പുരുഷൻ ചെയ്യുന്നതെല്ലാം ചെയ്യലല്ല സ്ത്രീ വിമോചനം. പെണ്ണുങ്ങൾ ചെയ്യുന്ന എത്രയോ കാര്യങ്ങൾ ആണുങ്ങൾക്കു ചെയ്യാൻ പറ്റാത്തതായി ഉണ്ട്. ലിംഗസമത്വം എന്ന കാഴ്ചപ്പാടാണ് നമുക്കാവശ്യം." എഴുത്തിന്റെ പുതുവഴികളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരി ജിസ ജോസിന്റെ കാഴ്ചപ്പാടുകൾ...
കഥയിലും നോവലിലും വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരിയാണ് ജിസ ജോസ്. സ്ത്രീമനസിന്റെ ഗുഹാമാർഗങ്ങളിലൂടെ വായനക്കാരനെ കൂട്ടി കൊണ്ടുപോകുന്ന ശക്തമായ സ്ത്രീപക്ഷ എഴുത്താണ് അവരുടേത്. തന്റേടമുള്ള സ്ത്രീകളെ ജിസയുടെ സാഹിത്യലോകത്ത് കാണാം. ബ്രണ്ണൻ കോളേജിലെ അദ്ധ്യാപികയായ എഴുത്തുകാരി മനസ് തുറക്കുന്നു.
സ്ത്രീകളെ കേന്ദ്രീകരിച്ചാണ് കൂടുതലും എഴുതുന്നത്? സമൂഹത്തിൽ മുഖ്യകേന്ദ്രം പുരുഷനായി തുടരുകയല്ലേ?
അതെ. അതു സ്വാഭാവികവുമാണെന്നാണ് തോന്നുന്നത്. സ്ത്രീ എന്ന നിലയിൽ അനുഭവിച്ചതും അറിഞ്ഞതുമൊക്കെ അവളുടെ കാഴ്ചപ്പാടിൽ ആവിഷ്ക്കരിക്കുന്നത് സ്ത്രീകളായ എഴുത്തുകാർക്ക് കൂടുതൽ സൗകര്യപ്രദമാണെന്നാണ് എന്റെ അനുഭവം. നമ്മുടേതുപോലുള്ള ഒരു ആണധികാര സമൂഹത്തിൽ പുരുഷന്റെ പ്രാമാണ്യം വളരെ വലുതാണ്. പക്ഷേ അതിനെ ചോദ്യങ്ങളില്ലാതെ അനുസരിക്കുന്നവരല്ല പുതിയകാല സ്ത്രീകൾ. പുറമേക്ക് കാണിക്കുന്നില്ലെങ്കിലും, മൂടിവച്ചിരിക്കുകയാണെങ്കിലും ഭൂരിപക്ഷം സ്ത്രീകൾക്കുള്ളിലും വിധ്വംസകമായ ആശയങ്ങളുണ്ട്. യഥാവിധി പ്രയോഗിക്കുകയാണെങ്കിൽ പുരുഷാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ മാത്രം ശക്തമായ ബോംബുകളാണവയെന്നും തോന്നാറുണ്ട്. പക്ഷേ അവ ഒളിപ്പിച്ചുവെച്ചിരിക്കുന്നതു കൊണ്ടു മാത്രമാവണം ആൺലോകം സുരക്ഷിതമായി തുടരുന്നത്.
'മുദ്രിത" എന്ന നോവൽ സ്ത്രീകളുടെ യാത്രയാണ്?
ഒറ്റക്കൊരുസ്ത്രീയ്ക്ക് രാപ്പകൽ സഞ്ചരിക്കാനുള്ള സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടോ?
മിക്കവാറും സ്ത്രീകൾക്കുള്ളിൽ അത്തരമൊരു സ്വപ്നമുണ്ട്. പരിമിതികളുണ്ടാവും, വിലക്കുകൾ സുലഭമായിരിക്കും. അപ്പോഴും അതിനെയൊക്കെ അതിലംഘിച്ച് ദൂരെ ദൂരെയുള്ള ആകാശങ്ങളെ തൊടാൻ കൊതിക്കുന്ന ഒരു മനസ് അവളിലുണ്ട്. അതിന്റെ പ്രധാന കാരണം യാത്ര അവൾക്കത്ര അനായാസമല്ല എന്നതു തന്നെയാണ്. പലതരം പ്രിവിലേജുകളനുഭവിക്കുന്ന ചെറിയ വിഭാഗം സ്ത്രീകൾക്കൊഴിച്ച് ഭൂരിപക്ഷം പേർക്കും സ്വതന്ത്രമായ യാത്ര ഒരു നടക്കാത്ത ആഗ്രഹം തന്നെയാണ്. പുറത്തു പോകുമ്പോഴും അവൾ വീടും ചുമന്നുകൊണ്ട് നടക്കേണ്ടി വരുന്നു. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിലൊക്കെ കേരളത്തിലെ സ്ത്രീകൾ മുൻപിലാണെങ്കിലും അവളുടെ പുറം ഇടങ്ങൾ ചുരുങ്ങിച്ചുരുങ്ങിവരികയാണ് എന്നത് ഒരു വൈരുദ്ധ്യമാണ്. അപ്പോൾ സ്വാഭാവികമായും അവൾ യാത്രകൾ സ്വപ്നം കാണുന്നു. ഒരുതരം അലോസരങ്ങളുമില്ലാതെ നിർഭയമായി നടത്താവുന്ന യാത്രകൾ!
സ്ത്രീകളുടെ ദീർഘദൂര യാത്ര എന്നത് അവൾ അവളിലേക്ക് തന്നെ സഞ്ചരിക്കുന്നു എന്നും വ്യാഖ്യാനിച്ചു കൂടെ?
തീർച്ചയായും അങ്ങനെയും പറയാം. സമാനമനസ്കരായ സ്ത്രീകളുടെ കൂട്ടും കൂട്ടവും ഒക്കെ അവളെ സ്വയം തിരിച്ചറിവിന് സഹായിക്കുന്നുണ്ട്. സോഷ്യൽ മീഡിയ സ്ത്രീകളുടെ ജീവിതത്തെ വിപ്ലവകരമായി പരിഷ്കരിച്ചതും ഇതിനോടൊപ്പം ചേർത്തു വായിക്കണം. സ്ത്രീകൾ മാത്രമുള്ള ഇടങ്ങൾ ഇന്ന് കൂടി വരുന്നു, പെൺഗ്രൂപ്പുകൾ, പെൺയാത്രകൾ... അങ്ങനങ്ങനെ. എല്ലാ യാത്രകളും സ്വയം പുതുക്കലാണ്. മടുപ്പും വിരസതയും കുടഞ്ഞു കളയലാണ്. തന്നെത്തന്നെ തിരിച്ചറിയുന്നതിന്റെ, തനിക്കെന്താണു വേണ്ടതെന്നു കണ്ടെത്തുന്നതിന്റെ ആനന്ദവും അതിലുണ്ട്.
'ഡാർക്ക് ഫാന്റസി "എന്ന നോവൽ കുറ്റകൃത്യവും സ്ത്രീയും എന്ന വിഷയത്തെയാണോ അഡ്രസ് ചെയ്യുന്നത്?
യാദൃച്ഛികമായി സംഭവിച്ചു പോയ എഴുത്താണ്. പക്ഷേ പിന്നീട് പുസ്തകം വായിച്ച പലരും പറയുമ്പോഴാണ്, അതിൽ സ്ത്രീകൾ മാത്രമാണ് മുഖ്യ കഥാപാത്രങ്ങളെന്നു ഞാൻ തന്നെ തിരിച്ചറിയുന്നത്. സ്വാഭാവികമായ സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന, കുറ്റാന്വേഷണമെന്നു തോന്നിപ്പിക്കാത്ത ഒരന്വേഷണമാണ് ഞാനതിലെഴുതാൻ ശ്രമിച്ചിരിക്കുന്നത്.
പുരുഷൻ ചെയ്യുന്നതെല്ലാം സ്ത്രീക്കും ചെയ്യാനാകണമെന്നാണോ?
അങ്ങനൊരു വാദം എനിക്കില്ലേയില്ല. പുരുഷൻ ചെയ്യുന്നതെല്ലാം ചെയ്യലല്ല സ്ത്രീ വിമോചനം. തിരിച്ചും പറയാമല്ലോ, പെണ്ണുങ്ങൾ ചെയ്യുന്ന എത്രയോ കാര്യങ്ങൾ ആണുങ്ങൾക്ക് ചെയ്യാൻ പറ്റാത്തതായി ഉണ്ട്. രണ്ടും വ്യത്യസ്ത ലിംഗജാതികളാണ്. പരസ്പര പൂരകങ്ങളാണ്. പക്ഷേ ഒരു ലിംഗവിഭാഗം മറ്റൊന്നിന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് പ്രകൃതി വിരുദ്ധവും നിയമവിരുദ്ധവുമാണ്. ലിംഗസമത്വം എന്ന കാഴ്ചപ്പാടാണ് നമുക്കാവശ്യം. സ്ത്രീയും പുരുഷനും അവരവരുടെ ശാരീരിക സവിശേഷതകൾക്കനുസൃതമായ കാര്യങ്ങൾ ചെയ്യുന്നു. തുല്യമായ അധികാരവും അവകാശങ്ങളും അനുഭവിക്കുന്നു. അത്തരം സാമൂഹികവ്യവസ്ഥ പക്ഷേ നമുക്ക് എപ്പോഴും സ്വപ്നം മാത്രമാണ്. പുരുഷനല്ല, മറിച്ച് പുരുഷാധിപത്യവ്യവസ്ഥിതിയാണ് സ്ത്രീകളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്നത്.
ഒരു സ്ത്രീയായി സ്വയം വിലയിരുത്തുമ്പോൾ?
സ്ത്രീയായി ജനിച്ചു എന്നത് ഗുണമായി കാണുന്നു. അതിനു ദോഷങ്ങളില്ല എന്നും വിശ്വസിക്കുന്നു. ഭൗതികസാഹചര്യങ്ങൾ, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങി പല കാര്യങ്ങളിലും പരിമിതികളും വിലക്കുകളും അനുഭവിക്കുമ്പോഴും സ്ത്രീയായി ജനിച്ചത് അഭിമാനകരമായിത്തന്നെയാണ് വിചാരിക്കുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളാവണം കാഴ്ചകളെ, എഴുത്തിനെ, നിലപാടുകളെ മൂർച്ചയുള്ളതാക്കുന്നത്. പുരുഷനെ അപേക്ഷിച്ച് കൂടുതൽ ആഴമുള്ളതാണ്, കൂടുതൽ നിഗൂഢതകളുള്ളതാണ് സ്ത്രീകളുടെ മനസെന്നും അതാണവളുടെ കരുത്തെന്നും തോന്നിയിട്ടുണ്ട്.
എഴുത്തുകാരി എന്ന നിലയിൽ സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കുന്നു?
നവമാദ്ധ്യമങ്ങൾ സ്ത്രീകളുടെ ജീവിതത്തെ ആരോഗ്യകരമായും വിപ്ലവകരമായും പരിഷ്കരിച്ചിട്ടുണ്ട്. അവളുടെ ചിന്തകൾക്ക്, വാക്കുകൾക്ക് ഒരിടം കിട്ടുന്നുവെന്നതു തന്നെ ഏറ്റവും പ്രധാനമാണ്. എഴുതാനും എഴുതിയത് പ്രസിദ്ധീകരിക്കാനും സമാന മനസ്കരെ കണ്ടെത്താനും അവൾക്കവിടെ സാധിക്കുന്നു. പഠനകാലത്തിനു ശേഷം വളരെ നാളുകൾ ഒന്നുമെഴുതാതിരുന്നിട്ട് തിരിച്ചു വന്ന ആളാണ് ഞാൻ. സോഷ്യൽമീഡിയ ആണ് എഴുത്തിലേക്കുള്ള വരവിനെ പിന്തുണച്ചതെന്നു നിസംശയം പറയാം. തുടക്കത്തിൽ ചെറുതും വലുതുമായ തോന്നലുകളും ചിന്തകളുമൊക്കെ പകർത്തിയത് എഫ്.ബി യിലാണ്. എഴുത്തിലേക്കുള്ള വഴി, എഴുത്തിനനുകൂലമായ സാഹചര്യങ്ങൾ തുറന്നിട്ടു തന്നത് എഫ്.ബി തന്നെ. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല എന്നു തോന്നുന്നു.
എഴുത്തിന്റെ രീതി എങ്ങനെയാണ്?
ദിവസത്തിലെ ഏറ്റവും നല്ല സമയം, വീട്ടിലെ ഏറ്റവും നല്ല സ്ഥലം, ഏകാന്തത, പരിചരണം തുടങ്ങിയ ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കാത്തതു കൊണ്ട് മിക്കവാറും എഴുത്തുകാരികളെപ്പോലെ മിച്ച സമയങ്ങളാണ് എഴുത്തിനുപയോഗിക്കുന്നത്. വീട്ടുകാര്യങ്ങൾക്കും ഔദ്യോഗിക ചുമതലകൾക്കും ശേഷം ബാക്കി കിട്ടുന്ന സമയം മാത്രം. മുറിഞ്ഞു മുറിഞ്ഞും സമയമെടുത്തുമാണ് ഓരോന്നും പൂർത്തിയായിട്ടുള്ളത്.
എഴുത്തിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്?
പ്രശസ്തി, അംഗീകാരം തുടങ്ങിയ പരിഗണനകളൊക്കെ അത്ര പ്രധാനമായി തോന്നാത്ത ഒരു പ്രായത്തിലാണ് ഞാൻ എഴുത്ത് പുനരാരംഭിച്ചത്. സ്വാഭാവികമായും എഴുത്തുകാരി എന്ന സ്റ്റാറ്റസ്, വളരെ അഭിമാനകരമാണെങ്കിലും അതിനു വേണ്ടി കഠിനമായി മത്സരിക്കാൻ വയ്യെന്നു തോന്നിപ്പോവും. എഴുത്ത് മനസിന് സന്തോഷം തരുന്നു. മറ്റുള്ളവരുടെ ജീവിതത്തിലൂടെയുള്ള ഒരലഞ്ഞു നടപ്പാണ് എന്നെ സംബന്ധിച്ച് എഴുത്ത്. അംഗീകാരങ്ങളും പ്രശസ്തിയുമൊക്കെ ബോണസ് ആണ്. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് മലയാള വിഭാഗം വകുപ്പുമേധാവിയാണിപ്പോൾ. ധർമ്മടത്താണ് കുടുംബസമേതം താമസം. ഭർത്താവ് പ്രദീപ് കുമാർ അദ്ധ്യാപകനാണ്. മക്കൾ ഹിരണ്വതി ,സ്വരൺദീപ്. രണ്ടു പേരും വിദ്യാർത്ഥികൾ.
ബ്രണ്ണൻ കോളേജിന്റെ നിലവിലെ രാഷ്ട്രീയാന്തരീക്ഷവും സാഹിത്യാഭിമുഖ്യവും വിശദമാക്കാമോ?
ബ്രണ്ണൻ കോളേജ് കുറച്ചുദിവസങ്ങളായി വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുകയാണ്. അമ്പതിലധികം വർഷങ്ങൾക്ക് മുമ്പുള്ള സംഭവങ്ങളാണവ. 70 കളിലും പൊതുവേ കാമ്പസുകൾ സംഘർഷഭരിതമായിരുന്നല്ലോ. 2003 മുതൽ, ഇടയ്ക്കൊരു വർഷം മാറി നിന്നതൊഴിച്ചാൽ ഞാൻ ഇവിടെ ജോലി ചെയ്യുന്നു. ശാന്തവും സ്വച്ഛവുമായ കാമ്പസ് എന്നേ തോന്നിയിട്ടുള്ളൂ. കൃത്യവും ആരോഗ്യകരവുമായ രാഷ്ട്രീയ ജാഗ്രത പുലർത്തുന്ന കാമ്പസാണ് ബ്രണ്ണന്റേത് എന്നാണനുഭവം. സാഹിത്യ രംഗത്തും ബ്രണ്ണന് എടുത്തു പറയാവുന്ന മേന്മകളും പാരമ്പര്യവുമുണ്ട്. എൻ. കൃഷ്ണപിള്ള, ഒ.എൻ.വി, എം. എൻ വിജയൻ, എം. ലീലാവതി, ജി. കുമാരപിള്ള, വിഷ്ണുനാരായൺ നമ്പൂതിരി തുടങ്ങി എത്രയോ പ്രഗത്ഭർ ഇവിടെയുണ്ടായിരുന്നു. പുതിയ തലമുറയിൽപ്പെട്ട എത്രയോ എഴുത്തുകാർ ബ്രണ്ണനിൽ നിന്നുള്ളവരാണ്. രാഷ്ട്രീയവും സാഹിത്യവും കലയും സമന്വയിക്കുന്ന എല്ലാത്തരത്തിലും സുന്ദരമായ കാമ്പസ് ആണ് ബ്രണ്ണൻ എന്നത് അഭിമാനകരമാണ്.
(ലേഖകന്റെ ഫോൺ: 8593045463)