അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് മുലപ്പാലിലൂടെയാണ്. ആദ്യ ആഴ്ചകളിൽ നവജാത ശിശു, മുലഞെട്ടുകളെ നുകരുമ്പോൾ അത് ഉത്തേജിക്കപ്പെടുകയും കൂടുതൽ പ്രോലാക്ടിനും അതുവഴി മുലപ്പാലും ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. രാത്രിയിൽ പ്രോലാക്ടിൻ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ഈ സമയത്ത് മുലയൂട്ടുമ്പോൾ കൂടുതൽ പാലുണ്ടാകും.
മുലപ്പാൽ ചുരത്താൻ സഹായിക്കുന്നത് ഓക്സിടോസിൻ ആണ്. ഇതിന്റെ പ്രവർത്തനം തുടങ്ങുന്നത് അമ്മ പാൽ കൊടുക്കാൻ ആഗ്രഹിക്കുമ്പോഴും ശിശു മുലപ്പാൽ നുകരുമ്പോഴുമാണ്. സ്വന്തം കുഞ്ഞിന്റെ സ്പർശനവും ഗന്ധവും കരച്ചിലും കുട്ടിയെക്കുറിച്ചുള്ള ചിന്തയും ഇതിന് സഹായിക്കും. അതോടൊപ്പം പ്രസവശേഷം ഗർഭപാത്രം ചുരുങ്ങാനും രക്തസ്രാവം കുറയ്ക്കാനും ഓക്സിടോക്സിന്റെ ഉദ്പാദനം സഹായിക്കുന്നുണ്ട്.
നവജാതശിശുവിന് നൽകുന്ന ആദ്യത്തെ രോഗപ്രതിരോധ മരുന്നാണ് കൊളസ്ട്രം. ഇത് വയറിളക്കം, ശ്വസന രോഗങ്ങൾ തുടങ്ങിയ അസുഖങ്ങളിൽ നിന്ന് പ്രതിരോധിക്കുന്നു. ഇതിൽ എപ്പിഡെർമൽ (Epidermal) വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങൾ ഉള്ളതിനാൽ നവജാതശിശുവിന്റെ കുടലിന്റെ വളർച്ചയെ സഹായിക്കുന്നു. അങ്ങനെ ശിശുവിനെ അലർജിയിൽ നിന്നും ഫുഡ് ഇന്റോളറൻസിൽ നിന്നും സംരക്ഷിക്കുന്നു. നവജാതശിശുവിന്റെ കുടലിനെ ശുദ്ധമാക്കുകയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. കൊളസ്ട്രത്തിൽ വിറ്റാമിൻ എ ധാരാളമുണ്ട്.
മുലപ്പാലിൽ എല്ലാവിധ മാക്രോ ന്യൂട്രിയൻസും അടങ്ങിയിരിക്കുന്നു. ആദ്യത്തെ ആറുമാസത്തെ കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ മൈക്രോന്യൂട്രിയൻസും വെള്ളവും ഇതിലുണ്ട്. മുലപ്പാലിൽ വിവിധ തരത്തിലുള്ള ബയോ ആക്ടീവ് ഘടകവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ അണുബാധയിൽ നിന്നും കുഞ്ഞിനെ പരിരക്ഷിക്കുകയും കുടലിലുള്ള മൈക്രോ ബയോട്ടായെ ക്രമീകരിക്കുകയും ചെയ്യുന്നു.
മുലപ്പാലിലുള്ള ചില ഘടകങ്ങൾ ദഹനപ്രക്രിയയെ സഹായിക്കുന്നതിനാൽ പോഷകങ്ങളെ വേഗത്തിൽ ആഗിരണം ചെയ്യാൻ കഴിയും. മുലപ്പാലിലെ മൊത്തം എനർജിയുടെ അമ്പതുശതമാനം കൊഴുപ്പിൽ നിന്നും കിട്ടുന്നു. മറ്റു പാലുകളെ അപേക്ഷിച്ച് മുലപ്പാലിൽ കൊളസ്ട്രോളിന്റെ അംശം കൂടുതലാണ്. കുട്ടിക്കാലത്ത് കൂടുതൽ കൊളസ്ട്രോൾ ഉൾക്കൊള്ളുന്നത് പിന്നീടുള്ള കാലങ്ങളിൽ കൊളസ്ട്രോളിനെ സംയോഗം ചെയ്ത് ഹെപ്പാറ്റിക് എൻസൈമുകളെ ക്രമീകരിക്കാൻ സഹായിക്കുന്നു. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും കണ്ണിനും ആരോഗ്യകരമായ രക്തക്കുഴലുകൾക്കും ആവശ്യമുള്ള പ്രധാന ഫാറ്റി ആസിഡും എൻ -3 ഫാറ്റി ആസിഡും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് ദഹിക്കാനാവശ്യമുള്ള എൻസൈം ലിപേസ് മുലപ്പാലിലുണ്ട്.
കുഞ്ഞിന് രണ്ട് വയസുവരെ അല്ലെങ്കിൽ കൂടുതൽ കാലം മറ്റ് ആഹാരങ്ങളുടെ കൂടെ മുലപ്പാൽ കൊടുക്കുന്നത് വളരെ ഉത്തമമാണ്. ആറു മുതൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള മികച്ച ഇനം പ്രോട്ടീനിന്റെയും എനർജിയുടെയും മറ്റുപോഷകങ്ങൾ പോലുള്ള വിറ്റാമിനുകളുടെയും വലിയ സ്രോതസാണ് മുലപ്പാൽ. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള എനർജിയുടെ മൂന്നിലൊന്നും പ്രോട്ടീനിന്റെ പകുതിയും വിറ്റാമിൻ എയുടെ 75 ശതമാനം മുലപ്പാലിനും മാത്രം നൽകാൻ കഴിയും. ഈ പോഷകങ്ങൾ മറ്റു ആഹാരങ്ങളിൽ നിന്നും എളുപ്പത്തിൽ ലഭിച്ചു എന്നു വരില്ല. രണ്ടാമത്തെ വർഷവും മുലപ്പാൽ കൊടുക്കുന്നത് തുടരുകയാണെങ്കിൽ കുഞ്ഞിന് പോഷകാഹാരത്തിന്റെയും വിറ്റാമിന്റെയും കുറവ് വരാതെ നോക്കാം.
എത്ര തവണ കുഞ്ഞിന് ആവശ്യമോ അത്രതവണയും എത്രയും നേരം കുഞ്ഞിന് ആവശ്യമോ അത്രയും നേരവും പാൽ കൊടുക്കണം. കുഞ്ഞ് മുലഞെട്ട് വായയിൽ നിന്ന് വിടുവിക്കുന്നതുവരെ പാൽ കൊടുക്കണം. പ്രസവം ശേഷം മുലപ്പാൽ കൊടുക്കുന്നതിനു മുമ്പ് കുഞ്ഞിന് മറ്റുതരത്തിലുള്ള ആഹാരങ്ങളൊന്നും നൽകരുത്. അണുബാധകൾ പോലുള്ള ദോഷകരമായ ഫലങ്ങൾക്ക് പുറമേ ഇത് മുലപ്പാൽ കൊടുക്കുന്നത് നിലനിറുത്തുന്നതിന് തടസം സൃഷ്ടിക്കും. ആദ്യത്തെ ആറുമാസക്കാലം മറ്റുപാലുകളടക്കം ആഹാരങ്ങൾ കൊടുക്കാൻ പാടില്ല. ഇത് മുലപ്പാൽ കുറയാൻ കാരണമാകും. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം കൊടുത്താൽ കുഞ്ഞിന്റെ വിശപ്പ് മാറുമോ എന്നത് അമ്മമാർക്ക് സാധാരണയുണ്ടാകുന്ന സംശയമാണ്. മുലപ്പാൽ മാത്രം കൊടുക്കുമ്പോൾ അതിന്റെ പര്യാപ്തത മനസിലാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. രണ്ടാഴ്ച കൊണ്ട് കുഞ്ഞിന് വേണ്ടത്ര ഭാരം വച്ചിട്ടുണ്ടോ എന്നും ഒരു മാസത്തിൽ അഞ്ഞൂറുഗ്രാം വീതം ഭാരം കൂടിയിട്ടുണ്ടോ എന്നും കുഞ്ഞ് ദിവസത്തിൽ ആറുതവണയെങ്കിലും നന്നായി മൂത്രം ഒഴിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക.