മുംബയ് : കുടുംബ കലഹത്തെ തുടർന്ന് വീടു വിട്ടുപോയ ഭാര്യയോടുള്ള ദേഷ്യം യുവാവ് തീർത്തത് മക്കളിൽ. 27കാരനായ അൻസാരി എന്നയാളാണ് തന്റെ മൂന്ന് കുട്ടികൾക്കും വിഷം ചേർത്ത ഐസ്‌ക്രീം നൽകിയത്. മുംബയിലെ മൻഖുർഡിലാണ് സംഭവം. എലി വിഷം ചേർത്ത ഐസ്‌ക്രീം കഴിച്ച മൂന്ന് കുട്ടികളിൽ ആറു വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണപ്പെട്ടു. രണ്ട് കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്. മൻഖുർദിലെ സതേ നഗറിൽ താമസിക്കുന്ന അൻസാരി കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഇയാൾ ഭാര്യ നസിയ ബീഗവുമായി മിക്കപ്പോഴും വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ കുടുംബ കലഹത്തെ തുടർന്ന് നസിയ വീടുവിട്ട് സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇതേ തുടർന്ന് ജൂൺ 25ന് അൻസാരി കുട്ടികളെ അനുനയിപ്പിച്ച് വീടിന് പുറത്തേക്കിറങ്ങി എലി വിഷം ചേർത്ത ഐസ്‌ക്രീം നൽകുകയായിരുന്നു. ഐസ്‌ക്രീം കഴിച്ച് വീട്ടിലെത്തിയ ഉടനെ കുട്ടികൾക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കുട്ടികൾ എലിവിഷം അബദ്ധവശാൽ കഴിച്ചതാണെന്നാണ് നസിയ ആദ്യം ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ ഒരു കുട്ടി മരണപ്പെട്ടതോടെ സത്യം വെളിപ്പെടുത്തുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് കേസായതോടെ അൻസാരി ഒളിവിലാണ്.