'ഇപ്പോഴത്തെ രാഷ്ട്രീയ ഗ്രഹണം മാറും. തീർച്ചയായും കോൺഗ്രസാകുന്ന സൂര്യൻ ഉദിച്ചുയരും. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള എല്ലാ കോൺഗ്രസുകാരും ഒരുമനസോടെ പ്രവർത്തിക്കും, വിജയിക്കും. ആ പ്രവർത്തകരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകും"
- ചാണ്ടി ഉമ്മൻ പറയുന്നു...
തിരുവനന്തപുരം വിമാനത്താവളത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒരു വിമാനം വരുന്നത് കാത്തു നിൽക്കുകയാണ്. വിമാനം താഴ്ന്നു പറന്ന് വട്ടം കറങ്ങി നിരങ്ങി നീങ്ങി നിന്നു. നിലാവ് പോലുള്ള പുഞ്ചിരിയുമായി രാജീവ് ഗാന്ധി കൈ വീശി ഇറങ്ങി. ഉമ്മൻ ചാണ്ടിയുടെ തോളിലിരുന്ന ചാണ്ടി ഉമ്മൻ കൈയിലിരുന്ന പൂക്കൾ രാജീവ് ഗാന്ധിക്ക് സമ്മാനിച്ചു. രാജീവ് ഗാന്ധിയുടെ കൈയിലിരുന്ന ഷാൾ ചാണ്ടി ഉമ്മന് സമ്മാനമായി കൊടുത്തു. രാജീവ് ഗാന്ധിയെ ആദ്യമായും അവസാനമായും നേരിൽ കണ്ട കഥ പറയുകയാണ് കേരളത്തിലെ തലമുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. അഞ്ചു മാസത്തിനകം രാജീവ് ഗാന്ധി രക്തസാക്ഷിയായി. രാജീവ് ഗാന്ധിയുടെ മരണം ചാണ്ടി ഉമ്മനോട് ആദ്യം ആരും പറഞ്ഞില്ല. നാലു വയസുകാരനായ ചാണ്ടി ഉമ്മൻ രാജീവ് ഗാന്ധിയെ അത്രത്തോളം സ്നേഹിച്ചിരുന്നു. പിന്നീട് മരണമറിഞ്ഞപ്പോൾ ദിവസങ്ങളോളം കരഞ്ഞത് ചാണ്ടിഉമ്മന് ഇപ്പോഴും ഓർമയുണ്ട്. അന്നത്തെ നാലു വയസുകാരനിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി വളർന്നിട്ടും ഇന്നും ആ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ല. ഓർമ്മ വെച്ച നാൾ മുതൽ ചാണ്ടി ഉമ്മൻ കാണുന്നതും കേൾക്കുന്നതും രാഷ്ട്രീയമാണ്. ഉമ്മൻ ചാണ്ടിയുടെ മുത്തച്ഛൻ വി.ജെ. ഉമ്മൻ തിരുവിതാംകൂറിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. രാഷ്ട്രീയത്തിലേക്കുള്ള ചാണ്ടി ഉമ്മന്റെ വരവിൽ പുതുമയില്ല. രാഷ്ട്ര സേവനവും രാഷ്ട്രീയ പ്രവർത്തനവും പുതുപ്പള്ളി കുടുംബത്തിന് പാരമ്പര്യമായി കിട്ടിയതാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവജന രാഷ്ട്രീയത്തിലും കഴിവുകൾ തെളിയിച്ചു കൊണ്ടാണ് ചാണ്ടിഉമ്മൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നത്.
അപ്പയുടെ തല്ലും തലോടലും
അമ്മയാണ് എല്ലാം. ശാസിക്കുന്നതും ഉപദേശിക്കുന്നതും തല്ലുന്നതും തലോടുന്നതുമെല്ലാം അമ്മയായിരുന്നു. മാനത്തെ മഴവില്ല് പോലെ വല്ലപ്പോഴുമാണ് അപ്പയെ കാണാൻ കിട്ടിയിരുന്നത്. വീട്ടിൽ വന്നാലും തിരക്കോട് തിരക്കാണ്. കുട്ടിക്കാലം മുതലേ പരീക്ഷയെ കുറിച്ചും മാർക്കിനെ കുറിച്ചും പേടിക്കാതിരിക്കാൻ അപ്പ ആത്മധൈര്യം തരുമായിരുന്നു. ഈ ആത്മധൈര്യത്തിൽ നിന്നാണ് ഒന്നിനെ കുറിച്ചും വേവലാതിപെടാതിരിക്കാൻ എനിക്ക് ധൈര്യം കിട്ടിയത്. അമ്മയാണ് അപ്പോഴും ഇപ്പോഴും കൂട്ടിനുള്ളത്. കുട്ടിക്കാലത്ത് ഒരു കാര്യം മാത്രമേ ഞാൻ അപ്പയോട് ആവശ്യപ്പെട്ടിട്ടുള്ളൂ. സോണിയാ ഗാന്ധിയെ കാണണം എന്നതാണ് ആവശ്യം. എന്നെ ഡൽഹിയിൽ കൊണ്ടു പോയി സോണിയ ഗാന്ധിയെ പരിചയപ്പെടുത്തുകയും സംസാരിക്കുകയും ചെയ്തു.രണ്ടാമത് മുഖ്യമന്ത്രി കസേരയിലെത്തിയ ആദ്യ നാളുകളിൽ അപ്പ ആരോഗ്യം നോക്കാതെ ഓടാൻ തുടങ്ങി. കൃത്യമായി ഭക്ഷണം കഴിക്കില്ല. കൃത്യമായി ഉറങ്ങില്ല. യാത്രയോട് യാത്ര. രാത്രി രണ്ടു മണിക്ക് വന്നാലും രാവിലെ നാല് മണിയാകുമ്പോൾ വീട്ടിൽ നിന്നിറങ്ങും. മകൻ എന്ന നിലയിൽ എനിക്ക് ഇത് താങ്ങാൻ കഴിയാത്ത സങ്കടമായി. അപ്പയോട് ആഹാരം കഴിക്കുന്ന കാര്യത്തിലെങ്കിലും കൃത്യനിഷ്ഠ പാലിച്ച് ആരോഗ്യം നോക്കണമെന്ന് പറഞ്ഞു കൊണ്ടിരുന്നു. മക്കൾ പറഞ്ഞതൊന്നും തിരക്കിനിടയിൽ അപ്പ കാര്യമാക്കിയില്ല. ഒരു ദിവസം രാത്രി ഒരു മണിക്ക് വീട്ടിൽ വന്ന അപ്പ മൂന്നു മണി വരെ ഫയലുകൾ ഒപ്പിട്ടതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. ഞാൻ ഫയലുകൾ എല്ലാം കൂടി എടുത്ത് എന്റെ മുറിയിൽ ഒളിച്ചു വെച്ചു.അപ്പ രാവിലെ പോകാൻ തയ്യാറായപ്പോൾ ഫയലുകൾ കാണാനില്ല. എന്റെ ജീവിതത്തിൽ അന്ന് ആദ്യമായാണ് അപ്പ എന്നോട് ദേഷ്യപ്പെട്ടത്. എന്റെ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ മകൻ എന്ന നിലയിൽ ഞാൻ അന്ന് അപ്പയുടെ ആരോഗ്യത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. ആദ്യമായി ദേഷ്യപ്പെട്ടത് കൊണ്ടായിരിക്കണം എനിക്ക് വല്ലാതെ സങ്കടം വന്നു. ഒരുപാട് പേരുടെ ജീവിതമാണ് മുഖ്യമന്ത്രിയുടെ കൈയിലുള്ള ഫയലുകൾ. ഒരിക്കൽ ഒരു അപകടത്തിൽ അപ്പയുടെ കൈയിൽ ഒടിവ് സംഭവിച്ചു. അപ്പയുടെ കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ പ്രായമുള്ള ഒരാൾ വീട്ടിൽ വന്ന് അപ്പയോട് സങ്കടം പറഞ്ഞു. അപ്പയുടെ കാറിലിടിച്ച ഡ്രൈവറുടെ അച്ഛനായിരുന്നു ആ മനുഷ്യൻ. ആ അച്ഛനെ ആശ്വസിപ്പിക്കുകയും കേസ് പിൻവലിക്കുകയും ചെയ്തു. അതാണ് അപ്പയുടെ പ്രത്യേകത.
എന്റെ രാഷ്ട്രീയം
രാഷ്ട്രീയത്തിൽ നിന്ന് എനിക്കൊരിക്കലും മാറി നിൽക്കാൻ കഴിയില്ല. വീട് മുഴുവൻ രാഷ്ട്രീയമാണ്. കരയുന്ന കണ്ണുകളും വിങ്ങുന്ന മനസുമായി അപ്പയുടെ മുന്നിൽ വരുന്നവർ പരാതിക്ക് പരിഹാരം കണ്ട് ചിരിച്ചു കൊണ്ടു പോകുന്നത് കണ്ടാണ് ഞാൻ വളർന്നത്. തളരുന്ന ഒരാളിന് താങ്ങാകാൻ കഴിയണമെങ്കിൽ നല്ല രാഷ്ട്രീയക്കാരനാകണം. നല്ല രാഷ്ട്രം പടുത്തുയർത്തണമെങ്കിൽ നല്ല രാഷ്ട്രീയവും വേണം.സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഞാൻ അപ്പയുടെ വിജയത്തിനു വേണ്ടി പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചു തുടങ്ങി. കേരളം മുഴുവൻ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്ക് വേണ്ടിയും സംഘടനാതലത്തിൽ കോൺഗ്രസിനു വേണ്ടിയും പ്രസംഗിച്ചു. ഉപരിപഠനം ഡൽഹിയിലായതു കൊണ്ട് എൻ.എസ്.യുവിന്റെ ഡൽഹി ഘടകത്തിലാണ് പ്രവർത്തിച്ചിരുന്നത്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഡൽഹിയിലും പുതുപ്പള്ളിയിലും പരമാവധി ചാരിറ്റി ചെയ്യാൻ കഴിഞ്ഞതിൽ ആത്മസംതൃപ്തി ഉണ്ട്. അപ്പ വീട്ടിലെത്തുമ്പോൾ വീടൊരു രാഷ്ട്രീയ സ്കൂളായി മാറും. പ്രായത്തിന്റെയും പദവിയുടെയും വ്യത്യാസമില്ലാതെ പ്രവർത്തകർ അപ്പക്ക് ചുറ്റുമുണ്ടാകും. സാമാജികനായാലും മന്ത്രിയായാലും മുഖ്യമന്ത്രിയായാലും പ്രതിപക്ഷ നേതാവായാലും അപ്പക്ക് ഭാവ വ്യത്യാസം ഉണ്ടാകാറില്ല. അപ്പയുടെ രാഷ്ട്രീയ സ്കൂളിലെ രാഷ്ട്രീയ വിദ്യാർത്ഥിയായതു കൊണ്ട് സാധാരണക്കാരന്റെ സങ്കടവും സന്തോഷവും തിരിച്ചറിയാൻ എനിക്ക് വേഗത്തിൽ കഴിയും. എന്റെ രാഷ്ട്രീയം രാഷ്ട്രത്തിന്റേയും സാധാരണക്കാരന്റേതുമാണ്.
മതേതര രാഷ്ട്രീയം
ഇന്ത്യ ഇന്ത്യയായത് കോൺഗ്രസിലൂടെയാണ്. ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എന്ത് സംഭാവനയാണ് സ്വാതന്ത്ര്യത്തിന് വേണ്ടി നൽകിയിട്ടുള്ളത്? കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറുമൊക്കെ ഇടതുപക്ഷ ചിന്തകൻമാർ കെട്ടി പൊക്കിയ സ്വാതന്ത്ര്യ സമര ബിംബങ്ങളാണ്. ഇന്ത്യയിൽ യഥാർത്ഥ മതേതര രാഷ്ട്രീയം കൊണ്ടു നടക്കുന്നത് കോൺഗ്രസ് മാത്രമാണ്. ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും തരാതരം പോലെ ഉപയോഗിച്ച് ജനാധിപത്യ ചൂഷണം ചെയ്യുന്നതിലാണ് ഇടതുപക്ഷത്തിന്റെ മിടുക്ക്. മതേതരത്വം ഇടതുപക്ഷത്തിന് വോട്ടുകൾ വേട്ടയാടി പിടിക്കാനുള്ള മുഖംമൂടി മാത്രമാണ്. ജ്വലിക്കുന്ന സൂര്യനെ ഇടക്കിടക്ക് മറയ്ക്കുന്ന ഗ്രഹണം മാത്രമാണ് ബി.ജെ.പി.ഇന്ത്യൻ രാഷ്ട്രീയത്തെ ജ്വലിപ്പിക്കാനും ചലിപ്പിക്കാനും കോൺഗ്രസിന് ഇനിയും കഴിയും. സൂര്യഗ്രഹണം സ്ഥിരമായ പ്രതിഭാസമല്ല. അതൊരു നൈമിഷിക പ്രതിഭാസം മാത്രമാണ്. ഗ്രഹണം മാറിയാൽ രാഷ്ട്രീയ സൂര്യനായ കോൺഗ്രസ് തിളക്കത്തോടെ തിരിച്ചു വരും.
സാംസ്കാരിക രാഷ്ട്രീയം
കേരളത്തിൽ സാംസ്കാരികമായ ഒരു മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് കഴിയണം. ഇടതുപക്ഷ ചിന്തകരായ ചിലർ വരച്ചുവച്ച കള്ളികളിലെ കളങ്ങളിലൂടെയാണ് സാംസ്കാരിക രംഗം കടന്നു പോകുന്നത്.കോൺഗ്രസിന് നിരവധി സാംസ്കാരിക പോഷക സംഘടനകളുണ്ട്. അവയെല്ലാം ഉണർവോടെ മുന്നേറാനുള്ള തയ്യാറെടുപ്പിലാണ്. കാമ്പസുകളിൽ കെ.എസ്.യുവിന്റെ വളർച്ചയാണ് വരാൻ പോകുന്നത്. പുരോഗമനത്തിന്റെ കുത്തക ഏറ്റെടുത്ത ചില സംഘടനകൾ മയക്കുമരുന്നിൽ പൊതിഞ്ഞ പുഴുക്കുത്ത് വീണ പുരോഗമനാശയങ്ങളാണ് കലാലയങ്ങളിൽ കടത്തി വിടുന്നത്. പുതിയ തലമുറയെ സാംസ്കാരികമായി വാർത്തെടുക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. സമാധാനവും സന്തോഷവും ആഗ്രഹിക്കുന്ന പുതു തലമുറ കോൺഗ്രസിനെയാണ് പ്രതീക്ഷയോടെ നോക്കുന്നത്.
പുതിയ ഇന്ത്യ പുതിയ കേരളം
ഇന്ത്യക്കും കേരളത്തിനും എങ്ങനെയാണ് കോൺഗ്രസിനെ മറക്കാൻ കഴിയുന്നത്? ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ ഭരണമാണ് കേരളത്തിലും കേന്ദ്രത്തിലും നടക്കുന്നത്. രാഷ്ട്രീയ ഇരകളുടെ നിലവിളിയും വേട്ടക്കാരുടെ കൊലവിളിയും കാണാതിരിക്കാൻ സാധാരണക്കാരായ നിസഹായർ കണ്ണുകളടക്കാനും കാതുകൾ പൊത്താനും തുടങ്ങി. കോൺഗ്രസിന്റെ തിരിച്ചു വരവാണ് ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. മലയാളിയുടെ നിസഹായവസ്ഥയെ ചൂഷണം ചെയ്തെടുത്ത് കിട്ടിയതാണ് കേരളത്തിലെ തുടർഭരണം. കഴിഞ്ഞ അഞ്ചു വർഷം എന്തെങ്കിലും വികസനം ഈ നാട്ടിൽ നടന്നിട്ടുണ്ടോ? മണ്ണ് തിന്നുന്ന ഉണ്ണികളുടെ നാടായി ഈ മലയാള നാടിനെ മാറ്റിയില്ലേ? കുത്തഴിഞ്ഞ പൊലീസ് ഭരണമല്ലേ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്? ഭരണാധികാരികളുടെ ഇഷ്ടക്കാർക്ക് നഷ്ടമില്ലാത്തതും ഇഷ്ടമില്ലാത്തവർക്ക് കഷ്ടത നിറഞ്ഞതുമായ ഭരണമല്ലേ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ ഗ്രഹണം മാറും. തീർച്ചയായും കോൺഗ്രസാകുന്ന സൂര്യൻ ഉദിച്ചുയരും. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള എല്ലാ കോൺഗ്രസുകാരും ഒരു മനസോടെ പ്രവർത്തിക്കും, വിജയിക്കും. ആ പ്രവർത്തകരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകും. കേരളത്തിലെ പുതിയ നേതൃത്വം പ്രവർത്തകർക്ക് ഉണർവാണ് സമ്മാനിച്ചിരിക്കുന്നത്.