central-jail

തൃശൂർ: കേരളത്തിലെ മൂന്ന് സെൻട്രൽ ജയിലുകളും നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്ന് ആക്ഷേപം. 2019 - 2020 കാലഘട്ടത്തിൽ മാത്രം മൂന്ന് ജയിലുകളിൽ ജയിൽ, പൊലീസ് അധികൃതർ നടത്തിയ റെയ്ഡിൽ നൂറോളം മൊബൈലുകളാണ് പിടിച്ചെടുത്തത്. ജയിലിൽ യഥേഷ്ടം ആരെയും ഫോൺ ചെയ്യാൻ സൗകര്യമുള്ള ആളുകളാണ് ഇത്രയും ഫോണുകൾ ഉപയോഗിച്ചിരുന്നത്.

അന്നത്തെ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് മൊബൈൽ പിടിക്കുന്നവർക്ക് 5000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പിടിച്ച് പൊലീസിന് കൈമാറിയ ഫോണുകൾ പരിശോധിച്ച് ഇവരുമായി ബന്ധപ്പെട്ടവർ ആരാണെന്ന് കണ്ടെത്താനുള്ള ഒരു നടപടിയും ഉണ്ടായില്ല. ഉന്നത രാഷ്ട്രീയ നേതാക്കൾ മുതൽ ഭരണസിരാ കേന്ദ്രം നിയന്ത്രിച്ചിരുന്നവർ വരെ ഇവരിലുണ്ടെന്നുള്ള തിരിച്ചറിവാണ് പരിശോധന പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണം. സിം ഇല്ലാത്ത മൊബൈൽ ഫോൺ ഐ.എം.ഇ നമ്പർ വച്ച് ടവർ ലോക്കേറ്റ് ചെയ്ത് വിളിച്ചവരെയും വിളി കേട്ടവരെയും പിടികൂടാം എന്നിരിക്കെ അതിന് നടപടിയുണ്ടായില്ല.

ഇന്റലിജന്റ്‌സ് പോലും ജയിലിലെ ഫോൺ ഉപയോഗത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ട്രായ് നിയമപ്രകാരം ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസിക്കേ വിവരങ്ങൾ കൈമാറൂ എന്നാണ് നിയമം. ഓരോ സെൻട്രൽ ജയിലുകളിലും മതിൽക്കെട്ടിനുള്ളിൽ ഇരുപത് ഏക്കർ വരെ വിസ്തൃതിയുണ്ട്. ഇവിടെ പരിശോധന നടത്താൻ ഡോഗ് സ്‌ക്വാഡുണ്ടെങ്കിലും പരിശോധനയ്ക്ക് അനുവദിക്കാറില്ല. മതവികാരം വ്രണപ്പെടും എന്നുപറഞ്ഞാണ് ഇത് ഒഴിവാക്കുന്നത്.

ഫോൺ കൈയിൽ നിന്ന് പിടിച്ച് ശിക്ഷ ലഭിച്ചാൽ മൂന്ന് മാസത്തെ തടവാണ് ലഭിക്കുക. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാൾക്ക് മൂന്ന് മാസം കൂടി ലഭിച്ചാലും അത് ഒരു പ്രശ്‌നമല്ല. ജയിൽ അധികൃതരുടെ പരിശോധനയ്ക്ക് ശക്തി പോരെന്ന പേരിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയെക്കൊണ്ട് വിയ്യൂരിൽ റെയ്ഡ് ചെയ്യിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.