുകയറിക്കളയരുത്.അവന് എന്റെയത്ര ക്ഷമയില്ല. നേരേ വീട്ടിലോട്ടു വിട്ടോ. അവിടെ വേറൊരുത്തൻ കൂടിയുണ്ടല്ലോ. നിന്റെ പുന്നാരമോൻ ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ അച്ഛന്റെ വഴിയേ പോണ ആ ചെറുക്കൻ ഇനി എന്തെല്ലാമൊപ്പിക്കില്ല?""
പ്രഭാകരന്റെ അടുത്തുപോയിട്ട് ഇനി ഒരു കാര്യവുമില്ലെന്ന് പദ്മാവതിക്കു മനസിലായി. അവർ നേരേ വീട്ടിലേക്കുതന്നെ പോയി. അപ്പോൾ മുതൽ കാത്തിരിക്കുകയാണ് രാമഭദ്രനെ.
''അമ്മാവന്മാരുണ്ട്, മച്ചമ്പിമാരുണ്ട് എന്നും പറഞ്ഞു ഇനി കൈയുംകെട്ടിയിരിക്കാൻ പാടില്ല. നീ ഇപ്പത്തന്നെ പൊലീസ് സ്റ്റേഷനിൽ പോകണം. അവനവിടെയുണ്ടെങ്കിൽ പൊലീസുകാരുടെ കാലുപിടിച്ചെങ്കിലും കൊണ്ടുവരണം.""
വസ്ത്രം മാറാൻ വേണ്ടി അവൻ അകത്തേക്കുപോകാൻ തുടങ്ങുമ്പോൾ പദ്മാവതി അവനെ തടഞ്ഞു.
''നീ അകത്തോട്ടെന്തിന് പോണ്? പെട്ടെന്ന് സ്റ്റേഷനിലോട്ടു ചെല്ല്. ഉം,പോ...അനിയനാണെന്നൊരു വിചാരമുണ്ടോ നിനക്ക്?""
സഞ്ചി സ്വീകരണമുറിയിൽ ഉപേക്ഷിച്ച് രാമഭദ്രൻ പുറത്തേക്കു നടന്നു.എങ്ങോട്ടാണ് പോകേണ്ടതെന്ന് വലിയ നിശ്ചയമുണ്ടായിരുന്നില്ല.ആലിൻചുവട്ടിൽ അടുത്ത കാലത്തായിട്ടാണ് ഒരു പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുറ്റകൃത്യങ്ങൾ കുറവായിരുന്ന കാലത്ത് അവിടെ പൊലീസ് ഒരപൂർവ്വകാഴ്ചയായിരുന്നു. കാര്യങ്ങൾ മാറിമറിഞ്ഞപ്പോൾ സ്ഥലം എം.എൽ.എ.യുടെയും വിവിധരാഷ്ട്രീയകക്ഷികളുടെയും സമ്മർദ്ദഫലമായിട്ടാണ് പൊലീസ് സ്റ്റേഷനുണ്ടായത്. രാമഭദ്രനാവട്ടെ, സ്റ്റേഷന്റെ പരിസരത്തുപോലും ഇതുവരെ പോയിട്ടുണ്ടായിരുന്നില്ല. അതിനാൽ, സ്റ്റേഷനിലേക്ക് പോകാൻ അവന് ലേശം പരിഭ്രമമുണ്ടായിരുന്നു.
ആലിൻചുവട് ടൗണിൽ നിന്ന് ഒരല്പം അകലെയാണ് പൊലീസ് സ്റ്റേഷൻ. റോഡ്സൈഡിലാണ് അതിന്റെ മതിലെങ്കിലും ഗേറ്റ് കടന്ന് കുറച്ചുദൂരം നടന്നാലേ കെട്ടിടത്തിലെത്തൂ. പോകുന്ന വഴിയുടെ ഇരുവശത്തും ആളുകൾ സംസാരിച്ചുകൊണ്ടു നില്പുണ്ടായിരുന്നു.ഏതാനും ബൈക്കുകളും അവിടവിടെ ഒതുക്കിയിട്ടിരുന്നു. എന്നാൽ, സ്റ്റേഷനിൽ അധികം ആൾക്കാരൊന്നുമുണ്ടായിരുന്നില്ല. വരാന്തയിൽ നിന്ന ഒരു പൊലീസുകാരൻ പടി കയറുമ്പോൾത്തന്നെ പരുഷമായി എന്ത് വേണം എന്നന്വേഷിച്ചു.സ്റ്റേഷനിൽ ആരോടാണ് സംസാരിക്കേണ്ടതെന്ന് അവനറിയുമായിരുന്നില്ല. അതുകൊണ്ട് ഈ പൊലീസുകാരനോടുതന്നെ കാര്യം തിരക്കാമെന്നു കരുതി.
''ഇന്നലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയ ഒരാളിന്റെ കാര്യം ചോദിക്കാനാണ്.""
''ഓഹോ, നീ കാര്യം ചോദിക്കാൻ വന്നതാണോ?""
അയാൾ കോപത്തോടെ ചോദിച്ചു.
''അതല്ല.വിവരമറിയാൻ വേണ്ടി.""
കഴിയുന്നത്ര വിനയം പ്രദർശിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു.
''ആരെയാടേ അറസ്റ്റ് ചെയ്തത്?""
''എന്റെ അനിയനെത്തന്നെ.""
''ഓഹോ,അപ്പം നീയും നിന്റെ അനിയനെപ്പോലെവലിയ ഭീകരവാദിയാണ് അല്ലേടേ?""
''അവൻ എന്താണ് ചെയ്തതെന്ന് ഞങ്ങൾക്കാർക്കുമറിയില്ല സാർ.""
''അവൻ ചെയ്തതെന്താണെന്ന് നിനക്കറിയണോ? അവന് സർക്കാരിനെ തകർക്കണം. അത്രേയുള്ളൂ.അതിനാണ് ഇക്കണ്ട കൊലപാതകങ്ങളും ബോംബാക്രമണങ്ങളും എല്ലാം. അറിയാമോടാ നിനക്ക്?' അതുപോട്ട് , നെനക്കിപ്പം എന്തര് വേണം?""
''അവനിവിടെയുണ്ടെങ്കി ഒന്ന് കാണാൻ...""
പറഞ്ഞുതീരും മുൻപേ അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ശരീരം മുഴുവൻ കുലുങ്ങിക്കുലുങ്ങി വശം കെടുന്ന ഒരു ചിരി.
''അവനെവിടെയാണെന്ന് ഞങ്ങക്കേ അറിയൂല.പിന്നെ നെനക്കെങ്ങനെ പറഞ്ഞുതരും? നെനക്കും കൂടെ അകത്തു പോകണ്ടെങ്കി ഓടഡേ..""
അപ്പോൾ അകത്തുനിന്ന് ആരോ വിളിച്ചുചോദിച്ചു:
''രുദ്രൻപിള്ളേ, അവിടെയാര് ക്രോസ് വിസ്താരം നടത്തണത്?""
അകത്തേക്കുനോക്കി ഭവ്യതയോടെ രുദ്രൻ പിള്ള പറഞ്ഞു:
''ഇന്നലെ നമ്മള് അകത്താക്കിയ ആ നക്സലൈറ്റ് പയലിന്റെ ഒടപ്പെറന്നോനാണ്."" " ''അവന് എന്തോന്ന് വേണം?""
''അവന്റെ ഒടപ്പെറന്നോനെ കാണണമെന്ന്.""
അകത്തുനിന്നും ഒരു പൊട്ടിച്ചിരി കേട്ടു.
''തട്ടി അകത്തുകേറ്റ്. മറ്റവനുള്ളടത്ത് കൊണ്ടുപോകാമെന്ന് പറ.""
''അനിയാ, നെന്നെ ഉപദ്രവിക്കണമെന്നില്ലാത്തോണ്ട് പറയാണ്. ജീവൻ വേണമെങ്കി തിരിഞ്ഞുനോക്കാതെ ഓടിക്കോ."
ഇനി അവിടെ നിന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് രാമഭദ്രന് ബോദ്ധ്യമായി. ലക്ഷ്മണനെപ്പറ്റി അറിയാനുള്ളവഴികളെപ്പറ്റി ആലോചിച്ചുകൊണ്ട് അവൻ തിരിച്ചുനടക്കാൻ തുടങ്ങി.
എട്ടുപത്തടി നടന്നതേയുള്ളൂ പിന്നിൽ നിന്നൊരു വിളികേട്ടു.രുദ്രൻ പിള്ളയാണ്.
"എടേ ,എടേ , ഇങ്ങുവാ .ഇവിടം വരെ വന്നിട്ട് നീയങ് ചുമ്മാ ഊരിപ്പോവയാണോ? വാ വാ.""
രാമഭദ്രൻ പരിഭ്രമത്തോടെ തിരിച്ചുനടന്നു.തന്നെയും അറസ്റ്റ് ചെയ്യാനായിരിക്കുമോ ഇവരുടെ പരിപാടി?
വരാന്തയിൽ ഒരു മേശപ്പുറത്തുവച്ചിരുന്ന ബുക്ക് ചൂണ്ടി രുദ്രൻ പിള്ള പറഞ്ഞു:
''ദാണ്ടെ ആ ബുക്കില് നിന്റെ പേരും വിലാസവും ജോലിയുമെഴുതി ഒരൊപ്പിട്ടിട്ടു പൊയ്ക്കോ. ഇനിയൊരാവശ്യം വന്നാ ഞങ്ങള് നെന്നേം തെരക്കി തേരാപ്പാരാ നടക്കണ്ടല്ല്.""
അയാൾ ആവശ്യപ്പെട്ടതൊക്കെ എഴുതിവെച്ചു രാമഭദ്രൻ മടങ്ങി.
പിറ്റേന്ന് പ്രസ്സിലെത്തിയപ്പോൾ രാമഭദ്രൻ കർത്തായോട് സംഭവിച്ചതൊക്കെ പറഞ്ഞു. ലക്ഷ്മണനെ അന്വേഷിച്ചു എവിടെയാണ് പോകേണ്ടതെന്ന് ആരാഞ്ഞു.
''അതൊന്നും ആർക്കും അറിയില്ല രാമാ. നിങ്ങടെ അവിടത്തെ പൊലീസിനും അതറിയാൻ കഴിഞ്ഞെന്നുവരില്ല.അതാണ് സ്ഥിതി. ക്ഷമിച്ചു കാത്തിരിക്കുകയല്ലാതെ വഴിയില്ല. ബഹുജനസമരങ്ങൾ നടക്കുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ നീതി
നടപ്പാക്കേണ്ടിവരും.""
അതുകേട്ടപ്പോൾ രാമഭദ്രന് പിന്നൊന്നും അറിയണമെന്നുണ്ടായില്ല.കാത്തിരിക്കുക! അതേ.. അതുമാത്രമേ ചെയ്യാനുള്ളൂ.
''നിന്റെ അനുജൻ നക്സലൈറ്റാണോ രാമാ?""
കുറച്ചുകഴിഞ്ഞു കർത്താ ചോദിച്ചു.
''എനിക്കതറിയില്ല. സത്യമായും അറിയില്ല.അങ്ങനെയൊന്നും അവൻ വീട്ടിൽ പറഞ്ഞിട്ടില്ല. അവന്റെ കൂട്ടുകാരാരും എന്നോടും പറഞ്ഞിട്ടില്ല.""
ഒന്ന് നിർത്തിയിട്ട് അവൻ പറഞ്ഞു:
''കുറച്ചുനാളായി പുരോഗമനസാഹിത്യമൊക്കെ വിട്ട് അത്യാധുനിക സാഹിത്യത്തിന്റെ പുറകെയായിരുന്നു. പുതിയ ചില കൂട്ടുകെട്ടുകളൊക്കെയുണ്ട്.""
''ചിലപ്പോൾ അവന് നക്സലിസവുമായിട്ടൊന്നും ബന്ധമുണ്ടാവണമെന്നില്ല. കൂട്ടുകാരാരെങ്കിലും അതുമായി ചേർന്ന് നിൽക്കുന്നവരുണ്ടായാലും മതി.""
ഉച്ചയോടെ അപരിചിതനായ ഒരു മദ്ധ്യവയസ്കൻ കർത്തായെ കാണാൻ വന്നു. ഏറെനേരം അവർ തമ്മിൽ അടക്കിയ സ്വരത്തിൽ ചർച്ചകൾ നടന്നു. അയാൾ പറഞ്ഞ ഒരു കാര്യം രാമഭദ്രൻ ശ്രദ്ധിച്ചു. ഈ പ്രസിൽ ഇനി ലഘുലേഖ പ്രിന്റിംഗ് ഒന്നും വേണ്ട, അത് അപകടമാണ്.അതിനൊക്കെ സുരക്ഷിതമായ വേറെ ഏർപ്പാടുകളുണ്ട്. അയാൾ മടങ്ങിയപ്പോൾ കർത്താ അനുഗമിച്ചു. പോകാൻ നേരം കർത്താ രാമഭദ്രനോടു പറഞ്ഞു:
''തൽക്കാലം എന്നെ നോക്കണ്ട. സ്വന്തം സ്ഥാപനമാണെന്ന നിലയ്ക്ക് നോക്കി നടത്തിക്കൊള്ളണം.""
രാമഭദ്രൻ ഏതാനും വാര അവരോടൊപ്പം നടന്നു. പിന്നെ പ്രസിലേക്കു മടങ്ങി.അപ്പോൾ അവന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരുൽക്കണ്ഠയും പരിഭ്രാന്തിയും അലയിളക്കുന്നുണ്ടായിരുന്നു.
അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ കർത്താ പ്രസിലെത്തിയില്ല. തന്നെ നോക്കണ്ട എന്ന് അയാൾ പറഞ്ഞിരുന്നതുകൊണ്ട് അതിൽ രാമഭദ്രന് അസ്വാഭാവികത ഒന്നും തോന്നിയില്ല. മൂന്നാം ദിവസമായപ്പോൾ ജയപ്രകാശ് അവനോടു പറഞ്ഞു, കർത്താസാർ അങ്ങനെ പറഞ്ഞെങ്കിലും ദിവസം ഇത്രയുമായില്ലേ, ഒന്നന്വേഷിക്കണ്ടേ? അത് ശരിയാണല്ലോ എന്ന് രാമഭദ്രനും തോന്നി. അടുത്ത ദിവസം രാവിലെ രാമഭദ്രൻ പ്രസിലെത്തിയപ്പോഴും കർത്താ എത്തിയിട്ടില്ല. ഇനി ഒട്ടും കാത്തിരിക്കാനാവില്ലെന്ന് അവനു തോന്നി.വേണ്ട കാര്യങ്ങളൊക്കെ പറഞ്ഞേല്പിച്ചിട്ട് രാമഭദ്രൻ കർത്തായുടെ വീട്ടിലേക്കു പോയി.
അന്ന് കണ്ടപോലെതന്നെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.അതിന്റെ മുന്നിൽ രാമഭദ്രൻ കുറച്ചുനേരം നിന്നു.എന്താണ് വേണ്ടതെന്നതിനെക്കുറിച്ചു അവനൊരെത്തും പിടിയും കിട്ടിയില്ല.തന്റെ സഹോദരന് എന്ത് സംഭവിച്ചു എന്നുപോലും തനിക്കു കണ്ടുപിടിക്കാനായില്ല.കർത്തായുടെ കാര്യത്തിലും അത് തന്നെ സംഭവിക്കുന്നു.
അവിടെ അങ്ങനെ വേരിറങ്ങിയതുപോലെ നിന്നിട്ടെന്തുകാര്യം എന്ന് ചിന്തിച്ച് അവൻ മെല്ലെ പിന്തിരിഞ്ഞു,
ഏതാനും വാര നടന്നപ്പോൾ പിന്നിൽ കാലടിശബ്ദം കേട്ടു.രാമഭദ്രൻ തിരിഞ്ഞുനോക്കി.താടിക്കാരനായ ഒരു യുവാവാണ്.
''കർത്താ സാറിനെ അന്വേഷിച്ചുവന്നതാണ്,അല്ലേ?""
അയാൾ ചോദിച്ചു.
''അതേ""
എന്നു പറഞ്ഞപ്പോൾ അയാളുടെ അടുത്ത ചോദ്യം വന്നു.
''എവിടന്നാ?""
അദ്ദേഹത്തിന്റെ പ്രസിലെ ജോലിക്കാരനാണെന്നു പറഞ്ഞപ്പോൾ അയാൾ അടുത്തുചേർന്നു നടന്നു.ശബ്ദം താഴ്ത്തി പറഞ്ഞു:
''നാലഞ്ച് ദിവസത്തിനുശേഷം ഇന്നലെ അദ്ദേഹം വീട്ടിൽ വന്നു.വളരെ ഇരുട്ടിയിരുന്നു.അദ്ദേഹമെത്തി മിനിട്ടുകൾക്കകം പൊലീസെത്തി.അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.അത്രേം ഇരുട്ടിയതുകൊണ്ട് അയൽക്കാർ പോലുമറിഞ്ഞില്ല."
ആശങ്കിച്ചിരുന്നതാണെങ്കിലും അത് കേട്ടപ്പോൾ ഒരു നടുക്കമുണ്ടായി.
''എങ്ങോട്ടാണ് കൊണ്ടുപോയതെന്നറിയാമോ?""
വിഡ്ഢിത്തം കേട്ടപോലെ അയാൾ രാമഭദ്രനെ നോക്കി.
''അതൊക്കെ. ആർക്കറിയാം?ചോദിക്കാൻ ചെന്നാൽ നമ്മളെയും കൊണ്ടുപോകും.""
അന്ന് മുഴുവൻ രാമഭദ്രന്റെ ചിന്ത അത് മാത്രമായിരുന്നു. തനിക്കേറ്റവും വേണ്ടപ്പെട്ട രണ്ടുപേർ അറസ്റ്റിലായിരിക്കുന്നു.അവരെ എങ്ങോട്ടു കൊണ്ടുപോയി? അവർക്കെന്തു സംഭവിക്കും? ഈ രാത്രി അവസാനിക്കുമോ?
പ്രസിൽ രാമഭദ്രൻ കാര്യങ്ങളവതരിപ്പിച്ചു.കർത്തായുടെ നിർദേശമനുസരിച് പ്രസ് ജോലികൾ തടസമില്ലാതെ നടത്താൻ തന്നെയായിരുന്നു അവരുടെ നിശ്ചയം. മൂന്നു നാലു ദിവസം പ്രത്യേകിച്ചൊന്നും സംഭവിക്കാതെ നീങ്ങി.
ഒരുദിവസം പൊടുന്നനെ നാലഞ്ചു പൊലീസുകാർ അവിടേക്കിരച്ചുകയറി. വളരെ നാടകീയവും രഹസ്യാത്മകവുമായിരുന്നു അവരുടെ ചലനങ്ങൾ. വാതിലിനരികെ മേശയ്ക്കു പിന്നിലിരുന്ന രാമഭദ്രനെ കണ്ടതായി നടിക്കാതെ അവർ ഉള്ളിലേക്ക് കയറി. കമ്പോസ് ചെയ്തുകൊണ്ടുനിന്ന പെൺകുട്ടികൾ പരിഭ്രാന്തരായി. അവരോടൊക്കെ പരുഷമായി പുറത്തോട്ടിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. അവരൊക്കെ രാമഭദ്രന്റെ ചുറ്റും വന്നു നിലയുറപ്പിച്ചു. അവിടെനിന്ന് അവരൊക്കെ പൊലീസിന്റെ വിളയാട്ടം കണ്ടു.എല്ലാം അവർ കീഴ്മേൽ മറിച്ചിട്ടു.ഒരു കടലാസ്കഷണം പോലും അവർ വെറുതേ വിട്ടില്ല.
പരിശോധന മൂന്നുമണിക്കൂറോളം നീണ്ടു. ഏതാണ്ട് കഴിയാറായപ്പോൾ സബ് ഇൻസ്പെക്ടർ മേശയ്ക്കരികിലേക്കു വന്നു. ഒരു കസേര വലിച്ചിട്ടിരുന്നു.
''ആരാണിതിന്റെ ഉടമസ്ഥൻ?""
മറുപടി കേട്ടയുടൻ അയാളെവിടെ എന്നായി.
''കുറേ ദിവസമായി ഇവിടെ വരാറില്ല.""
ഭവ്യതയോടെ രാമഭദ്രൻ പറഞ്ഞു.
''അതെന്ത്?"
''അറസ്റ്റിലായി എന്നാണ് കേട്ടത്.""
''കേട്ടതേയുള്ളോ? അല്ലാതെ അറിഞ്ഞിട്ടില്ല?""
''ഇല്ല.""
രാമഭദ്രനെ തീക്ഷ്ണമായി നോക്കി അയാൾ ചോദിച്ചു:
''താനാര്?""
''മാനേജരാണ്.""
''എന്താ പേര്?""
''രാമഭദ്രൻ.""
''തന്റെ വീടെവിടെ?""
''ആലിൻചുവട്ടിൽ.""
''ഓ,ഓ,അപ്പ താനാണ് ആലിൻചുവട് പോലീസ് സ്റ്റേഷനിൽച്ചെന്ന് പൊലീസുകാരെ വെരട്ടിയത്?""
''അനിയനെ അന്വേഷിച്ചു പോയതാണ്.""
''എന്നിട്ട് കണ്ടോ?""
''ഇല്ല.""
''അയ്യോ. അതെന്താ?""
അയാളുടെ സ്വരത്തിലെ പരിഹാസം രാമഭദ്രന്റെ വാക്കുകളെ തടഞ്ഞു.
''അപ്പൊ താനൊരു നക്സലിന്റെ ചേട്ടനാണ്, അല്ലേ?""
അപ്പോഴും രാമഭദ്രനൊന്നും മിണ്ടിയില്ല.
അവൻ പ്രൂഫ് നോക്കിക്കൊണ്ടിരുന്ന 'ആർഷസാഹിതി"അയാൾ വലിച്ചെടുത്തു .പരുഷമായി പേജുകൾ മറിച്ചു .പിന്നെ ഒരു പരിഹാസച്ചിരിയോടെ അയാൾ പറഞ്ഞു:
''രാമായണം , ഭാഗവതം,വിവേകാനന്ദൻ -എന്തരെടേ ഇത് ആർ.എസ് .എസ് .കാരുടെ പത്രമാണോ?""
''അല്ല. അഖില കേരള ധർമ്മപരിഷത്തിന്റെ മുഖമാസികയാണ്.""
''പല പല പേരുകൾ..മനുഷ്യനെ വിഡ്ഢിയാക്കാൻ..എല്ലാം ഒന്നുതന്നെ."
ഒന്ന് നിർത്തിയിട്ട് അയാൾ രാമഭദ്രനെ രൂക്ഷമായി നോക്കി.
''ഒരു വശത്ത് നക്സലിസം,മറുവശത്ത് ആർ.എസ് .എസ്. അതാണോടെ നിന്റെ ചേരിചേരാനയം?""
രാമഭദ്രൻ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു.
''ഇതിന്റെ പഴയ ലക്കങ്ങൾ ഉണ്ടോ?""
രാമഭദ്രൻ മേശപ്പുറത്തുംവശത്തെ തട്ടുകളിലും അടിയിലുമൊക്കെ പരതി . രണ്ടു ലക്കങ്ങൾ കിട്ടിയത് മേശപ്പുറത്ത് എടുത്തുവയ്ക്കാൻ തുടങ്ങിയതും അയാൾ തട്ടിപ്പറിച്ചെടുത്തു.എന്നിട്ട് അയാൾ തന്നെ അവിടെയെല്ലാം തിരഞ്ഞു. പ്രൂഫിനുവേണ്ടിയെടുത്ത ഏതാനും ലൂസ് ഷീറ്റുകൾ മാത്രമാണ് അയാൾക്ക് കിട്ടിയത്. അതും അയാൾ ചുരുട്ടിയെടുത്ത് ഒരു പോലീസുകാരനെ ഏല്പിച്ചു.
''ഇനിയാണ് എനിക്ക് തന്നോട് ചോദിക്കാനുള്ള ശരിയായ ചോദ്യം. ഇതിനു താൻ പറയുന്ന മറുപടി തെറ്റാണെങ്കിൽ ലോക്കപ്പിൽ വച്ച് തന്റെ എല്ല് ഓരോന്നോരോന്നായി ഊരിയെടുക്കും.""
ഇതുകേട്ട് രാമഭദ്രൻ വല്ലാതെപരിഭ്രമിച്ചു.അടുത്തുനിന്ന കമ്പോസിറ്റേഴ്സ് കിടുകിടെ വിറയ്ക്കുകയാണെന്ന് അവനറിഞ്ഞു.
''കുരുക്ഷേത്രം ഇവിടെയാണോടാ അച്ചടിക്കുന്നത്?""
''അല്ല.""
ഉറപ്പുള്ള ശബ്ദത്തിൽ രാമഭദ്രൻ പറഞ്ഞു.
''പല പല പ്രസ്സുകളിലാണ് അടിക്കുന്നതെന്ന് അറിയാം. ഇവിടെ എത്രയെണ്ണം അടിച്ചിട്ടുണ്ട് ?""
'' ഒന്നും അച്ചടിച്ചിട്ടില്ല.""
എസ് .ഐ കമ്പോസിറ്റർമാരുടെ നേരെ തിരിഞ്ഞു.
''തെറ്റെന്തോ ചെയ്തോണ്ടല്ലേ നിങ്ങളിങ്ങനെ കിടുകിടാ വിറയ്ക്കുന്നത് ? പറ.""
ഒരുവളുടെ നേരേ വിരൽ ചൂണ്ടി അയാൾ ചോദിച്ചു:
''നീ കുരുക്ഷേത്രം കമ്പോസ് ചെയ്തിട്ടുണ്ടോ?""
"ഇല്ല, ഇല്ല.""
അയാൾ അടുത്ത പെൺകുട്ടിയുടെ നേർക്ക് തിരിഞ്ഞു.
''നീയോ?""
''ഇല്ല.""
ജയപ്രകാശിന്റെ നേരെ തിരിഞ്ഞു അയാൾ ചോദിച്ചു:
''നീയും ഇല്ലാന്നല്ലേ പറയൂ?""
''ഇല്ല.""
ഒരു പിടിവള്ളി കിട്ടിയപോലെ അയാൾ ജയപ്രകാശിന്റെയടുത്തേക്കു ചെന്നു.
''ഇല്ല എന്ന് പറയില്ല എന്ന് പറഞ്ഞാ ഉണ്ട്. പറ. എപ്പഴാണ് നീ അത് പ്രിന്റ് ചെയ്തത്?""
''ഞാൻ പ്രിൻറ് ചെയ്തിട്ടില്ല.""
''പിന്നെ ഉണ്ടെന്ന് നീ പറഞ്ഞതോ?""
''ഞാൻ ഇല്ലാന്നാണ് പറഞ്ഞത്.""
''ഫ ! മാറ്റിപ്പറയുന്നോടാ? റാസ്കൽ.""
''അല്ല.ഞാൻ കുരുക്ഷേത്രം എന്ന ഒന്ന് പ്രിന്റ് ചെയ്തിട്ടേയില്ല.""
ആ ചോദ്യോത്തരനാടകം പിന്നെയും കുറേനേരം നീണ്ടുപോയി. പ്രസിനകത്തുനില്ക്കുന്ന നാലുപേർക്കും കാര്യങ്ങളിൽ ഒരു പിടിയുമില്ലെന്ന് അവർക്ക് ബോധ്യമായിരുന്നു.എന്നാൽ, എവിടെ നിന്നെങ്കിലും തെളിവിന്റെ ഒരിറ്റുവെളിച്ചം കിട്ടാനുള്ള തത്രപ്പാടിലാണ് ആ ചോദ്യം ചെയ്യലെന്ന് രാമഭദ്രന് മനസ്സിലായി. അങ്ങനെ ഏറെനേരം ആ പ്രസ് ജോലിക്കാരെ മുൾമുനയിൽ നിർത്തിയശേഷം അവർ പിന്തിരിഞ്ഞു. പോകുമ്പോൾ അവർ മുന്നറിയിപ്പ് കൊടുത്തു:
''എന്തെങ്കിലും സംശയകരമായി നിങ്ങൾക്കാർക്കെങ്കിലും തോന്നിയാൽ സ്റേഷനിലറിയിക്കണം. ഇല്ലെങ്കിൽ അതിന്റെ ദോഷം അനുഭവിക്കുന്നത് നിങ്ങളുടെ മുതലാളിയായിരിക്കും.""
ജീപ്പ് ഇരമ്പിപ്പാഞ്ഞുപോയപ്പോൾ പരസ്പരം നോക്കി അവർ നെടുവീർപ്പിട്ടു.
അന്നൊരു സന്ധ്യയ്ക്ക് വാതിൽക്കൽ നിർത്താതെ മുട്ടുകേട്ടു. രാമഭദ്രൻ ചെന്ന് വാതിൽ തുറന്നു. പുറത്തുനിൽക്കുന്ന ആളെ ആദ്യം മനസിലായില്ല. മനസിലായപ്പോൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു:
''അമ്മേ ഓടിവാ... ഇതാരാണെന്നു നോക്ക്.""
ലക്ഷ്മണനായിരുന്നു അത്. പ്രാകൃതമായിരുന്നു അവന്റെ രൂപം. സമൃദ്ധമായിരുന്ന അവന്റെ താടി വെട്ടാനറിയാത്ത ക്ഷുരകൻ വിളയാടിയപോലെ മുറിച്ചുമാറ്റിയിരുന്നു. വസ്ത്രങ്ങൾ ആകെ മുഷിഞ്ഞിരുന്നു. പിഞ്ഞിക്കീറിയിരുന്നു.
ഓടിവന്ന പദ്മാവതി അവനെക്കണ്ട് അന്തം വിട്ടു നിന്നു. പിന്നെ മുള കീറുമ്പോലെ ഒറ്റ കരച്ചിലായിരുന്നു.
'''അയ്യോ. എന്റെ മോനേ ,നിന്നെ അവര് കൊല്ലാക്കൊല ചെയ്തുകളഞ്ഞല്ലോടാ.കണ്ണീച്ചോരയില്ലാത്ത മഹാപാപികള്...""
സന്ധ്യാകീർത്തനം പോലെ ആ പ്രലപനം നീണ്ടുപോയി.
(തുടരും)