covid

ന്യൂഡൽഹി: 12 മുതൽ 18 വയസ് പ്രായമായവരിൽ പരീക്ഷണം നടത്തിയ ആദ്യ കൊവിഡ് വാക്സിനായ സൈക്കോവ് - ഡി വിതരണത്തിനു തയാറെടുക്കുന്നു. വാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്കായി വാക്സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയെ സമീപിച്ചു.

ഇന്ത്യയിൽ ഇതു വരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ക്ളിനിക്കൽ ട്രയലിനു ശേഷമാണ് വാക്സിൻ വിതരണത്തിന് തയ്യാറെടുക്കുന്നതെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. 50 ലേറെ സ്ഥലങ്ങളിൽ വാക്സിന്റെ ക്ളിനിക്കൽ ട്രയൽ ഇതിനോടകം പൂർത്തീകരിച്ചുവെന്നും 12 മുതൽ 18 വയസിനിടയിലുള്ളവരിലും വാക്സിൻ പരീക്ഷണം നടത്തിയതായും നിർമ്മാതാക്കൾ പറഞ്ഞു. ആദ്യമായാണ് ഇന്ത്യയിൽ 18 വയസിനു താഴെയുള്ളവരിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത്. ആയിരത്തിനുമേൽ കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചുവെന്നും ഇവരിൽ ശാരീരിക അസ്വസ്ഥതകളൊന്നും തന്നെ പ്രകടമായില്ലെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. മാത്രമല്ല മുതിർന്നവരിൽ എങ്ങനെയാണോ വാക്സിൻ പ്രവർത്തിച്ചത് അതേ രീതിയിലുള്ള ഫലപ്രാപ്തി തന്നെ കുഞ്ഞുങ്ങളിലും കണ്ടതായി അവർ പറഞ്ഞു. വാക്സിൻ എടുത്തവരിൽ ഭൂരിപക്ഷത്തിനും കൊവിഡ് പിന്നെ വന്നിട്ടില്ലെന്നും വന്നവരിൽ തന്നെ നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമായുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

സൂചി ഉപയോഗിക്കാതെയുള്ള ഇന്ട്രാഡെർമൽ വിദ്യ പ്രകാരമാണ് ഈ വാക്സിൻ നൽകുന്നത്. മാത്രമല്ല തെർമോസ്റ്റെബിളിറ്റി സാങ്കേതികവിദ്യ അടങ്ങിയിരിക്കുന്നതിനാൽ അന്തരീക്ഷതാപത്തിൽ വരുന്ന വ്യതിയാനങ്ങൾ ഈ വാക്സിനെ കാര്യമായി ബാധിക്കില്ല.