വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ ശാലിന ഡി കുമാറിനെ അമേരിക്കയിലെ ഈസ്റ്റ് മിഷിഗൺ പ്രദേശത്തെ ഫെഡറൽ ജഡ്ജിയായി പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. ഇത് ആദ്യമായാണ് ഒരു ദക്ഷിണേഷ്യൻ വംശജ മിഷിഗണിലെ ഫെഡറൽ ജഡ്ജിയായി നിയമിതയാകുന്നത്. 2007 മുതൽ ഓക്ക്ലാൻഡ് കൗണ്ടിയിൽ ചീഫ് ജഡ്ജ് ആയി പ്രവർത്തിക്കുകയായിരുന്നു ശാലിന, 2018ൽ മിഷിഗൺ സുപ്രീം കോടതിക്കു കീഴിലുള്ള സർക്ക്യൂട്ട് കോടതിയിലെ ചീഫ് ജഡ്ജ് ആയി നിയമിതയായിരുന്നു.
മിഷിഗൺ ചീഫ് ജഡ്ജ് ആയി പ്രവർത്തിക്കുന്നതിനു പുറമേ സിവിൽ ക്രിമിനൽ കേസുകളും ശാലിന കൈകാര്യം ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ഇതിനു മുമ്പ് അഡൾട്ട് ട്രീറ്റ്മെന്റ് കോടതി, ഓക്ക്ലാൻഡ് കൗണ്ടി ക്രിമിനൽ അസൈൻമെന്റ് കമ്മിറ്റിയുടെ ചെയർപേഴ്സൺ, ഓക്ക്ലാൻഡ് ബാർ അസേസിയേഷന്റെ സർക്ക്യൂട്ട് കോടതി അംഗം, മിഷിഗൺ സ്റ്റേറ്റ് കോടതി അംഗം എന്നീ നിലകളിൽ ശാലിന പ്രവർത്തിച്ചിട്ടുണ്ട്. 1993ൽ മിഷിഗൺ സർവകലാശാലയിൽ നിന്ന് ബിരുദവും 1996ൽ ഡെട്രോയിട്ട് മേഴ്സി ലാ സ്കൂളിൽ നിന്ന് നിയമബിരുദവും നേടിയ ശാലിന, അമേരിക്കയിലെ തന്നെ ഏതാനും മികച്ച വക്കീൽ ഓഫീസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.