ലക്ഷ്മി പകൽ മുഴുവൻ വിവാഹശേഷമുള്ള തന്റെ നാൽപ്പതോളം വർഷത്തെ കണക്കെടുപ്പ് നടത്തിക്കൊണ്ടിരുന്നു. മധുവിധു ഒരു സ്വപ്നം പോലെയായിരുന്നു. കോളജ് കാമ്പസിന്റെ വിസ്തൃതിയിൽ നിന്നും നഗരത്തിലെ ചെറിയ മുറികളോട് കൂടിയ, മുറ്റം തീരെ ഇല്ലാത്ത വീട്ടിലേക്ക് ഭർത്താവിനോടൊപ്പം താമസം മാറുമ്പോഴേക്കും തങ്ങളുടെ മാത്രം ഒരു ലോകം എന്ന യാഥാർഥ്യത്തിലേക്ക് മനസ് പാകപ്പെട്ടിരുന്നു. ഇരുവരുടെയും വീടുകൾ ഗ്രാമങ്ങളിലാണ്. അത്ര ദൂരെയൊന്നും അല്ല താനും. നഗരത്തിന്റെ എതിർദിശകളിലുമായി മുപ്പത്, മുപ്പത്തിയഞ്ചു മൈലുകൾ. ഒരു മണിക്കൂർ യാത്ര. അത്രയേ വേണ്ടൂ.
കോളേജ് അദ്ധ്യാപകന്റെ ജോലി അത്ര കഠിനമായിരുന്നില്ല. രാവിലെ ഒൻപതിന് പുറപ്പെട്ടാൽ പത്തുമിനിട്ടിനുള്ളിൽ കോളേജിൽ എത്താവുന്ന ദൂരം. ഉച്ചയ്ക്ക് ഊണിനും എത്താം. വൈകിട്ട് ചിലപ്പോൾ വരാൻ ആറു ഏഴു മണിവരെ ആകും. സൗഹൃദങ്ങൾ പണ്ടേ മൂപ്പർക്ക് ഹരമാണ്. അന്നൊന്നും മദ്യപിക്കില്ലായിരുന്നു. നഗരത്തിൽ മദ്യം ലഭ്യമായിരുന്നില്ല എന്ന് തോന്നുന്നു. സാഹിത്യ സദസുകളിൽ ആയിരുന്നു ലഹരി. വൈകി വരുന്ന ദിവസങ്ങളിൽ ഒരു ചെറിയ പൊതി പ്രതീക്ഷിക്കാം. നല്ല ചൂടുള്ള ഉഴുന്ന് വടയോ നഗരത്തിന്റെ പ്രത്യേകതയായ മോദകമോ ....അങ്ങനെ എന്തെങ്കിലും. എന്തു ഭാഗ്യവതിയാണ് താനെന്ന് അഭിമാനിക്കും. അപ്പോൾ കോളേജിൽ തുടരുന്ന തന്റെ സുഹൃത്തുക്കളെ ഓർത്തു പരിതപിക്കും. തനിക്കിതു ധാരാളം!
എന്നാലും ചിലപ്പോൾ ഒരതൃപ്തി! അത് വസ്ത്രധാരണയിലെ അദ്ദേഹത്തിന്റെ അശ്രദ്ധയായിരുന്നു. ഒന്ന് പാന്റ്സ് ധരിച്ചു കാണാൻ എത്ര കൊതിച്ചിട്ടുണ്ട്. പക്ഷേ അങ്ങോട്ട് നിർബന്ധിക്കാൻ ധൈര്യം പോരാ! വാങ്ങി വരുന്നത് മുഴുവൻ ജുബ്ബയും ഡബിൾ വേഷ്ടിയും. മുണ്ട് മിക്കവാറും മടക്കി കുത്തും. നടത്ത നല്ല വേഗത്തിൽ. ഒപ്പം പിടിക്കാൻ എന്തു ബുദ്ധിമുട്ടാ. കൂടെ ഒരാളുണ്ടെന്ന തോന്നലില്ല മൂപ്പർക്ക്, എന്നുപോലും തോന്നിയിട്ടുണ്ട്. അതെങ്ങനെ ആറു മണിക്ക് ഒരിടത്തെത്താമെന്നു ഏറ്റാൽ പുള്ളിക്കാരന്റെ സമയം അഞ്ചു അൻപതാണ്. കണിശം! സമയത്തെകുറിച്ചു ഇത്ര വേവലാതിപ്പെടുന്ന ഒരാളും തന്റെ ഓർമയിലില്ല. അനിരുദ്ധന് ഈ ഗുണം കുറേ കിട്ടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹം ശശിയോടും മറ്റും പറയുന്നത് കേൾക്കാം.
''സമയബന്ധിതമാണ് ജീവിതം.!""
കുന്തം... അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. സമയം കുറവും കാര്യങ്ങൾ കൂടുതലും. അതാണ് ഇഷ്ടന്റെ ഫിലോസഫി. അത് നടക്കാതെ പോയത് അനിതയുടെയും അനിരുദ്ധന്റെയും കാര്യത്തിൽ. ഇരുപത്തിയഞ്ചാം വയസിൽ ഒരു നല്ല ആലോചന അനിതക്ക് വന്നതാണ്. അവൾ ജോലിയിൽ പ്രവേശിച്ച് രണ്ടുവർഷം കഴിഞ്ഞിരുന്നു. കിട്ടാവുന്നതിൽ നല്ലൊരു സ്ഥിരം ജോലി. പക്ഷേ ജാതകപ്പൊരുത്തമില്ല എന്ന് പറഞ്ഞു മനസില്ലാമനസോടെ വരന്റെ കൂട്ടർ പിന്മാറി. അന്ന് മൂപ്പർ ഉറപ്പിച്ചു. ഇനി ഇമ്മാതിരി വായ്നോക്കികളെ വീട്ടിൽ കയറ്റില്ല. വർഷമൊന്നു കടന്നുപോയി. ആലോചനകൾ വന്നില്ല. അനിതയ്ക്കൊട്ടും ധൃതിയുമില്ലായിരുന്നു.
അനിരുദ്ധന്റെ അവസ്ഥ മറ്റൊന്നായിരുന്നു. അവന്റെ സ്വപ്നങ്ങൾ സ്വന്തം ഒരു ബിസിനസ് എന്നതിൽ ഉറപ്പിച്ചു നിർത്തി. അച്ഛനു ഒട്ടും തൃപ്തി ഇല്ലാത്ത പരിപാടി. അതിനാൽ മൂപ്പരുടെ സമ്പാദ്യത്തിൽ നിന്നും ഒരൊറ്റ പൈസ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട എന്ന മുന്നറിയിപ്പ്. അവനും കാലത്തിന്റെ മഹത്വം തിരിച്ചറിയാതെ, നാളുകൾ തള്ളി നീക്കി. ദേ ഇപ്പോ കണ്ടില്ലേ... ആരുടെയും ഉന്തും തള്ളുമില്ലാതെ സ്വയം കീഴടങ്ങി, ഒരു ജോലിയിൽ കയറി. പക്ഷേ അനിതയെ ഇനി വിട്ടാൽ ശരിയാവില്ല. ജോയിന്റ് അക്കൗണ്ട് ആയതു ഭാഗ്യമായി. തനിയ്ക്ക് പണം പിൻവലിക്കാം. അവളെ ഇനി ഒരുവന്റെ കയ്യിൽ ഏൽപ്പിക്കണം.
അനിരുദ്ധും ഇതു തന്നെ ചിന്തിച്ചിരുന്നു. ഇനി ചേച്ചിയുടെ കാര്യത്തിൽ ഒരു തീർപ്പുണ്ടാകണം അനിരുദ്ധന് അങ്ങനെ ആണ്, എന്തെങ്കിലും ഒന്ന് തലയിൽ കയറിയാൽ പിന്നെ വെപ്രാളമാണ്. ശനിയാഴ്ച കൂട്ടായ്മകൾക്കു കാത്തുനിൽക്കാതെ അവൻ ഇടയ്ക്കിടെ ജോലിയിൽ നിന്നുള്ള മടക്ക യാത്രയിൽ അമ്മാവന്റെ വീട്ടിൽ കയറും. ലീല അമ്മായിയെ വല്ലാതെ ശല്യപ്പെടുത്തും.
''അമ്മായി ഒന്ന് ഉത്സാഹിയ്ക്കണം. എന്നാലേ ചേച്ചി പിടി തരും. ഒന്നും കാത്തു നിൽക്കാനില്ല.""
ശരിയാണ്. കാലം അതിവേഗത്തിലാണിപ്പോൾ സഞ്ചാരം. അളിയൻ നിശബ്ദനായിട്ട് മാസം നാലു കഴിഞ്ഞിരിയ്ക്കുന്നു. ഉത്തരവാദിത്തം മൂപ്പരുടേതു മാത്രമല്ലല്ലോ. ഞങ്ങളുടെ വിവാഹം പോലും അദ്ദേഹത്തിന്റെ ഉത്സാഹം ആയിരുന്നു. ചേട്ടനീ നിലയിൽ ആയതിനു പിന്നിൽ അളിയന്റെ ഒത്തിരി കരുതലും പ്രയത്നവും ഉണ്ട്. മെട്രിക്കുലേഷന് അപ്പുറം പഠിത്തം പോവില്ലായിരുന്നു, അളിയൻ കൂടെ നിർത്തിയില്ലായിരുന്നു എന്ന് വരികിൽ. കുട്ടികൾ ഇല്ലാത്തതിന്റെ വ്യസനം ലക്ഷ്മി ഏടത്തിക്കുമുണ്ടായിരുന്നു. മാധവേട്ടൻ ആ കുറവ് നികത്തി. നിമ്മിയുടെ പ്രസവത്തിൽ ലക്ഷിയേടത്തി ആയിരുന്നു അമ്മയുടെ സ്ഥാനത്ത്. നിമ്മിക്ക് ഒരു വയസ് കഴിഞ്ഞ ശേഷമാണു ലക്ഷ്മിയേടത്തി ഗർഭിണി ആകുന്നത്. നിമ്മിയെ നോക്കേണ്ടതു കൊണ്ട് തനിയ്ക്ക് ഒന്നും ചെയ്തു കൊടുക്കാൻ പറ്റിയില്ല. അതെ, കാലം ശീഘ്രം ആയാണ് ഇപ്പോൾ സഞ്ചാരം! ലീല ഇടയ്ക്കിടെ ലക്ഷ്മിയേടത്തിയുടെ വീട്ടിൽ എത്തി. അനിതയുടെ മുറിയിൽ കതകടച്ചു എന്തൊക്കെയോ രഹസ്യ സംഭാഷണങ്ങളിൽ ഏർപ്പെട്ടു.
ഒടുവിൽ അനിത സറണ്ടർ ചെയ്തു. വ്യക്തത ഇല്ലെങ്കിലും തനിയ്ക്കു ഒരാളോട് ഒരു ലേശം മമതയുണ്ട്. സക്കറിയ തന്റെ കൊളീഗാണ്. ഒപ്പം ജോലിയിൽ പ്രവേശിച്ചവർ. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ഏതാണ്ട് പതിനൊന്നു മണിക്ക് റോഡിനെതിർവശമുള്ള റെസ്റ്റോറന്റിൽ ചായക്ക് വിളിക്കും. പോകാതിരിയ്ക്കാനാവില്ല. ഒരു കടി രണ്ടു ചായ അല്ലെങ്കിൽ ഒരുകോഫി തനിയ്ക്കും സക്കറിയക്കു ചായയും. രണ്ടു വർഷം കഴിഞ്ഞു. ഇതുവരെ ഈ പതിവ് മുടക്കിയിട്ടില്ല. ഒരിക്കൽ പോലും പൈസ കൊടുക്കാനും സമ്മതിക്കില്ല. ഒരക്ഷരം മിണ്ടുകയുമില്ല. ചൂട് ചായ എങ്ങിനെയോ ഒറ്റമിനിട്ടിൽ കുടിച്ചു വറ്റിയ്ക്കും. എന്നിട്ടേ വട കഴിയ്ക്കു. അപ്പോൾ ഊതി ഊതി തണുപ്പിച്ചു കോഫി കഴിയ്ക്കുന്ന തന്നെ സകൂതം നോക്കിയിരിയ്ക്കും. കോഫി കഴിഞ്ഞാൽ ഒരു പേപ്പർ നാപ്കിൻ എടുത്തു തരും. എഴുന്നേറ്റു കഴിഞ്ഞു. ഇതിനെ ഞാൻ എന്തു വിളിയ്ക്കണം? അച്ഛന്റെ തിരോധാനത്തിന് ശേഷം ഓഫീസിൽ നിന്നു വന്ന ഒരു സംഘത്തിൽ സക്കറിയയും ഉണ്ടായിരുന്നു. വിശേഷിച്ച് ഒരു ഭാവപ്രകടനവും കണ്ടില്ല. ഒന്ന് സഹതപിച്ചതുമില്ല! പോകുമ്പോൾ, ഒരു ഉപചാരം പോലെ പറഞ്ഞു; ബോറടിച്ചു തുടങ്ങി, ജോയിൻ ചെയ്തു കൂടെ? സത്യത്തിൽ പിറ്റേന്ന് തന്നെ ജോയിൻ ചെയ്യണമെന്ന് തോന്നി പിന്നെ തിങ്കളാഴ്ച ആകട്ടെ എന്ന് കരുതി. തിങ്കളാഴ്ച എല്ലാം മാറ്റി മറിച്ചു.
പതിവുപോലെ റെസ്റ്റോറന്റിൽ പതിനൊന്നോടെ എത്തി. എന്തെങ്കിലുമൊക്കെ ചോദിക്കാമെന്ന് കരുതി. പതിവുരീതി മാറ്റി രണ്ടു തണുത്ത ലിംക ഓർഡർ ചെയ്തു.
''ഇന്ന് ചായ വേണ്ട. ചൂട് ആവശ്യത്തിന് ഉള്ളിലുണ്ടെന്നറിയാം. ഒന്ന് തണുക്കാം നമുക്ക്.''
വളരെ ഉച്ചത്തിലാണ് ലിംകയ്ക്ക് ഓർഡർ നൽകിയതും. ഈ മനുഷ്യന് ഇത്രയൊക്കെ ഒച്ചവയ്ക്കാനാകുമോ? ഞാൻ അത്ഭുതപ്പെട്ടു. ലിംക എത്തി. കുപ്പി തന്റെ കയ്യിലേക്ക് വച്ച് നീട്ടി. എന്താ ഇപ്പോൾ ഈ ഔദാര്യം! പിടിയ്ക്കൂ!
''ഒന്ന് തണുക്കട്ടെടോ അനി!""
വൈദ്യുതിപ്രവാഹം പോലെ തോന്നി ശരീരത്തിൽ! എന്താ വിളിച്ചത്... അനി, അനിത എന്നു പോലും കൃത്യമായി വിളിച്ചു കേട്ടിട്ടില്ല. അല്ലെങ്കിൽ ആഴ്ചയിലൊരിയ്ക്കൽ നടക്കുന്ന റിവ്യൂ മീറ്റിംഗുകളിൽ പേര് പറയേണ്ട സാഹചര്യങ്ങളിൽ കൃത്യമായി ഔപചാരികതയോടെ മിസ് അനിത! ഇതിപ്പോൾ ഞാനാകെ വിരണ്ടു സക്കറിയയെ നോക്കി.
''അതേയ്... ഞാനൊരു കുരുത്തക്കേട് കാണിച്ചു. അത് ഇനി പറയാതിരിക്കാൻ വയ്യ.
പെൺബുദ്ധിയല്ലേ!പെട്ടെന്ന് ഞാൻ ഉറപ്പിച്ചു: അപ്പോൾ പെണ്ണ് കാണൽ കഴിഞ്ഞു. അതാണീസൽക്കാരം. ഉള്ളിൽ സങ്കടം ഉറവപൊട്ടുമെന്നു തോന്നി. സ്ട്രോയിലൂടെ ലിംക വലിച്ചുകുറെ അകത്താക്കി. സക്കറിയയിൽ നിന്നും നോട്ടം മാറ്റി.
''എടോ... താനിതൊന്ന് ശ്രദ്ധിയ്ക്കൂ...""
ആകാംക്ഷയോടെ ഞാൻതലയുയർത്തി.എപ്പോഴാണെങ്കിലുംകേൾക്കണമല്ലോ. താൻ തീരെ കുട്ടിയൊന്നുമല്ലല്ലോ!
''ഞാനന്ന് വീട്ടിൽ വന്നിരുന്നില്ലേ?""
ഞാൻ ആകാംക്ഷയോടെ ചെവി കൂർപ്പിച്ചു. എന്താണാവോ അതിന്?
''അന്ന് എനിക്ക് തോന്നി ആ വീടിനോടു എന്തോ മുൻകാല ബന്ധമുണ്ടെന്ന് . ഒരുതരം ചിരകാല പരിചിതത്വം!
''മതി സമയം ഒരുപാടായി.""
ഞാൻ എഴുന്നേറ്റു സക്കറിയ എന്റെ കയ്യിൽ പിടിച്ചു കസേരയിൽ ഇരുത്തി; അധികാരത്തോടെ. എന്താ ഈ കാണിക്കുന്നേ... ആളുകൾ കാണുന്നുണ്ട്. എന്താ ഇപ്പോ ഇങ്ങനെസക്കറിയ.
''എടോ തന്നോട് പറയാനുള്ളത് തന്നോടല്ലേ പറയേണ്ടത് അല്ലാതെ അയൽപ്പക്കത്തുള്ളവരോടല്ലല്ലോ?""
''മതിയെന്ന് പറഞ്ഞില്ലേ""
''നോക്ക് എല്ലാവരും നമ്മളെയാ ശ്രദ്ധിയ്ക്കുന്നത്. ജസ്റ്റ് ടു മിനുറ്റ്സ് മോർ.""
എന്നാൽ പറഞ്ഞു തുലയ്ക്ക് എന്ന മട്ടിൽ ഞാൻ സക്കറിയയെ നോക്കി ഇരുന്നു. കുപ്പിയിലെ അവസാനത്തെ തുള്ളിയും സ്ട്രോയിലൂടെ വലിച്ചെടുത്തു. സക്കറിയ രണ്ട് കുപ്പികളും ടേബിളിന്റെ മൂലയിലേക്ക് നീക്കി വച്ചു. എന്നിട് കസേരയിൽ നിവർന്നിരുന്നു.
''ബീ സീരിയസ്. താൻ ഈ നിമിഷം സമ്മതിച്ചാൽ നമ്മൾ പത്തു ദിവസത്തിനുള്ളിൽ വിവാഹിതരാകും. ആസ് സിംപിൾ ആസ് ദാറ്റ്.""
വീണ്ടും ശരീരത്തിലൂടെ അടിമുടി വൈദ്യുതി കടന്നു പോയി. ശ്വാസം നിലച്ചുപോകുമെന്ന് തോന്നി. ഒന്നും മനസിലാകാത്ത മട്ടിൽ സക്കറിയയെ തുറിച്ചു നോക്കി.
എന്താ ഈ മനുഷ്യൻ പറയുന്നത്. വട്ടായോ?
''അല്ലെങ്കിൽ വൈകിട്ട് വരുമ്പോൾ പറഞ്ഞാലും മതി. പറഞ്ഞില്ലെങ്കിൽ പിന്നെ രജിസ്റ്റർ കച്ചേരിയിൽ വച്ചു കാണാം. ഞാൻ ലീവിൽ പോകും.""
''ഈശ്വരാ!""
ഞാനറിയാതെ പറഞ്ഞു പോയി.
ഒരത്താണി, ഒരു താങ്ങ്, ഒരു ബലം, ഇത്രയും താങ്ങാൻ വയ്യ.
''അതേയ് എല്ലാവരും സസ് പെൻസിലാ. സ്ഥലം വിടാം. സസ്പെൻസിൽ നിൽക്കട്ടെ.""
എത്ര കൂളായിട്ടാണ് സക്കറിയ കാര്യങ്ങൾ പറയുന്നത്. ഈ വാക്ചാതുര്യം ഒന്നും രണ്ടുവർഷംകൂടെയുണ്ടായിട്ടും പുറത്തെടുത്തിട്ടില്ലല്ലോ.എന്നിട്ടിപ്പോ എടുപിടി എന്ന് പറഞ്ഞു മനുഷ്യനെ വട്ടാക്കുന്നു. എന്താ വിളിയ്ക്കേണ്ടേ? അധിക പ്രസംഗി...ധിക്കാരി....തെമ്മാടി.......പെട്ടെന്ന് അച്ഛനെ ഓർമ്മവന്നു. അച്ഛന്റെ അന്നത്തെ ആ ഡയലോഗ്; നമ്മൾ യഥാർത്ഥത്തിൽ അന്തിയുറങ്ങുന്നതുസ്വപ്നങ്ങളിലാണോ?""
മനസിന്റെ പിടിവിട്ട ഞാൻ തേങ്ങി കരഞ്ഞു.
അമ്മായിയോട് പറഞ്ഞു തീർന്നപ്പോഴും അനിത തേങ്ങി കരഞ്ഞു.അവളെ അമ്മായി ചേർത്ത് പിടിച്ചു.സാരമില്ല. ഒക്കെ നേരെയാകും. അമ്മായി കൂടെയുണ്ട്
***********
രണ്ടാഴ്ചയ്ക്കുള്ളിൽ മാധവൻ അങ്കിളിന്റെയും ലീലാമ്മായിയുടെയും കാർമ്മികത്വത്തിൽ അനിതയും സക്കറിയയും രജിസ്റ്റർ വിവാഹിതരായി. മാന്യമായ ഒരു റിസപ്ഷനും വൈകുന്നേരം നടന്നു. വിവാഹത്തിനുമുമ്പ് സക്കറിയ ഒരു കണ്ടീഷൻ മുന്നോട്ടുവച്ചിരുന്നു. വിവാഹശേഷം അനിത തന്റെ വീട്ടിലേയ്ക്കു മാറണം. നാട്ടുനടപ്പായതുകൊണ്ട് മാത്രമല്ല, സക്കറിയയുടെ പിതാവ് നന്നേ വൃദ്ധനാണ്. അമ്മച്ചിയും ഒട്ടും പിന്നിലല്ല. സക്കറിയയുടെ മൂത്തവർ രണ്ടുപേരും പുറം നാടുകളിലാണ്. പ്രാരാബ്ധങ്ങളും കുറവല്ല. അപ്പന്റെ പൂർണ ഉത്തരവാദിത്വം തനിയ്ക്കാണ്. അത് വിട്ടൊരു കളിയില്ല. വാരാന്ത്യത്തിലേ ഫാമിലിഗെറ്റുഗദറിന് അനിത ഉണ്ടാവുക ചെയ്യും.
ഇരുഗൃഹങ്ങളും നഗരത്തിന്റെ എതിർ ദിശകളിലായിരുന്നു. അനിതയ്ക്കു പെട്ടെന്ന് ഒരുപറിച്ചു നടൽ ആലോചിയ്ക്കാനാവുമായിരുന്നില്ല. ജീവിതത്തിൽ, പക്ഷേ, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതൊക്കെ അചിന്ത്യമായവയാണ്. അച്ഛൻ ഒരിയ്ക്കലും അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്നില്ല. അല്ലെങ്കിൽ പുള്ളി എന്തിലാ വിശ്വസിച്ചിരുന്നത്? സ്വന്തം ഉറക്കത്തെ പോലും സംശയിച്ച മനുഷ്യൻ!
അനിത ഭയന്ന പോലെയുള്ള സ്വീകരണമായിരുന്നില്ല സക്കറിയയുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ചത്. പ്രൊഫസറുടെ തിരോധാനം അവർ ഗ്രഹിച്ചിരുന്നു. ഒരു കാരണവശാലും വാക്കിലോ നോക്കിലോ കുട്ടിയ്ക്ക് വ്യസനം ഉണ്ടാകുന്നതൊന്നും സംസാരിയ്ക്കരുതെന്നു ഇരുവരും ആലോചിച്ചു ഉറപ്പിച്ചിരുന്നു. മരുമകൾ എന്ന പ്രയോഗം ഇല്ല. മകൾ തന്നെ. ആ കുട്ടിയാണ് ഇനി ഞങ്ങളുടെ രക്ഷകർത്താവ്. അവൾ ചിരിച്ചാൽ മാത്രമേ ഈ മുറ്റത്തെ പൂക്കളും ചിരിയ്ക്കൂ. ഇല്ലെങ്കിൽ അവ വാടിയും കൂമ്പിയും നിൽക്കും. സക്കറിയ ഇത്ര നല്ലൊരു യുവാവാകാൻ കാരണം ഈ മാതാപിതാക്കളുടെ ശിക്ഷണം തന്നെ. അത്ഭുതങ്ങൾ ഇടയ്ക്കൊകെ സംഭവിക്കാം. അച്ഛനും തെറ്റാം!
******************
പതിവ് ശനിയാഴ്ച കൂട്ടായ്മയിൽ മാധവൻ അങ്കിൾ രഹസ്യം പോലെ ഒരു ആശയം പങ്കുവച്ചു. താൻ തിങ്കളാഴ്ച അളിയന്റെ കോളേജിൽ പോയിരുന്നു. ഒരു കേർട്ടസികാൾ. പ്രിൻസിപ്പലിനെ അറിയാം. അളിയന്റെ വിലപ്പെട്ട പുസ്തകങ്ങൾ ഓഫർ ചെയ്താൽ സൂക്ഷിയ്ക്കാൻ പറ്റുമോ എന്ന് ആരാഞ്ഞു.
''പിന്നെന്താ സന്തോഷമേ ഉള്ളൂ. എന്നാലും കമ്മറ്റിയുടെ അപ്രൂവൽ വാങ്ങണം. അത് അത്ര വിഷമം ഉള്ള കാര്യമല്ല.""
രണ്ടു നാളുകൾക്കു ശേഷം പ്രിൻസിപ്പൽ തിരികെ വിളിച്ചു. സംഗതി എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാമെന്നും, പുസ്തകത്തിന്റെ വാല്യൂ നോക്കി ചിലപ്പോൾ പ്രൊഫസറുടെ പേരിൽ ഒരു സെക്ഷൻ തന്നെ വേർതിരിച്ചു സൂക്ഷിക്കാമെന്നും ഏറ്റിട്ടുണ്ട്. ഞാൻ ആലോചിച്ചത് ഇത്രയും വലിയ ഒരു ശേഖരം പൊടിയടിച്ചു വെറുതെ ഇരിയ്ക്കുന്നതിനു പകരം കുട്ടികൾക്ക് ഉപകാരപ്പെടട്ടെ. ഇത്രയും വലിയൊരു മുറി വെറുതെ അടച്ചിടുകയും വേണ്ട.
മാധവൻ ഇങ്ങനെ ആണ്. അളിയന്റെ അതേ പ്രകൃതം. എല്ലാം തീരുമാനിച്ചു ഉറപ്പിയ്ക്കും. മറ്റുള്ളവർക്ക് പ്രത്യേകിച്ചു അഭിപ്രായം പറയാനുള്ള സ്കോപ്പ് പൂർണ്ണമായും അടച്ചിടും. ഇതിപ്പോൾ അത്ര മോശപ്പെട്ട ഒരു തീരുമാനമല്ല താനും. വേഗത്തിൽ എല്ലാം തീരുമാനിക്കപ്പെട്ടു. പുസ്തകങ്ങൾ കോളേജിന് കൈമാറാം. എന്നാൽ ലക്ഷ്മി മാത്രം ദുർമുഖം കാണിച്ചു.
''അതൊന്നും നടക്കില്ല. അദ്ദേഹം തിരികെ വരുമ്പോൾ കാലിയായി കിടക്കുന്ന മുറി ! അതെനിക്ക് സങ്കല്പിക്കാനാവില്ല. അതൊന്നും നടക്കില്ല മാധവാ. നീ ഇതിലിടപെടേണ്ട.""
പക്ഷേ അനിതയും അനിരുദ്ധനും മീനു പോലും അങ്കിളിന്റെ യുക്തിയിൽ ന്യായം കണ്ടിരുന്നു.
''എപ്പോഴാണെങ്കിലും ഇതു ഒരു ബാദ്ധ്യത ആണ്. നിധി കാക്കുന്ന ഭൂതത്തെപോലെ നോക്കിയിരിയ്ക്കണം. ഒന്നാമത് കുടുംബത്തിൽ അംഗങ്ങളുടെ എണ്ണം കൂടുന്നു.""
അനിതയ്ക്ക് സ്വാർത്ഥമായ താത്പര്യമുണ്ടായി. എങ്ങാനും രാത്രി തങ്ങേണ്ടി വന്നാൽ രണ്ടുപേർക്കും ഈ മുറിയാവും ഉചിതം പോരെങ്കിൽ അച്ഛന്റെ ഓർമ്മകളും!
ലക്ഷ്മി തീർത്തും അങ്കലാപ്പിൽ ആയിരുന്നു. മൂപ്പർ വന്നാൽ ശൂന്യമായ മുറിയാകും കാത്തിരിയ്ക്കുന്നതെങ്കിൽ !വന്നതുപോലെ മടങ്ങിയിരിയ്ക്കും. അത് കാണാൻ വയ്യ! എങ്കിലും ആയതു പിന്നീട് സംഭവിച്ചു. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോളേജിന്റെ ലൈബ്രേറിയനും മറ്റു മൂന്ന് സ്റ്റാഫുകളും വീട്ടിലെത്തി. ഒപ്പം മാധവനും എത്തി!
''ചേച്ചി ഇവർ ഈ പുസ്തകങ്ങളൊക്കെ ഒന്ന് പരിശോധിക്കും. ഉപയോഗമുള്ളതു മാത്രം കൊണ്ട് പോകു. ചേച്ചി പരിഭ്രമിക്കേണ്ട.""
അയാൾ ചേച്ചിയെ മയപ്പെടുത്തി.
ലക്ഷ്മി കുറെ ദിവസമായി മാനസികമായ ഒരു തയ്യാറെടുപ്പിലായിരുന്നു. മാധവൻ അങ്ങിനെയാണ്. ഒരുകാര്യം ചെയ്യാനുറച്ചാൽ പിന്നെ ഇടം വലംനോട്ടമില്ല.
''എനിക്കിവനെ അറിയില്ലേ. ഞാൻ വളർത്തിയ കുട്ടിയല്ലേ. ദോഷമാകുന്നതൊന്നും ചെയ്യില്ല. ഒരു കണക്കിന് ഒരുമുറി വെറുതെ അടച്ചു പൂട്ടിയിടാൻ ബംഗ്ലാവൊന്നുമല്ല നമ്മുടെ വീട്. ഇതു ഒന്നും എനിക്കു കാണണ്ട""
പിറുപിറുത്തു ലക്ഷ്മി അടുക്കളയിൽ മറഞ്ഞു. അതുമതി എന്ന് മാധവനും കരുതി. സന്ധ്യയോടെ എല്ലാ പുസ്തകങ്ങളും ഇൻഡെക്സ് ചെയ്തുവന്ന സ്റ്റാഫ് പിൻവാങ്ങി.
പിറ്റേന്നും അവർ എത്തി. പുസ്തകങ്ങൾ വക തിരിച്ചു സ്റ്റിക്കറുകൾ ഒട്ടിച്ച് അവർ കൊണ്ടുവന്ന കാർട്ടണുകളിൽ ഭംഗിയായി അടുക്കി വച്ചു. ഉച്ചയ്ക്ക് മുന്നെ ഒരു ട്രക്കും എത്തി. അതിൽ നിന്നും രണ്ടുമൂന്നു ചെറുപ്പക്കാർ കാർട്ടണുകൾ ട്രക്കിലേക്കു നീക്കി തുടങ്ങി.
ഉച്ചയോടെ അനിത എത്തി. കാർട്ടണുകൾ ഏറിയ പങ്കും ട്രക്കിൽ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. അനിത നേരെ അമ്മയെ അന്വേഷിച്ചു മുറിയിൽനോക്കി. അവിടെയില്ല. പിന്നെ അടുക്കളയിൽ എത്തി.
ധ്യാനത്തിലെന്നപോലെ ലക്ഷ്മി എന്തോ ഉരുവിട്ടു കൊണ്ടിരുന്നു.
''അവസാനത്തെ അടയാളവും മാഞ്ഞു കഴിഞ്ഞു. ഇനിയൊന്നും ബാക്കിയില്ല.""
ആ വരികൾ അവർ തുടർന്നുകൊണ്ടേയിരുന്നു.
''അമ്മേ""
അനിത അമ്മയെ ധ്യാനത്തിൽ നിന്നും ഉണർത്തി. എനിക്കു വിശക്കുന്നു.'അമ്മ പ്രതികരിച്ചില്ല. കണ്ണുകളടച്ചു അവർ ഉരുവിട്ട് കൊണ്ടേയിരുന്നു.അനിത അച്ഛനെയോർത്തു. അച്ഛൻ പറഞ്ഞത് എത്ര കൃത്യമായിരുന്നു. അമ്മ ഇപ്പോൾ യഥാർത്ഥത്തിൽ അന്തിയുറങ്ങുന്നത് സ്വപ്നങ്ങളിലാണോ അതോ യാഥാർഥ്യങ്ങളിലോ?
തള്ളക്കോഴി തന്റെ കുഞ്ഞിനെ ചിറകിനുള്ളിൽ സുരക്ഷിതമാക്കുന്നതുപോലെ അനിത അമ്മയെ ചേർത്തു പിടിച്ചു.
(അവസാനിച്ചു)