തിരുവനന്തപുരം: ഇന്നലെ ഉച്ചയ്ക്ക് ശേഷം കേരള രാഷ്ട്രീയം ചർച്ച ചെയ്തത് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് അപ്രതീക്ഷിതമായി ലഭിച്ച ഭീഷണികത്താണ്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയുമടക്കം വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭീഷണിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും കെ പി സി സി അദ്ധ്യക്ഷനും ഒന്നിച്ച് വാർത്താസമ്മേളനം നടത്തി തിരുവഞ്ചൂരിന് രാഷ്ട്രീയ കവചമൊരുക്കി. ഭീഷണിയിൽ പതറി ഒളിച്ചോടാനില്ലെന്ന് വ്യക്തമാക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു...
ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ താങ്കൾ നടത്തിയ അഡ്ജസ്റ്റുമെന്റുകളില്ലാത്ത അന്വേഷണങ്ങളുടെ ബാക്കി പത്രമാണോ ഈ ഭീഷണിക്കത്ത്?
ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ചെയ്യേണ്ട ജോലി വെടിപ്പായി ചെയ്തൊരാളാണ് ഞാൻ. ആ കാലയളവിലാണ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ സി പി എം കോട്ടകളിൽ പോയി പിടികൂടി നിയമത്തിന് മുന്നിലെത്തിച്ചത്. അവരിൽ ഒരാളാണ് എനിക്ക് ഈ കത്തെഴുതിയിരിക്കുന്നത്.കത്തിലെ മലബാർ ഭാഷയിൽ നിന്ന് അക്കാര്യം വ്യക്തമാണ്. ഞാൻ കാരണം ജീവിതം നശിച്ചുവെന്നാണ് കത്തിൽ പറയുന്നത്. പുറത്തുപറയാൻ കൊളളാത്ത അശ്ലീല വാക്കുകളാണ് കത്തിലുളളത്. അതിൽ ചിലതൊക്കെ മലബാറുകാർ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ്. ഒരു അഡ്ജസ്റ്റുമെന്റുകൾക്കും വഴങ്ങികൊടുക്കാതെയാണ് ടി പി കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ജയിലിനുളളിൽ നിന്നാണോ ഈ കത്ത്?
കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. കേരളത്തിലെ ജയിലിൽ കഴിയുന്ന ആരെങ്കിലുമായിരിക്കാം ഇതിനുപിന്നിൽ. അല്ലെങ്കിൽ പരോളിലിറങ്ങിയവരാകാം. കൊലക്കേസ് പ്രതികളായ പാർട്ടിക്കാർക്ക് ഈ സർക്കാർ അവരുടെ ഇഷ്ടത്തിന് അനുസരിച്ചാണല്ലോ പരോൾ അനുവദിക്കുന്നത്.
കത്തിന് പിന്നിൽ സി പി എം ആണോ?
നീ സി പി എമ്മുകാരുമായി ചേർന്ന് എന്നെ ജയിലിലാക്കിയെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. സി പി എമ്മുമായി വിരോധമുളളയാൾ എന്നുവരുത്തി തീർത്ത് കണ്ണിൽ പൊടിയിടാനുളള ശ്രമമാണ് അത്. സി പി എമ്മുകാർ ഇതിനുപിന്നിലുണ്ടോയെന്നത് എന്റെ വിഷയമല്ല. പക്ഷേ അവരുടെ അറിവോടെയാണോ ഈ കത്തെന്ന് അവർ തന്നെ വ്യക്തമാക്കണം.
താങ്കൾ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടോ?
അത് എനിക്കറിയില്ല. തുടർനടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണ്. എനിക്ക് നിത്യ ശത്രുക്കളില്ല. പക്ഷേ കത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തണം.
രാഷ്ട്രീയക്കാർക്ക് ഭീഷണിയൊക്കെ പതിവാണല്ലോ. അതിനിടയിൽ ഈ കത്തിന് ഇത്രയും പ്രസക്തി വരാനുളള കാരണമെന്താണ്?
ടി പി കേസിലെ പ്രതികൾ ഇപ്പോൾ പരോളിലാണ്. അതുകൊണ്ടാണ് ഈ കത്ത് ഇത്രയും ഗൗരവത്തോടെ ഞാനും എന്റെ പാർട്ടിയും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്.
താങ്കൾക്ക് ഭയമുണ്ടോ?
എനിക്കൊരു ഭയവുമില്ല. അതുണ്ടായിരുന്നെങ്കിൽ ഞാൻ വനവാസത്തിന് പോകുമായിരുന്നില്ലേ. നിങ്ങളോട് ഞാൻ ഇങ്ങനെ വന്ന് സംസാരിക്കുമോ. സുരക്ഷ വർദ്ധിപ്പിക്കണമെന്നൊന്നും ഞാൻ ആവശ്യപ്പെട്ടിലല്ലോ.എന്റെ ഉത്തരവാദിത്തം നിർവഹിക്കുക എന്നല്ലാതെ ഒരു അത്ഭുതവും ഞാൻ ചെയ്തിട്ടില്ല. അത് ചെയ്തില്ലെങ്കിൽ ഞാൻ കാലഘട്ടത്തോട് ചെയ്യുന്ന പാപമായിരിക്കും.
ഇപ്പോഴത്തെ സ്വർണക്കടത്ത്-ക്വട്ടേഷൻ വിവാദങ്ങളുമായി ഈ കത്തിന് ബന്ധമുണ്ടെന്ന് കരുതുന്നുണ്ടോ?
പുറത്തുവന്ന ശബ്ദരേഖയൊക്കെ നമ്മൾ കേട്ടതല്ലേ. എന്തായാലും ജയിലിൽ പ്രതികൾക്ക് സുഖവാസമാണ്. പിണറായി ഭരണത്തിൽ ജയിലുകൾ റിസോർട്ടുകളായി മാറിയിരിക്കുകയാണ്. പാർട്ടിക്കാരായ പ്രതികൾ ജയിലുകളിൽ സുഖജീവിതമാണ് നയിക്കുന്നത്. ഞാൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാത്തെ ജയിലുകളിലെല്ലാം വ്യാപകമായ റെയ്ഡ് നടത്തി മൊബൈൽ സിം അടക്കം സി.പി.മ്മുകാരായ പ്രതികളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. അതിനുശേഷമാണ് പല പ്രതികളേയും വ്യത്യസ്ത ജയിലുകളിൽ മാറ്റിപാർപ്പിക്കുന്നത്. അന്ന് അതിൽ സത്യാഗ്രഹമിരുന്ന ആളാണ് പി.ജയരാജൻ.
ടി പി കേസ് അന്വേഷണം കൃത്യമായി അവസാനിച്ചുവെന്ന് പറയാൻ സാധിക്കുമോ? ഇതിനും മുകളിലുളള നേതാക്കൾ കുടുങ്ങുമായിരുന്നുവെന്ന് അഭിപ്രായമുളളവർ താങ്കളുടെ പാർട്ടിയിൽ തന്നെയുണ്ടല്ലോ?
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല എന്റെ കാലത്ത് അന്വേഷണങ്ങൾ നടന്നത്. കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അതുകൊണ്ടാണ് പിടിയിലായ പ്രതികൾ സുപ്രീംകോടതി വരെ പോയിട്ടും രക്ഷപ്പെടാതിരുന്നത്. ദൃക്സാക്ഷികളില്ലാത്ത ഒരു കേസായിരുന്നുവത്. കേരളത്തിലെ കേസുകളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു പവർ പോയിന്റ് പ്രസന്റേഷനിലൂടെ കോടതിയിൽ വാദം നടന്നത്. അത്രയ്ക്ക് ശാസ്ത്രീയമായിട്ടായിരുന്നു അന്വേഷണം.
താങ്കൾക്ക് ശേഷം ആഭ്യന്തരമന്ത്രി പദത്തിലെത്തിയ രമേശ് ചെന്നിത്തല അഡ്ജെസ്റ്റുമെന്റുകൾക്ക് വഴങ്ങിയെന്ന ആക്ഷേപമുണ്ടോ?
അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. ഇനി അതിനെപ്പറ്റിയൊന്നും പറയാൻ ഞാനില്ല. എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. ആ ഭരണംകഴിഞ്ഞ് മറ്റൊരു ഭരണവും വന്നു.
മുൻ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഇപ്പോഴത്തെ ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളിൽ തൃപ്തനാണോ?
സംസ്ഥാനത്തിന്റെ ക്രമസമാധാനനില ആകെ താറുമാറായിരിക്കുകയാണ്. സ്ത്രീകൾക്ക് നേരയെുളള അതിക്രമങ്ങളും വർദ്ധിക്കുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണമടക്കം പൊലീസുകാർ പ്രതികളാകുന്ന സംഭവങ്ങൾ വേറെ. ക്രൈം റേറ്റ് മാത്രം നോക്കിയാൽ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാകും. യു ഡി എഫ് ഭരണത്തെക്കാൾ ഏറെ മോശം അവസ്ഥയിലൂടെയാണ് സംസ്ഥാനം ഇപ്പോൾ കടന്നുപൊയ്കൊണ്ടിരിക്കുന്നത്.
യു ഡി എഫ് കൺവീനർ സ്ഥാനത്തേക്ക് താങ്കളുടെ പേരും കേൾക്കുന്നുണ്ടല്ലേ?
അതൊക്കെ പാർട്ടിക്കകത്തെ കാര്യം. ഇവിടെയൊരു ഓപ്പൺ ചർച്ചയ്ക്ക് ഞാനില്ല. ഇപ്പോൾ ഈ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് താത്പര്യം.