പത്ത് വർഷങ്ങൾക്ക് മുമ്പ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത്...
ഞാൻ ഇന്ന് സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്...! ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക...
ഇതൊരു സിനിമാക്കഥയല്ല. പക്ഷേ, സിനിമയെ വെല്ലുന്ന ജീവിതമാണ്. തോറ്റുപോയെന്ന് കരുതുന്നവർക്കെല്ലാം ഉയിർത്തെഴുന്നേൽക്കാൻ ശക്തി പകരുന്ന, മാതൃകയാക്കാവുന്ന ഒരു ജീവിതം. ആനി ശിവയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത് ഈ കുറിപ്പിലൂടെയാണ്. പെട്ടെന്നുള്ള ഒരു തോന്നലിൽ, വെറുതേ കോറിയിട്ട ചില വരികൾ. പക്ഷേ, നിമിഷനേരം കൊണ്ട് കഥ മാറി. കല്ലെറിഞ്ഞവരും അകറ്റിനിറുത്തിയവരും ഉൾപ്പെടെ, ആനിയുടെ വിജയം അറിഞ്ഞവരെല്ലാം ഇന്ന് കൈയടിക്കുന്നു, നല്ല വാക്കുകൾ പറയുന്നു, അഭിമാനിക്കുന്നു. അവരുടെ ചിത്രമുൾപ്പെടെ നവമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുന്നു.
പക്ഷേ, വേദനകളുടെയും യാതനകളുടെയും കയ്പ്പ് കലർന്ന ജീവിതം മാറിയെങ്കിലും ആനി അമിതമായി സന്തോഷിക്കുന്നില്ല. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്ന് ഏറെ പക്വതയാർന്ന വാക്കുകളിൽ അവർ കടന്നുവന്ന ജീവിതം പറയുന്നു.
''എനിക്കിതിൽ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. കൂടെയുള്ളവരുടെ സന്തോഷം കാണുന്നതാണ് ഇപ്പോഴത്തെ എന്റെ സന്തോഷം. ഫേസ്ബുക്കിൽ ആക്ടീവായിട്ടുള്ള ആളായിരുന്നു ഞാൻ. മനസിൽ തോന്നുന്നതൊക്കെ കുറിച്ചിടാറുമുണ്ട്. അങ്ങനെയായിരുന്നു ഇതും. പക്ഷേ, ഇത്ര വൈറലാകുമെന്നോ ആളുകൾ അഭിനന്ദിക്കുമെന്നോ മാദ്ധ്യമങ്ങളിൽ ഞാൻ വാർത്തയാകുമെന്നോ ഒന്നും കരുതിയില്ല. ഈ ഇരുണ്ട കാലത്ത് ഒരു പ്രതീക്ഷയുടെ വാർത്തയായതു കൊണ്ടാകും ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേർക്ക് പ്രചോദനമായെന്ന് പറയുന്നുണ്ട്. ഫോൺ വിളിച്ച് കരയുന്നവരുണ്ട്, അഭിനന്ദിക്കുന്നവരുണ്ട്, പരാതികൾ പറയുന്നവരുണ്ട്. സ്ത്രീകളാണ് വിളിക്കുന്നവരിൽ ഏറെയും. എന്നോട് സംസാരിക്കുമ്പോൾ ആർക്കെങ്കിലുമൊക്കെ ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം.""
കിരൺബേദിയെ
സ്വപ്നം കണ്ട കുട്ടിക്കാലം
ബോയ് കട്ട് ചെയ്ത് നടക്കുന്ന ആളായതു കൊണ്ട് തന്നെ കാണുന്നവർക്കൊക്കെ പല അഭിപ്രായങ്ങളായിരുന്നുവെന്ന് ആനി ശിവ ഓർക്കുന്നു. ''വേഷം കെട്ടലാണെന്നും ജാഡയാണെന്നുമൊക്കെ പറഞ്ഞവരുണ്ട്. ജീവിതത്തിലെ ഒരു ഘട്ടം കഴിഞ്ഞാൽ പിന്നെ ഇതൊന്നും നമ്മളെ ബാധിക്കാതെയാകും. പൊതുവേ എല്ലാവരും പറയാറുണ്ട് ഞാനൊരു പ്രത്യേക ടൈപ്പാണെന്ന്. അതെ, ഞാനുമിപ്പോൾ അത് അംഗീകരിക്കുന്നുണ്ട്. അധികം ആരോടും മിണ്ടാറില്ല. എല്ലാത്തിലും ഒരു അകലം സൂക്ഷിക്കാൻ ശീലിച്ചു. കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷക്കാലം എന്നെയങ്ങനെ മാറ്റിയെന്ന് പറയാം. ജീവിതം മുഴുവൻ കൂട്ടായുള്ളത് എനിക്കെന്റെ മകൻ മാത്രമാണ്. മനസിലെപ്പോഴും അവന്റെ മുഖം മാത്രമേയുള്ളൂ. അവന്റെ അമ്മയും അച്ഛനും ചേട്ടനുമൊക്കെ ഞാൻ തന്നെയാണ്. ജീവിക്കാനുള്ള തത്രപ്പാടിൽ മറ്റുള്ളവർ പറയുന്നതിനൊന്നും ചെവി കൊടുത്തിട്ടില്ല. എന്തുകൊണ്ട് പൊലീസ് ഉദ്യോഗം തന്നെ തിരഞ്ഞെടുത്തെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ സ്വപ്നമായിരുന്നു അത്. ഒരിക്കൽ ഞാൻ തന്നെ തല്ലിക്കെടുത്തിയ സ്വപ്നം. ഐ.പി.എസായിരുന്നു ആഗ്രഹം. ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ പറയുന്നതാണ് പൊലീസാകണമെന്നത്. ഞാൻ വളർന്നപ്പോൾ ആ മോഹവും എന്റെ കൂടെ വളർന്നു. കിരൺ ബേദിയുടെ വലിയ ഫാനായിരുന്നു അമ്മ. വീട്ടിലെ ചുമരിലെല്ലാം പത്രങ്ങളിൽ വന്ന അവരുടെ ചിത്രങ്ങൾ അമ്മ വെട്ടിയൊട്ടിച്ചിരുന്നു. അത് കണ്ട് ശീലിച്ചതുകൊണ്ടു കൂടിയാകും അങ്ങനെയൊരു സ്വപ്നം മനസിൽ കയറിയത്. പൊലീസല്ലാതെ മറ്റൊരു ജോലിയെ കുറിച്ച് ചിന്തിക്കാൻ പോലും ഇപ്പോൾ പറ്റുന്നില്ല. ചെറുപ്പം മുതലേ ഹൈപ്പർ ആക്ടീവായിരുന്നു ഞാൻ. പൊലീസ് യൂണിഫോമിനോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. വനിതാപൊലീസുകാരെയൊക്കെ കാണുമ്പോൾ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. സോഷ്യോളജിയിലാണ് എന്റെ പോസ്റ്റ് ഗ്രാജുവേഷൻ. അന്ന് സിവിൽ സർവീസ് എഴുതി ഐ.പി.എസുകാരിയാകാൻ വേണ്ടിയിട്ടാണ് സോഷ്യോളജി തിരഞ്ഞെടുത്തത്. പ്രായത്തിന്റെ പക്വതക്കുറവിൽ ജീവിതം മറ്റൊരു വഴിക്ക് പോയി.
പലരും മുഖം തിരിച്ചു, പക്ഷേ...
ജീവിച്ചു കാണിക്കട്ടെയെന്ന അച്ഛന്റെ വാക്കുകളായിരുന്നു തനിക്ക് മുന്നോട്ട് പോകാനുള്ള ഊർജമായതെന്നാണ് ആനി ശിവ പറയുന്നത്. അക്ഷരാർത്ഥത്തിൽ അതൊരു വാശിയായിരുന്നു. ആരുടെ മുന്നിലും തല കുനിക്കാതെ ജീവിച്ചുകാണിക്കാനുള്ള വാശി. പ്രിയപ്പെട്ട പലരും തള്ളിപ്പറഞ്ഞു. പക്ഷേ, വർഷങ്ങൾക്കിപ്പുറം വിജയിച്ചു നിൽക്കുമ്പോഴും ആരെയും കുറ്റപ്പെടുത്താനോ വേദനിപ്പിച്ചവരോട് കണക്കുചോദിക്കാനോ അവർ തയ്യാറല്ല.
''കേൾക്കാൻ ഒരാളുണ്ടാവുക എന്നതാണ് പലരും ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിലും അതില്ലാതെ പോയിട്ടുണ്ട്. അതുകൊണ്ടാണ് ഈ തിരക്കുകൾക്കിടയിലും എന്നെ വിളിച്ച് വേദന പങ്കിടുന്നവരെ കേൾക്കാൻ സമയം കണ്ടെത്തുന്നത്. മകന് എട്ട് മാസംപ്രായമുള്ളപ്പോഴാണ് വിവാഹബന്ധം അവസാനിപ്പിക്കുന്നത്. ആദ്യം മുതലേ അസ്വാരസ്യങ്ങളും പ്രശ്നങ്ങളുമുണ്ടായിരുന്ന ബന്ധമായിരുന്നു അത്. വീട്ടുകാരുടെ ഇഷ്ടപ്രകാരം നടന്ന വിവാഹമായിരുന്നില്ല. അതുകൊണ്ട് കൈക്കുഞ്ഞുമായി വീട്ടിൽ ചെന്നപ്പോൾ അവിടെ കയറ്റിയതുമില്ല. അവിടെ നിന്ന് നേരെ അമ്മൂമ്മയുടെ അടുത്തേക്കാണ് പോയത്. എന്തുകൊണ്ടോ അമ്മൂമ്മ മാത്രം മുന്നിൽ വാതിലടച്ചില്ല. ഡിഗ്രി അവസാനവർഷ പരീക്ഷയൊക്കെ അവിടെ നിന്നാണ് എഴുതിയെടുത്തത്. പിന്നീട് ജോലിക്ക് വേണ്ടിയുള്ള പരക്കം പാച്ചിലായിരുന്നു. ഡോർ ടു ഡോർ ഡെലിവറിയാണ് ആദ്യം ചെയ്തത്. കറിപൗഡറുകളുമായി വീടുകൾ തോറും കയറിയിറങ്ങി. അധികം വൈകാതെ നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നു. പിന്നീട് എച്ച്.ഡി.എഫ്.സി ലൈഫിൽ അഡ്വൈസറായി കയറി. ആ സമയത്ത് ഒരു വയസ് മാത്രം പ്രായമുള്ള മകനെ ഡേ കെയറിലാക്കി. പൊതുവേ ഒരു വയസുള്ള കുഞ്ഞുങ്ങളെ ഡേ കെയറിലെടുക്കാറില്ല. എന്റെ അവസ്ഥയൊക്കെ കേട്ടറിഞ്ഞാണ് അവർ മകനെ നോക്കാമെന്നേറ്റത്. വാടക കൊടുക്കാൻ തന്നെ പൈസ ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. വീട് കിട്ടാതെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ മകനെയും കൊണ്ട് കിടന്നിട്ടുണ്ട്. പറയാനാണെങ്കിൽ കണ്ണീരിന്റെ ഒരുപാട് കഥകളുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തേങ്ങ പൊതിക്കാൻ പോയിട്ടുണ്ട്, പൂക്കൾ ഉണ്ടാക്കി വിറ്റിട്ടുണ്ട്, നാരങ്ങാവെള്ളം, ഐസ്ക്രീം ഒക്കെ വിൽപ്പന നടത്തി. എല്ലാം പരാജയപ്പെട്ടു.
പിന്നീട് ഒരു സുഹൃത്ത് വഴിയാണ് വർക്കലയിലെത്തുന്നത്. തീർത്ഥാടന കാലത്ത് അവിടെ സ്റ്റാൾ എടുത്തെങ്കിലും വലിയ ലാഭം കിട്ടിയില്ല. പിന്നീട് കുറേ ഓൺലൈൻ വർക്കൊക്കെ എടുത്ത് ചെയ്തു. ഏതാണ്ട് ആ സമയത്താണ് എസ്. ഐ നോട്ടിഫിക്കേഷൻ വരുന്നത്. അകന്ന ബന്ധു ഷാജി ചേട്ടൻ വഴിയാണ് അതിനെ കുറിച്ചറിഞ്ഞത്. ആ സമയത്ത് പ്രതീക്ഷയുടെ വെളിച്ചം കാട്ടിയ ഏക വാർത്ത അതായിരുന്നു. സത്യത്തിൽ എന്നിൽ വിശ്വാസമർപ്പിച്ച ഒരേയൊരാൾ അദ്ദേഹം മാത്രമാണ്. ആദ്യ ഫീസ് 3500 കൈയിൽ വച്ച് തന്ന് ജീവിതം ഇവിടെ നിന്ന് വേണം തുടങ്ങാനെന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ചെവിയിലുണ്ട്. ബുക്കും പുസ്തകവും ഒക്കെ വാങ്ങി തന്നത് ഷാജി ചേട്ടനാണ്. ദിവസവും ഇരുപത് മണിക്കൂറോളം ഒരേയിരിപ്പ് ഇരുന്ന് പഠിച്ചു. ലിസ്റ്റിൽ വന്നു, അത് കഴിഞ്ഞെഴുതിയതാണ് കോൺസ്റ്റബിൾ പരീക്ഷ. പക്ഷേ, ആദ്യം അഡ്വൈസ് കിട്ടിയത് കോൺസ്റ്റബിളായിരുന്നു. അങ്ങനെ 2016ൽ പൊലീസ് യൂണിഫോം അണിഞ്ഞു. അന്നാണ് ആദ്യമായിട്ടൊന്ന് തലയുയർത്തി നിൽക്കാൻ പറ്റിയത്. 2019 ലാണ് എസ്. ഐ അഡ്വൈസ് കിട്ടിയത്. പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് യൂണിഫോമിൽ നക്ഷത്ര ചിഹ്നങ്ങൾ ധരിപ്പിച്ചതും ഷാജി ചേട്ടനാണ്. അത്രയും കടപ്പെട്ടിരിക്കുന്നു ആ മനുഷ്യനോട്.
വേണ്ടത് ചേർത്തുപിടിക്കലാണ്
എന്റെ തെറ്റിനെ ന്യായീകരിക്കുന്നില്ല. പക്ഷേ, ആ പ്രായത്തിൽ ശരിയേത് തെറ്റേതെന്ന് തിരിച്ചറിയാൻ പറ്റണമെന്നില്ല. തെറ്റാണെന്ന് തോന്നിയാൽ ഒരു താങ്ങ് ചുറ്റിലുമുള്ളവരിൽ നിന്നും പ്രതീക്ഷിക്കും. അതാണ് നമ്മളെ തിരിച്ചു കൊണ്ടുവരിക. പലർക്കും കിട്ടാതെ പോകുന്നതും അതാണ്. പല വട്ടം ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. അതും പരാജയങ്ങളായിരുന്നു. പിന്നെ മകനെ ഓർക്കുമ്പോൾ ജീവിച്ച് കാട്ടണമെന്ന വാശി വരും. അന്ന് വിജയിക്കാതെ പോയ ആത്മഹത്യാശ്രമങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ ഈ വിജയം. പട്ടിണി കിടന്നിട്ടുണ്ട്, ഒരുപാട്. എന്റെ വിശപ്പിനേക്കാൾ എന്നെ പൊള്ളിക്കുന്നത് മുഴുവൻ മോന്റെ വിശപ്പാണ്. അവന്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ കളിപ്പാട്ടങ്ങൾക്ക് വേണ്ടി കൊതിക്കുമ്പോൾ എന്റെ കുഞ്ഞ് ആഗ്രഹിച്ചിരുന്നത് ആഹാരത്തിന് വേണ്ടിയാണ്. കടയിലിരിക്കുന്ന പലഹാരങ്ങൾ കാണുമ്പോൾ അവൻ കൈ നീട്ടുമായിരുന്നു.
സ്കൂളിൽ പോയ ശേഷമാണ് ആ അവസ്ഥ മാറിയത്. അപ്പോഴും എന്റെ വിശപ്പ് ആരെയും അറിയിച്ചിട്ടില്ല. എന്റെ ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞാൽ എത്ര പേർക്ക് മനസിലാകുമെന്ന് അറിയില്ല. ഇതൊക്കെയാണ് ഞാൻ കടന്നുപോയ വഴികൾ. എന്റെ ഈ നേട്ടത്തിൽ മകനാണ് ഏറ്റവും സന്തോഷിക്കുന്നത്, അവൻ പറയുന്നത് അവനാണ് എന്നെ പഠിപ്പിച്ച് എസ്. ഐ ആക്കിയതെന്നാണ്. അത് ശരിയാണ്, എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ അവൻ സഹിച്ചിട്ടുണ്ട്. ഇനി വേണം നഷ്ടപ്പെട്ടു പോയ മകന്റെ ബാല്യം തിരിച്ചുപിടിക്കാൻ. ശിവ സൂര്യ എന്നാണ് കക്ഷിയുടെ പേര്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞങ്ങളൊന്നിച്ച് പോകുമ്പോൾ എന്റെ രൂപം കണ്ടിട്ട് ചിലരൊക്കെ ചേട്ടനാണെന്ന് കരുതും, ചിലർ അച്ഛനാണെന്നും. അതൊന്നും തിരുത്താൻ പോയിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയ കാലത്ത് പെണ്ണായതുകൊണ്ട് തന്നെ മോശം അനുഭവങ്ങൾ ഒത്തിരിയുണ്ടായിട്ടുണ്ട്. അതിന് ഞാൻ തന്നെ കണ്ടെത്തിയ പരിഹാരമായിരുന്നു ഈ വേഷം.
പെൺകുട്ടികളുള്ള വീട്ടുകാരോട് എനിക്ക് പറയാനുള്ളത് ഇതാണ്, മക്കൾക്ക് തെറ്റു പറ്റിയാൽ അവരെ ഒന്ന് ചേർത്ത് പിടിക്കണം. നമ്മുടെ തെറ്റുകളും കുറ്റങ്ങളും മറ്റാർക്കാണ് ക്ഷമിക്കാൻ കഴിയുക. ഒന്നു ചേർത്ത് പിടിച്ച് ധൈര്യം തന്നാൽ ഈ സമൂഹത്തിൽ ഒരുപാട് പെൺകുട്ടികൾക്ക് ഇനിയും ഫീനിക്സ് പക്ഷികളെ പോലെ പറന്നുയരാൻ കഴിയും. അച്ഛൻ ഇപ്പോഴും എന്നോട് മിണ്ടില്ല. അതൊരു വിഷമം തന്നെയാണ്. അമ്മ രണ്ടു വർഷമായി കൂടെയുണ്ട്. മകന് സ്പോർട്സിനോട് നല്ല താത്പര്യമുണ്ട്. അവന്റെ പഠനത്തിനും സ്വപ്നങ്ങൾക്കും വേണ്ടിയാണ് കൊച്ചിയിലേക്ക് മാറിയത്. തിരുവനന്തപുരത്ത് എന്നെ കാത്തിരിക്കുന്ന ഒന്നുമില്ല. ഒറ്റയ്ക്കായി പോയ സ്ത്രീകൾക്കൊപ്പം അവരെ ചേർത്തുപിടിക്കാൻ ഞാനുണ്ടാകുമെന്ന ഉറപ്പാണ് ഇനി നൽകാനുള്ളത്. ജോലിയിൽ നൂറ് ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കും. സഹജീവി സ്നേഹമല്ലേ എല്ലാത്തിലും വലുത്. ജീവിതം എന്നെ പഠിപ്പിച്ച പാഠമതാണ്."" - ആനി ശിവ പറഞ്ഞു നിറുത്തി. പോരാടാൻ ഇറങ്ങുന്നവർക്ക് എന്നും ഊർജം പകരും ആനി ശിവ എന്ന പേര്. ഇന്നലെകളോട് ഇതിലും മനോഹരമായി എങ്ങനെയാണ് തനിക്ക് പ്രതികാരം ചെയ്യാൻ കഴിയുന്നതെന്ന ആനിയുടെ ചോദ്യം ഒരുപാട് പേർക്ക് പ്രചോദനമാണ്... വെളിച്ചമാണ്.