സീതാദേവി ടീച്ചർ ഇടയ്ക്കിടെ പറയാറുണ്ട് താൻ അദ്ധ്യാപികയായില്ലെങ്കിൽ തീർച്ചയായും ഒരു പൂക്കാരിയാകുമായിരുന്നു. വിരലുകളിൽ പൂക്കളുടെ മണം. അതിന്റെ ആർദ്രത. മണിക്കൂറുകൾ കഴിഞ്ഞാലും വിരൽത്തുമ്പിൽ ആ സുഗന്ധമുണ്ടാകും. അഴിമതിയുടെയും കൈക്കൂലിയുടെയും കളങ്കമേശാത്ത ജോലി. അത്രയും പറഞ്ഞിട്ട് വിരിയാൻ തുടങ്ങുന്ന ഒരു പൂവിനെപ്പോലെ ചിരിച്ചുതുടങ്ങും.
മക്കളെപ്പോലെ ഇഷ്ടമാണ് ടീച്ചർക്ക് പൂക്കളോടും. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് തന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പനിനീർപ്പൂക്കളായിരിക്കും ടീച്ചർ സമ്മാനിക്കുക. ആ പൂക്കൾക്ക് ടീച്ചർ സ്വർണത്തേക്കാൾ വില കൽപ്പിക്കുമായിരുന്നു. സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് പിരിയാറാകുന്ന വിദ്യാർത്ഥികൾക്ക് ടീച്ചർ ഒരു ഉപദേശം നൽകാറുണ്ട്. മനസിലെപ്പോഴും ഒരു റാഫേൽ മാലാഖ കൂട്ടിനുണ്ടാകട്ടെ, രാമായണത്തിലെയും മഹാഭാരതത്തിലെയും നിരവധി കഥകൾ രസതന്ത്രം അദ്ധ്യാപികയാണെങ്കിലും വിഷയവുമായി ബന്ധപ്പെടുത്തി അവർ പറഞ്ഞുകൊടുക്കുമായിരുന്നു.
ചില കുട്ടികൾ റാഫേൽ മാലാഖയെ പിടികിട്ടാതെ നിൽക്കുമ്പോൾ അല്പം വിശദീകരിക്കും. ബൈബിളിലെ ഓർമ്മിക്കേണ്ട ഒരു സന്ദർഭം, അന്ധനായ പിതാവ് തോബിയാസിനോട് കടം കൊടുത്ത പണം തിരിച്ചുവാങ്ങാൻ നിർദ്ദേശിച്ചു, റാഫേൽ മാലാഖയോടൊപ്പമാണ് തോബിയാസിന്റെ യാത്ര, യാത്രയ്ക്കിടയിൽ ഒരു അരുവി കടക്കണം, അരുവിയിലെ ഔഷധഗുണമുള്ള മത്സ്യങ്ങളെകണ്ടപ്പോൾ തോബിയാസിന് അത് പിടിക്കാനാഗ്രഹം, ആ മത്സ്യത്തിന് തന്റെ പിതാവിന്റെ കാഴ്ച തിരിച്ചുകൊടുക്കാനാകുമത്രേ, റാഫേൽ മാലാഖ കൂട്ടിനുണ്ടെങ്കിൽ എല്ലാ യാത്രകളും ശുഭകരമാകും, ആ മാലാഖയെ നമുക്ക് സ്നേഹമെന്ന് പേരിട്ടുവിളിക്കാം, പഠിക്കാൻ മിടുക്കനായ സജിതൻ വർഷങ്ങൾ കഴിഞ്ഞിട്ടും ആ കഥ ഓർക്കാറുണ്ട്. സഹപ്രവർത്തകരോട് പറയാറുമുണ്ട്. പലവട്ടം ടീച്ചറിൽ നിന്ന് സമ്മാനമായി കിട്ടിയ പനിനീർപ്പൂവിന്റെ മണം വിരൽത്തുമ്പിലുണ്ടെന്നും.
അടുത്തവീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയവരിൽ നിന്നാണ് സീതാദേവി ടീച്ചറുടെ ജീവിതത്തിന്റെ മറ്റൊരുവശം സജിതൻ അറിയുന്നത്. വയസായ ഓമനയമ്മയും ഭർത്താവ് ഉപേക്ഷിച്ചുപോയ രമയുമാണ് പുതിയ വാടകക്കാർ, ഓമനയമ്മ മൂന്നുവർഷമായി ചികിത്സയിലാണ്. ആകെയുണ്ടായിരുന്ന അഞ്ച് സെന്റും ചെറിയ വീടും വിൽക്കേണ്ടിവന്നു. ചെറിയൊരു ബിസിനസ് തുടങ്ങാൻ അഞ്ചുലക്ഷം വേണമെന്ന് രമയുടെ ഭർത്താവ് നിരന്തരം ആവശ്യപ്പെടുമായിരുന്നു, മുഖ്യമായും അതിനുവേണ്ടിയാണ് വീടും സ്ഥലവും വിറ്റത്. പക്ഷേ പണവും വാങ്ങി രമയിൽ സ്വഭാവദൂഷ്യവും ആരോപിച്ച് അയാൾ നാട് വിട്ടു, ഭർത്താവെന്ന വിലാസമില്ലെങ്കിലും സമാധാനത്തോടെ കഴിയാമല്ലോ എന്നാണ് രമയുടെ നിലപാട്, മാസാമാസം ജോലിക്ക് നിന്ന വീട്ടിലെ സീതാദേവിടീച്ചർ കുറച്ച് പണം അയച്ചുതരും.
ജോലിക്ക് നിന്ന സമയത്തെന്നപോലുള്ള പണം മറ്റാര് നൽകും? സീതാദേവി ടീച്ചറെന്ന് കേട്ടപ്പോൾ സജിതൻ ആകാക്ഷയോടെ കൂടുതൽ തിരക്കി, സീതാദേവി ടീച്ചർക്ക് അഞ്ചുവർഷം മുമ്പ് കാൻസർ ബാധിച്ചു,ലഅവർ തളർന്നില്ല. ഭക്തിയും മനോബലവും കൊണ്ട് രോഗത്തെ തുരത്തി, ആ കാലമത്രയും സഹായത്തിന് നിന്നത് ഓമനയമ്മ. ആ സഹായം കിട്ടിയില്ലായിരുന്നെങ്കിൽ തിരിച്ചുവരാൻ കഴിയുമായിരുന്നില്ലെന്ന് ടീച്ചർ പറയാറുണ്ട്. ഇപ്പോൾ ഓമനയ്ക്ക് അസുഖമല്ലേ, സഹായിക്കാൻ ഓമന കൂടെയുണ്ടെന്ന തോന്നൽ ഒരു കരുത്താണ്. അതിനുള്ള സമ്മാനമാണെന്ന് കൂട്ടിക്കോ എന്ന് പറഞ്ഞാണ് ടീച്ചർ പണമയക്കുന്നത്. കൺമുന്നിലെ കൂരിരുട്ടിൽ പൂത്തിറങ്ങുന്ന മിന്നാമിനുങ്ങുപോലെയാണ് ടീച്ചർ. രമ ടീച്ചറുടെ വിശേഷങ്ങൾ പറയുമ്പോൾ റാഫേൽ മാലാഖയുടെ മുഖം ടീച്ചറുടെ മുഖമായി മാറുന്നതുപോലെ തോന്നി സജിതന്. അയാൾ സ്വന്തം വിരലുകൾ മണത്തുനോക്കി, ടീച്ചർ പണ്ട് സമ്മാനിച്ച പനിനീർപ്പൂവിന്റെ മണം.
ഫോൺ: 9946108220