ന്യൂഡൽഹി: കഴിഞ്ഞ മാസം ബിഹാറിലെ ദർഭംഗ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ ബന്ധങ്ങളുള്ള രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ തീവ്രവാദ കുറ്റങ്ങൾ അന്വേഷിക്കുന്ന ഇന്ത്യയുടെ ഏജൻസി എൻ ഐ എ അറസ്റ്റ് ചെയ്തു. ഹൈദരാബാദിൽ നിന്നുമാണ് സഹോദരങ്ങളായ ഇമ്രാൻ മാലിക്ക്, മൊഹമ്മദ് നാസർ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തത്. സ്ഫോടനവസ്തുക്കൾ നിറച്ച പാഴ്സൽ സെക്കന്ദരാബാദ്-ദർഭംഗ എക്സ്പ്രസ് ട്രെയിനിൽ കയറ്റി അയച്ചു എന്നതാണ് ഇവരുടെ പേരിലെ കുറ്റം. ജൂൺ 17നാണ് ദർഭംഗ സ്റ്റേഷനിൽ സ്ഫോടനം ഉണ്ടാകുന്നത്.
പ്രാഥമിക അന്വേഷണത്തിൽ രാജ്യവ്യാപകമായി നിരവധി സ്ഫോടനകൾ നടത്താൻ ഈ സംഘം പദ്ധതിയിട്ടിരുന്നതായി മനസിലാക്കാൻ കഴിഞ്ഞതായും പ്രതികൾക്ക് വേണ്ട നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത് പാകിസ്ഥാനിൽ നിന്നുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിൽ നിന്ന് മൊഹമ്മദ് നാസർ 2012ൽ പാകിസ്ഥാൻ സന്ദർശിക്കുകയും ലഷ്കർ ഇ ത്വയ്ബയിൽ നിന്ന് ബോംബ് നിർമാണത്തിൽ വിദഗ്ദ്ധ പരിശീലനം നേടുകയും ചെയ്തതായി മനസിലാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ രണ്ട് പ്രതികളും പാകിസ്ഥാനിലുള്ള തങ്ങളുടെ നേതാക്കന്മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നത് പാകിസ്ഥാനിൽ നിന്നുമാണെന്ന് എൻ ഐ എ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. ഇരുവരെയും പാറ്റ്നയിലെ പ്രത്യേക എൻ ഐ എ കോടതിയിൽ ഉടൻ ഹാജരാക്കും.