തിരുവനന്തപുരത്ത് എജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പേർ അറസ്റ്റിൽ. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു അറസ്റ്റ്.
തലസ്ഥാന നഗരത്തില്‍ കുടുംബസമേതം നടക്കാനിറങ്ങിയ ഇതരസംസ്ഥാന ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത് സർക്കാരിന് തന്നെ നാണക്കേടായി മാറിയിരുന്നു. ഞായറാഴ്‌ച രാത്രിയില്‍ പേട്ടയ്ക്കടുത്ത് അമ്പലത്തുമുക്കില്‍ വച്ചാണ് ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുടുംബം ആക്രമിക്കപ്പെട്ടത്.
രാത്രി എട്ടരയോടെ വീടിന് മുന്നിലെ റോഡിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ ആക്രമികള്‍ ജീവനക്കാരുടെ ഭാര്യമാരെ കയറിപിടിക്കുകയായിരുന്നു. ഇത് തടഞ്ഞ ഭർത്താക്കന്മാരെയാണ് കത്തിവീശി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കൈയിലും കാലിലും പരിക്കേറ്റ് വീട്ടിലേക്ക് തിരികെ പോയവരെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തിട്ടാണ് ആക്രമികള്‍ മടങ്ങിയത്.