gas-cylinder

കൊച്ചി: പാചകവാതക വില കൂട്ടി. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു.

ഇന്ധനവില തുടർച്ചയായി വർദ്ധിക്കുന്നതിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചക വാതകവിലയിലെ ഇരുട്ടടി. കഴിഞ്ഞ മാസം 17 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ധന വിലവര്‍ദ്ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബഡ്‌ജറ്റ് കൂടുതല്‍ താളം തെറ്റിക്കും. പാചകവാതക സിലിണ്ടറുകളുടെ വില എല്ലാ മാസവും ആദ്യ ദിവസമാണ് തീരുമാനിക്കുന്നത്.