ആർക്കും നേരമില്ല, പായുകയാണ് എല്ലാവരും. എപ്പോഴെങ്കിലും ഉണ്ടായേക്കാവുന്ന ഉയർച്ചയ്ക്കുവേണ്ടി വർത്തമാനകാലത്തെ ജീവിതലാവണ്യം മറന്നുകൊണ്ട് അതിശീഘ്രം മുന്നോട്ട് പോകുന്നവർക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് അവർ അറിയുന്നില്ല. സത്യത്തിൽ അവർ ഒരിക്കൽ പോലും ഈ ഭൂമിയുടെ ലളിതസുന്ദരമായ സ്നേഹസുഗന്ധം അറിയുന്നില്ലെന്നതാണ് നേര്.
ഇനി പറയുന്ന കഥയിൽ ജീവിതത്തിന്റെ ഈ വർത്തമാനനിമിഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശമുണ്ട്. മനോഹരമായ പ്രഭാതത്തിൽ ആ രണ്ടുസുഹൃത്തുക്കൾ പാർക്കിൽ നടക്കാനിറങ്ങിയതായിരുന്നു. ഇരുവരുടെയും കൊച്ചുകുട്ടികൾ കൂടെയുണ്ടായിരുന്നു. ഏകദേശം അഞ്ച് വയസ് പ്രായമുള്ളവരായിരുന്നു ആ കുട്ടികൾ. ആ സുഹൃത്തുക്കൾ പാർക്കിലെ ബഞ്ചിലിരുന്ന് വർത്തമാനം തുടങ്ങിയപ്പോൾ, കുട്ടികൾ പാർക്കിനോട് ചേർന്നുള്ള കടൽത്തീരത്തെ പഞ്ചാരമണലിൽ കളിക്കാൻ പോയി. കുട്ടികളിൽ ഒരാൾ പെൺകുട്ടിയും മറ്റേയാൾ ആൺകുട്ടിയുമായിരുന്നു. അവൾ മണൽവാരി മേലോട്ടെറിഞ്ഞും അവിടെയൊക്കെ ഓടി നടന്നും ആനന്ദിച്ചുകൊണ്ടിരുന്നു. എന്നാൽ ആൺകുട്ടിയാകട്ടെ മണൽപ്പുറത്ത് ചിത്രങ്ങൾ വരച്ചുകൊണ്ട് ഒതുങ്ങി ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ അച്ഛൻ മകളെ വിളിച്ചു.
'' മോളേ സമയം കുറെയായല്ലോ, നമുക്കു പോകണ്ടേ?""
'' അച്ഛാ പ്ലീസ്, ഒരഞ്ചു മിനിട്ടുകൂടി.""
ഇതേ സമയം സുഹൃത്തിന്റെ മകനെ അയാൾ വിളിച്ചപ്പോൾ ആ കുട്ടി കളി നിറുത്തി ഓടി തന്റെ അച്ഛന്റെ അടുത്തെത്തി.
കുറേ നേരം കഴിഞ്ഞ് അച്ഛൻ മകളെ വീണ്ടും വിളിച്ചു.
'' മോളേ, അഞ്ചു മിനിട്ട് കഴിഞ്ഞല്ലോ""
ഇത് നാലഞ്ചു തവണ ആവർത്തിച്ചു. അപ്പോഴെല്ലാം പുഞ്ചിരിച്ചുകൊണ്ട് തികഞ്ഞ ക്ഷമയോടെ അയാൾ മകളെ വീണ്ടും കളിക്കാൻ അനുവദിച്ചു. ഇത് കണ്ടുകൊണ്ടിരുന്ന സുഹൃത്തിന് അത്ഭുതം തോന്നി.
'' എനിക്ക് താങ്കളുടെ ക്ഷമ കണ്ടിട്ട് അത്ഭുതം തോന്നുന്നു. മകളോട് എത്ര പ്രാവശ്യമാണ് താങ്കൾ കളി നിർത്താൻ പറഞ്ഞത്. എന്നിട്ട് വീണ്ടും അവൾക്ക് കളി തുടരാൻ അനുവാദം കൊടുക്കുകയും ചെയ്യുന്നു. ഒരു മാതൃകാപിതാവാണ് താങ്കൾ. താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എനിക്ക് കഠിനമായ ദേഷ്യം വന്നേനെ.""
ഇതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു:
ഇവളുടെ മൂത്തസഹോദരൻ കേവലം 12 വയസുള്ളപ്പോൾ ഒരപകടത്തിൽ മരിച്ചു. സൈക്കിളിൽ റോഡിലൂടെ വരികയായിരുന്ന അവനെ മദ്യപനായ ഒരു ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗ് കൊണ്ട് വണ്ടി ഇടിക്കുകയായിരുന്നു. എനിക്ക് അവനെ ലാളിക്കാനോ അവനുമൊത്ത് കഴിയാനോ സമയം കിട്ടിയിരുന്നില്ല. അവന്റെ മരണശേഷമാണ് ജീവിതം എത്ര നൈമിഷികമാണെന്നും ജീവിച്ചിരിക്കുമ്പോൾ പങ്കുവയ്ക്കുന്ന സ്നേഹമാണ് സുപ്രധാനമെന്നും ഞാൻ മനസിലാക്കിയത്.
'' അതുകൊണ്ട് അവനെക്കുറിച്ചോർക്കുമ്പോഴെല്ലാം എന്റെ ചങ്കു പൊട്ടുകയാണ്. കുറേക്കൂടി സ്നേഹവും കരുതലും അവന് കൊടുക്കാൻ കഴിയുമായിരുന്നു. പക്ഷേ എനിക്ക് ഒന്നിനും നേരമില്ലായിരുന്നു.""
ഇന്നു ജീവിക്കുന്നു എന്നുള്ളതാണ് പ്രധാനം. എന്റെ മകൾക്ക് പരമാവധി സന്തോഷം പകരാൻ എന്റെ സമയം വേണമെങ്കിൽ അതുകൊടുക്കാൻ ഞാൻ തയ്യാറാണ്. ഒന്നിച്ചുണ്ടാവുക എന്നതിന്റെ ആഹ്ലാദമാണ് ജീവിതത്തിലെ ഏറ്രവും വലിയ ആനന്ദം. അതുകൊണ്ട് അവൾക്ക് കളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇഷ്ടം പോലെ കളിക്കട്ടെ. എനിക്ക് അതുവരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ട്.
കുടുംബബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും മുൻഗണന നിശ്ചയിച്ചുകൊണ്ടുള്ള ഒരു ജീവിതത്തിൽ മാത്രമേ സന്തോഷം നിറയുകയുള്ളൂ. പ്രിയപ്പെട്ടവരുമൊത്ത് ചെലവഴിക്കാൻ കിട്ടുന്ന നിമിഷങ്ങൾ പാഴാക്കരുത്. കാരണം അത് അമൂല്യമാണ്. ഇന്ന് നഷ്ടപ്പെട്ടുപോകുന്ന സുന്ദരനിമിഷങ്ങൾ പിന്നീടൊരിക്കലും കിട്ടണമെന്നില്ല. അതുകൊണ്ട് ഇന്ന്, ഈ നിമിഷത്തിൽ പരിപൂർണമായി ജീവിക്കുക. എങ്കിൽ മാത്രമേ ജീവിതത്തിന് അർത്ഥപൂർണമായ സാക്ഷാത്ക്കാരം സംഭവിക്കൂ.
പണം സമ്പാദിക്കാനും കുട്ടികളെ നല്ല നിലയിൽ എത്തിക്കാനും തൊഴിലിലും ബിസിനസിലുമൊക്കെ വിജയം നേടാനും പദവിയുടെയും പ്രശസ്തിയുടെയും ലോകത്ത് അഭിരമിക്കാനുമൊക്കെയുള്ള ആഗ്രഹവും പ്രവർത്തനങ്ങളും അത്യാവശ്യം തന്നെയാണ്. എന്നാൽ അതോടൊപ്പം ജീവിതത്തിലെ അമൂല്യസുന്ദരാഹ്ലാദ നിമിഷങ്ങളെ ആസ്വദിക്കാനും കഴിയണം. ജീവിതം പരമാവധി നൂറ്റിഇരുപത് വയസുവരെ നീണ്ടുനിന്നേക്കാവുന്ന ഒരു പ്രതിഭാസം മാത്രമാണെന്നും അതുകൊണ്ട് തികച്ചും നശ്വരമായ ഈ ക്ഷണികജീവിതത്തിലെ സർഗനിമിഷങ്ങൾ മാത്രമാണ് ജീവിതത്തിന് അർത്ഥം നൽകുന്നതെന്നും എപ്പോഴും ഓർമ്മയുണ്ടാവണം. അത്തരമൊരു സന്തുലന പ്രക്രിയയിലൂടെയാണ് ഓരോരുത്തരും കടന്നുപോകേണ്ടത്.
അതുകൊണ്ട് ചുറ്റുമുള്ള വസ്തുക്കളെയും മനുഷ്യരെയും പ്രതിഭാസങ്ങളെയും സ്നേഹമൂല്യങ്ങളെയും അറിഞ്ഞും അതിലൂടെ ആത്മജ്ഞാനത്തിന്റെ പൊരുളറിഞ്ഞും ജീവിക്കാൻ ശ്രമിക്കുക. അപ്പോൾ ചെറുചെരാതുകൾ പോലും നക്ഷത്രവിളക്കുകളായി തെളിഞ്ഞുനിൽക്കും. അതെ! അഞ്ചുനിമിഷം ഒരു ചെറിയ കാര്യമല്ല.