spirit

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ സ്‌പിരിറ്റ് കടത്തിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കെന്ന് അറസ്റ്റിലായവരുടെ മൊഴി. ഉന്നതരുടെ പേരുകൾ അറസ്റ്റിലായവർ വെളിപ്പെടുത്തി. ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം, പേഴ്‌സണൽ മാനേജർ ഷഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്‌പിരിറ്റ് കടത്തെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയത്.

മൂന്ന് ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തു. സ്‌പിരിറ്റ് വാങ്ങിയ മദ്ധ്യപ്രദേശ് ബൈടുൾ സ്വദേശി അബുവിനെയും പ്രതി പട്ടികയിലുൾപ്പെടുത്തി. നേരത്തെ ഫാക്‌ടറി ജീവനക്കാരൻ അരുൺകുമാർ, ടാങ്കര്‍ ഡ്രൈവര്‍മാരായ സിജോ, നന്ദകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തിരുന്നത്.


മദ്ധ്യപ്രദേശിൽ നിന്നെത്തിച്ച നാലായിരം ലിറ്റർ സ്‌പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു.

ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് സ്‌പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മദ്ധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്‌പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. മദ്ധ്യപ്രദേശിലെ തന്നെ കമ്പനിയ്‌ക്ക് ലിറ്ററിന് അമ്പത് രൂപയ്‌ക്കായിരുന്നു സ്‌പിരിറ്റ് വിറ്റുകൊണ്ടിരുന്നത്.