ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ ഡീസൽ വിലയിലുണ്ടാവുന്ന വർദ്ധനവിൽ ജനം നട്ടം തിരിയുമ്പോൾ വിമാന ഇന്ധനത്തിലും എണ്ണക്കമ്പനികൾ വർദ്ധന വരുത്തി. വിമാന ഇന്ധനവില 3.6 ശതമാനമാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പതിനഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് വിമാന ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാവുന്നത്. ഡൽഹിയിൽ ഒരു കിലോ വിമാന ഇന്ധനത്തിന് ഇതോടെ 68,262 രൂപയായി. ആഗോള എണ്ണവില ഉയരുന്നതിനെ തുടർന്നാണ് വർദ്ധനവ്. പ്രാദേശിക നികുതി കാരണം വിമാന ഇന്ധനത്തിലും വില ഓരോ സംസ്ഥാനത്തും പലതാണ്.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വ്യോമയാന മേഖല ഇപ്പോഴും പൂർവ സ്ഥിതിയിലായിട്ടില്ല. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനാൽ ടിക്കറ്റ് നിരക്കിലുള്ള വർദ്ധന ഇന്ധന വിലക്കയറ്റം കൂടിയാകുമ്പോൾ യാത്രക്കാരിലേക്ക് കൈമാറാനാവും കമ്പനികൾ ശ്രമിക്കുക. വാഹന ഇന്ധനത്തിലും രാജ്യത്ത് വില ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. പെട്രോളിന് പുറമേ ഡീസലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലിറ്ററിന് നൂറ് രൂപ കടന്നിരുന്നു.