ശ്രീനഗർ: എയർഫോഴ്‌സ് സ്റ്റേഷനിൽ ഉണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ജമ്മു കാശ്മീരിൽ കനത്ത ജാഗ്രത. സുരക്ഷയുടെ ഭാഗമായി അതിർത്തി ജില്ലയായ രജൗരിയിൽ ഡ്രോൺ പറപ്പിക്കൽ, വിൽപ്പന, കൈവശം വയ്ക്കൽ എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.
ഡ്രോണുകളോ അതുപോലുള്ള വസ്തുക്കളോ കൈവശമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കണമെന്നാണ് രജൗരി ജില്ലാ മജിസ്‌ട്രേറ്റ് രജേഷ് കുമാർ ഷവൻ ഇറക്കിയ ഉത്തരവിൽ പറയുന്നത്. എന്നിരുന്നാലും സർവേകൾ, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോണുകൾ ഉപയോഗിക്കുന്ന സർക്കാർ ഏജൻസികൾക്ക് അനുമതിയുണ്ടായിരിക്കും.
ദേശവിരുദ്ധ ശക്തികൾ ഡ്രോണുകളും മറ്റും ഉപയോഗിച്ച് കേന്ദ്രഭരണ പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതികളിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെന്നും,ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ രണ്ട് എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.