ചെറുപ്പത്തിൽ പൊലീസുകാരനാകാൻ ഏറെ കൊതിച്ചയാൾ. പക്ഷേ, വളർന്നപ്പോൾ ആ മോഹം മാറ്റി വച്ച് അനിമേഷൻ രംഗത്തേക്കായി ശ്രദ്ധ. അച്ഛൻ മലയാള സിനിമയിലെ തിരക്കുള്ള നടനായിട്ടും ബിനുവിന്റെ മനസിൽ അഭിനയം വിദൂരമായി പോലുമുണ്ടായിരുന്നില്ല. എന്നിട്ടും വിധി അച്ഛന്റെ വഴിയിലേക്ക് മകനെയും എത്തിച്ചു. ഒടുവിൽ കാമറയ്ക്ക് മുന്നിൽ നിന്നതേറെയും പണ്ടു കൊതിച്ച അതേ കാക്കിവേഷത്തിലും. ഇപ്പോഴിതാ 'ഓപ്പറേഷൻ ജാവ"യിലെ ജോയി എന്ന് പൊലീസുകാരനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി വാങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടൻ പപ്പുവിന്റെ മകൻ ബിനു പപ്പു.
വ്യത്യസ്ത വേഷങ്ങളാണ് ആഗ്രഹിക്കുന്നത്
'ഒാപ്പറേഷൻ ജാവ"യിൽ പൊലീസ് വേഷം ചെയ്യാൻ വിളിച്ചപ്പോൾ വേണ്ട എന്നായിരുന്നു ആദ്യ തീരുമാനം. അതിന് കാരണമുണ്ട്. പൊലീസ് വേഷത്തിൽ നിന്നൊരു മാറ്റം ആഗ്രഹിച്ച സമയമാണ്. യൂണിഫോമില്ലെന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞതോടെയാണ് മാറി ചിന്തിച്ചത്. 'സഖാവി"ലാണ് ആദ്യമായി മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്. ഫ്ളാഷ് ബാക്കിൽ പൊലീസ് യൂണിഫോമിൽ വരുന്നു. 'അമ്പിളി"യിൽ സൗബിന്റെ അച്ഛൻ ഗണപതി. ആള് പട്ടാളക്കാരൻ. മമ്മൂട്ടിയുടെ 'പരോളിൽ" കാക്കി വേഷം. കഥാപാത്രം ഫോറസ്റ്റ് ഉദ്യോഗസ്ഥൻ. പുത്തൻ പണം, ഹെലൻ, കല വിപ്ളവം പ്രണയം എന്നീ സിനിമയിലും പൊലീസ്. ലൂസിഫറിൽ പൃഥ്വിരാജ് വിളിച്ചു. വകുപ്പ് മാറി. ജയിലറുടെ കാക്കി വേഷം. എട്ടു സിനിമയിൽ പൊലീസ് വേഷത്തിൽ അഭിനയിച്ചു. സ്ഥിരം പൊലീസ് വേഷമാണല്ലോ എന്ന് കേട്ടു തുടങ്ങിയപ്പോൾ ക്ളീഷേയാകുമോയെന്ന് സ്വയം തോന്നി. എന്നാൽ എന്നെ തന്നെ തിരഞ്ഞുവിളിക്കുന്നതിന് കാരണം ഉണ്ടാകുമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് 'ഓപ്പറേഷൻ ജാവ" യിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെയും ധ്യാൻ ശ്രീനിവാസന്റെയും 'ഹിഗ്വിറ്റ"യിൽ സി.ഐ.ടി.യു നേതാവിന്റെ വേഷം .'ഐസ് ഒരതി"യിൽ റേഷൻ കടക്കാരൻ. കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി"യിലൂടെ ആദ്യമായി കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അച്ഛനെ കാണാൻ കിട്ടിയിട്ടില്ല
വിശേഷദിവസങ്ങളിൽ ഒന്നും അച്ഛൻ വീട്ടിൽ ഉണ്ടാവാറില്ല. പകരം അച്ഛന്റെ ഫോൺ വരും. പിറന്നാളിന് ഷർട്ട് വാങ്ങിയോ, പാന്റ്സ് വാങ്ങിയോ, സ്കൂളിൽ മിഠായി കൊടുത്തോ. ഇൗ ചോദ്യം മാത്രമാണ് വരിക. ഇളയ മകനായ എനിക്ക് അത് വലിയ വിഷമമായിരുന്നു. കുട്ടിക്കാലത്ത് അച്ഛനെ ശരിക്കൊന്ന് കാണാൻ കിട്ടിയില്ല. മിക്ക ഒാണത്തിനും സദ്യ കഴിക്കാൻ ഇരിക്കുമ്പോഴാണ് അച്ഛന്റെ ഫോൺ വരിക. അച്ഛൻ വീട്ടിൽ വിരളമായേ ഉണ്ടാവാറുള്ളൂ. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മേഖലയാണ് സിനിമയെന്ന് തോന്നിയിരുന്നു. അതുകൊണ്ട് സിനിമയിൽ വരാൻ ഒരിക്കൽപ്പോലും ആഗ്രഹിച്ചില്ല. എന്നാൽ സിനിമ കാണാനും സിനിമാക്കാരെയും ഇഷ്ടമാണ്. പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ഡിഗ്രി പഠനം കഴിഞ്ഞ് ബംഗളുരുവിൽ അനിമേഷൻ കോഴ്സിന് ചേർന്നു. പതിനേഴുവർഷം അനിമേറ്റർ ആയി ജോലി നോക്കി. അച്ഛൻ മരിച്ച് പതിമൂന്നുവർഷം കഴിഞ്ഞാണ് സിനിമയിലേക്ക് തിരിയുന്നത്.
സിനിമയിലേക്കുള്ള വഴി
ചെറുപ്പത്തിൽ അച്ഛന്റെ മകനായി സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. 'കൗശലം" സിനിമയുടെ ലൊക്കേഷനിൽ അച്ഛൻ കൊണ്ടുപോയതാണ്. അഭിനയിക്കേണ്ട കുട്ടി വന്നില്ല. അച്ഛൻ കയറിവരുമ്പോൾ ടി.വി കാണുന്ന കുട്ടിയുടെ വേഷം അവതരിപ്പിച്ചു .'ഏയ് ഒാട്ടോ"യിൽ സംവിധാനം വേണുനാഗവള്ളി എന്ന പേര് തെളിയുമ്പോൾ ലാലേട്ടന്റെ ഓട്ടോറിക്ഷയിൽ നിന്ന് ആദ്യം ഇറങ്ങുന്ന കുട്ടി ഞാനാണ്. 'ഏകലവ്യനിൽ" ഹോട്ടൽ സാഗരയുടെ മുന്നിൽ കരഞ്ഞു നിൽക്കുന്ന കുട്ടിയും ഞാനാണ്. അച്ഛന്റെ അക്ഷര തിയേറ്റേഴ്സിന്റെ നാടകത്തിൽ കോളേജ് അവധിക്കാലത്ത് അഭിനയിക്കാൻ പോവുമായിരുന്നു. അനിമേറ്ററുടെ ജോലി മെച്ചപ്പെടുത്താൻ സിനിമയുടെ ഫ്രെയിം അറിയുന്നത് നല്ലതാണെന്ന് അറിഞ്ഞപ്പോൾ സഹസംവിധായകനാകാൻ ആഗ്രഹം തോന്നി. 'താരങ്ങളുടെ മക്കളെല്ലാം സിനിമയിൽ, നീ എന്താ അഭിനയിക്കാത്തതെന്ന് " ആ സമയത്ത് കൂടുതലായി കേട്ടു. ഒന്ന് അഭിനയിച്ച് കുളമായാൽ ആ ചോദ്യം പിന്നെ ഉണ്ടാവില്ലെന്ന് മനസിൽ കണക്കുക്കൂട്ടി. ആ ധാരണയിൽ അഭിനയിക്കാൻ തീരുമാനിച്ചു. ഒരുപാട് താരങ്ങളുടെ മക്കൾ അഭിനയിച്ച 'ഗുണ്ട" ആണ് ആദ്യ സിനിമ. പിന്നീട് ആഷിഖ് അബുവിന്റെ 'ഗ്യാങ്സ്റ്ററി"ൽ അവസരം ലഭിച്ചു. ഷൂട്ട് കഴിഞ്ഞ് ഇറങ്ങുമ്പോൾ വിളിക്കാമെന്ന് ആഷിഖേട്ടൻ. ഒരുവർഷം കഴിഞ്ഞ് 'റാണി പത്മിനി"യിൽ അഭിനയിക്കാൻ വിളിച്ചു. അടുത്ത സിനിമയിൽ അസിസ്റ്റ് ചെയ്തോട്ടെന്ന് പാക്കപ്പ് ദിവസം ചോദിച്ചു. 'മായാനദി"യിൽ ആഷിഖേട്ടന്റെ ശിഷ്യൻ. ഗപ്പി, അമ്പിളി, വൈറസ്, ഹലാൽ ലൗവ് സ്റ്റോറി, വൺ എന്നീ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. സിനിമയിൽ എത്തി രണ്ടു വർഷം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു. ആഷിഖേട്ടന്റെ നാരദനിൽ പ്രീപ്രൊഡക്ഷൻ ചെയ്യുമ്പോഴാണ് ഭീമന്റെ വഴിയിൽ അഭിനയിക്കാൻ വിളിക്കുന്നത്. മുഴുനീള കോമഡി ചിത്രമാണ് ഭീമന്റെ വഴി. കൃഷ്ണദാസ് എന്ന ഒാട്ടോ ഡ്രൈവറുടെ വേഷം. ടൊവിനോ തോമസ് - ഖാലിദ് റഹ്മാൻ ചിത്രം 'തല്ലുമാല"യിൽ ചീഫ് അസോസിയേറ്റ് ഡയറക്ടാറാണ്.
സ്നേഹനിധിയായിരുന്നു അച്ഛൻ
അച്ഛൻ വരുമ്പോൾ രണ്ട് അടി കിട്ടാൻ ഞാൻ കാത്തിരിക്കുമായിരുന്നു. എന്നാലേ ഷർട്ടും സൈക്കിളും വരൂ. ഞാൻ നല്ല കുസൃതിക്കാരനായിരുന്നു. സിനിമയിലെ അച്ഛനല്ല ജീവിതത്തിൽ. തനി നാടൻ. കൈലിമുണ്ടുമടക്കി കുത്തി ഷർട്ട് ഇടാതെ തലയിൽ തോർത്തുകെട്ടി കുതിരവട്ടം ജംഗ്ഷനിൽ മീൻ വാങ്ങാൻ പോവും. അച്ഛൻ മരിച്ചിട്ട് ഇരുപത്തിയൊന്ന് വർഷം തികഞ്ഞു. സിനിമയിൽ അച്ഛൻ മരിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അച്ഛനെ മിസ് ചെയ്യുന്നില്ല. ഇപ്പോഴും ടിവിയിൽ അച്ഛനുണ്ട്. എന്റെ കുട്ടിക്കാലത്തും ഇങ്ങനെയായിരുന്നു. രാത്രി വൈകി എത്തുകയും പുലർച്ചെ ഞാൻ എഴുന്നേൽക്കും മുമ്പ് പോവുകയും ചെയ്യും. ആ സമയത്ത് അച്ഛന് മാത്രമല്ല, എല്ലാ സിനിമാതാരങ്ങൾക്കും തിരക്കാണ്. വീട്ടിൽനിന്ന് ലൊക്കേഷനിൽ പോയാൽ ഹോട്ടൽ മുറിയിൽ എത്തിയാൽ മാത്രമേ ഫോൺ ചെയ്യാൻ കഴിയൂ. ഷൊർണൂരിൽനിന്ന് കോഴിക്കോട് വഴി കണ്ണൂരേക്ക് പോകുമ്പോഴും വീട്ടിൽ കയറാൻ കഴിയില്ല. ഏഴുമാസം വരെ അച്ഛനെ കാണാതിരുന്നിട്ടുണ്ട്. സിനിമയിൽ ഉള്ളവർ എന്നെ പപ്പു എന്നാണ് വിളിക്കുന്നത്. അദ്ദേഹം അസാദ്ധ്യ നടനാണ്. സിനിമയിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയ സമയത്താണ് അച്ഛന്റെ മരണം.