കെ.ബാലകൃഷ്ണനെ ഓർക്കുമ്പോൾ പല മുഖങ്ങൾ ഒരേസമയം ഓർമ്മയിലുണ്ട്. ആർ.എസ്.പി നേതാവിന്റെയും കൗമുദി പത്രാധിപരുടെയും എഴുത്തുകാരന്റെയും വേദികളിൽ ഉയർന്ന പ്രൗഢമായ വാക്കുകളുടെ ഉടമസ്ഥന്റെയുമെല്ലാം വിവിധ ചിത്രങ്ങൾ... എല്ലാ ചിത്രങ്ങൾക്കും അതിന്റെതായ ചാരുതയും ശക്തിയുമുണ്ട്. പരിചയപ്പെട്ടവരാരും മറക്കാത്ത മാസ്മരികമായ വ്യക്തിത്വവും അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും പ്രസംഗത്തിലും ഒരേപോലെ ശോഭിച്ച മറ്റൊരാളെ ചൂണ്ടിക്കാണിക്കുവാനില്ലെന്നതാണ് സത്യം.
സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിന് എതിരെ വിദ്യാർത്ഥിയായിരുന്നപ്പോഴും പിന്നീടും ധീരവും സാഹസികവുമായ നിരവധി സമരങ്ങൾ അദ്ദേഹം നയിച്ചിട്ടുണ്ട്. കെ.എസ്.പിയുടെയും
ആർ.എസ്.പിയുടെയും വളർച്ചയിൽ വലിയ പങ്ക് വഹിച്ചു.1954ൽ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്ത് എം.എൽ.എ ആയും 1971ൽ
ലോക്‌സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അതെല്ലാം ചരിത്രത്തിൽ
തെളിഞ്ഞു കിടപ്പുണ്ട്. ഈ സന്ദർഭത്തിൽ കൂടുതൽ രാഷ്ട്രീയത്തിലേക്ക് പോകാതെ അദ്ദേഹം പത്രപ്രവർത്തനരംഗത്ത് സൃഷ്ടിച്ച വലിയ അത്ഭുതങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും ഓർക്കാമെന്ന് വിചാരിക്കുന്നു.
അൻപതുകളുടെ തുടക്കത്തിലാണ് കൗമുദി ആഴ്ചപ്പതിപ്പ് ബാലകൃഷ്ണന്റ പത്രാധിപത്യത്തിൽ പുറത്തുവന്നത്. കൃത്യമായി പറഞ്ഞാൽ 1950 മാർച്ച് ഏഴിന് ആദ്യ ലക്കം കൗമുദി പിറന്നു. വലിയ അത്ഭുതമാണ് അത് സൃഷ്ടിച്ചത്. ആഴ്ചപ്പതിപ്പിനെ പറ്റിയുള്ള പരമ്പരാഗതമായ ധാരണകളെ വെല്ലുവിളിച്ചു കൊണ്ടാണ് കൗമുദി വന്നത്. കുറെ സാഹിത്യകൃതികൾ കുത്തിക്കെട്ടി പുറത്തിറക്കുന്ന സമ്പ്രദായം സ്വീകരിച്ചില്ല. പുതിയൊരു പത്രസങ്കല്പം സൃഷ്ടിച്ചെടുക്കുകയാണ് ബാലകൃഷ്ണൻ ചെയ്തത്. സാഹിത്യത്തിനും രാഷ്ടീയത്തിനും സിനിമയ്ക്കും നാടകത്തിനും സാമൂഹിക പ്രശ്നങ്ങൾക്കും ഒരുപോലെ പ്രാധാന്യം കൊടുത്ത ഒരു വാരിക അദ്ദേഹം സൃഷ്ടിച്ചു. അതിന് മുൻ മാതൃകകളില്ലായിരുന്നു. യുവാവായ പത്രാധിപരുടെ സവിശേഷസാന്നിദ്ധ്യം ഓരോ പേജിലുമുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ അച്ചടിയും പത്രങ്ങളും കണ്ടാണ് ബാലകൃഷ്ണൻ വളർന്നത്. മുത്തച്ഛൻ സി.വി കുഞ്ഞുരാമൻ , അച്ഛൻ സി.കേശവൻ അമ്മാവൻ കെ.സുകുമാരൻ എന്നിവരെല്ലാം പത്രം നടത്തിയവരായിരുന്നു. വലിയ പത്രാധിപന്മാരായിരുന്നു. ചെറുപ്പമാണെങ്കിലും അദ്ദേഹം പക്വതയുള്ള പത്രാധിപരായി മാറി. പക്വമായ അറിവും ഉന്നതമായ ഭാവനാശേഷിയും ദൃഢബോദ്ധ്യങ്ങളുമുണ്ടായിരുന്ന പത്രാധിപരുടെ ഭാവനയും കരവിരുതും ഓരോ പേജിലും ഉണ്ടായിരുന്നു. ഒറ്റയാൾ പട്ടാളം പോലെ എഡിറ്റർ ആഴ്ചപ്പതിപ്പിൽ നിറഞ്ഞു നിന്നു . കൗമുദി പതുക്കെപ്പതുക്കെ വായനക്കാരെ രസിപ്പിച്ചും ചിന്തിപ്പിച്ചും പ്രകോപിപ്പിച്ചും കീഴടക്കി . സ്വതന്ത്രവും ധീരവുമായ അഭിപ്രായങ്ങൾ
പ്രകടിപ്പിക്കാൻ എഴുത്തുകാർക്കും വായനക്കാർക്കും സ്വാതന്ത്ര്യം കൊടുത്തു. സത്യം തുറന്നു പറഞ്ഞ് സ്വതന്ത്രരാകാൻ തന്റെ തലമുറയോട് ഈ പത്രാധിപർ ആവശ്യപ്പെട്ടു. അങ്ങനെ കാലം ആവശ്യപ്പെടുന്നത് ചെയ്യാനുള്ള വേദിയായി കൗമുദിയെ മാറ്റി. യഥാർത്ഥ പത്രധർമ്മം നിറവേറ്റാൻ അദ്ദേഹം തയ്യാറായി . കെ.ബാലകൃഷ്ണൻ എഴുതിയ മുഖപ്രസംഗങ്ങൾ കൗമുദിയുടെ മൂല്യവും അന്തസും ഉയർത്തി. കൗമുദിക്കുറിപ്പുകൾ എന്ന ശീർഷകത്തിൽ എഴുതിയ മുഖപ്രസംഗങ്ങൾ അന്ന് ചിന്തിക്കുന്നവരെയെല്ലാം വശീകരിച്ചു. പലതും രാഷ്ടീയവേദികളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചു . ഗൗരവമേറിയ ഒരു സിനിമ ഇറങ്ങിയാൽ നാടകം ഉണ്ടായാൽ അതിനെക്കുറിച്ച് കെ.ബാലകൃഷ്ണൻ എന്തു പറയുന്നു, കൗമുദി എന്തു പറയുന്നു എന്ന് ആസ്വാദകൻ അന്വേഷിക്കുമായിരുന്നു. ആരേയും പ്രീതിപ്പെടുത്താതെ വെട്ടിത്തുറന്നുള്ള നിഷ്പക്ഷമായ അഭിപ്രായങ്ങൾക്ക് വലിയ അഗീകാരവും ആദരവുമാണ് ലഭിച്ചത്. എഴുതിത്തുടങ്ങുന്ന പുതിയ പ്രതിഭകളെ പത്രാധിപർ പ്രത്യേകം ശ്രദ്ധിക്കുകയും വലിയ പ്രോത്സാഹനം കൊടുക്കുകയും ചെയ്തു.
കൗമുദി തുടക്കം മുതൽ തന്നെ പുറത്തിറക്കിയ ഓണം വിശേഷാൽ പതിപ്പുകൾ വലിയ ശ്രദ്ധ നേടി. എഴുത്തുകാരോട് യാതൊരു വിവേചനവും ഈ പത്രാധിപർ കാട്ടിയില്ല. കേരളത്തിന്റെ തെക്കും വടക്കുമുള്ള എല്ലാ എഴുത്തുകാരും കൗമുദിയിലുണ്ടാകും. കേസരിയും കുട്ടികൃഷ്ണമാരാരും മുണ്ടശ്ശേരിയും അഴീക്കൊടും ബഷീറും ദേവും തകഴിയും ലളിതാംബിക അന്തർജനവും എം.ടിയും ജീയും വയലാറും ഒ.എൻ.വി യും പട്ടത്തവിളയും കെ.പി അപ്പനും തുടങ്ങി മലയാളത്തിലെ എഴുത്തുകാരെല്ലാം കൗമുദിയുടെ ഓണം
വിശേഷാൽ പതിപ്പിൽ വിവിധ വർഷങ്ങളിൽ എഴുതിയിട്ടുണ്ട്. 1964 ലെ ഓണം വിശേഷാൽ പതിപ്പിന് രണ്ടാം പതിപ്പ് വേണ്ടി വന്നു. 1965 ലെ
ഓണപതിപ്പിൽ ലോകത്ത് ഒരു പത്രാധിപരും ധൈര്യപ്പെടാത്ത ഒരു പരീക്ഷണം കെ.ബാലകൃഷ്ണൻ നടത്തി. വായനക്കാരെ ഒരു മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. ആ വർഷം എഴുത്തുകാരുടെ പേര് കൊടുക്കാതെ രചനകൾ മാത്രം പ്രസിദ്ധീകരിച്ചു. എഴുത്തുകാരുടെ പേരുകൾ ഒന്നിച്ച് ഒരു ഭാഗത്ത് കൊടുക്കുകയും ചെയ്തു. ഓരോ എഴുത്തുകാരന്റെയും രചനകൾ വായനക്കാർ കണ്ടെത്തണം. അതാണ് മത്സരം. ശരിയായ എഴുത്തുകാരെ കണ്ടെത്തുന്ന മൂന്ന് പേർക്ക് സമ്മാനം കൊടുക്കും. അന്ന് കേരളത്തിലെ വായനക്കാരെ മുഴുവൻ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാഹിത്യ മത്സരമായിരുന്നു അത്. എല്ലാ എഴുത്തുകാരെയും കണ്ടുപിടിക്കാൻ ആർക്കുമായില്ല. ഒന്നും രണ്ടും തെറ്റുകൾ വരുത്തിയവർക്ക് സമ്മാനം കൊടുക്കുകയും ചെയ്തു.
എഴുത്തുകാരന്റ വാക്കുകളിലൂടെയും ഭാഷാശൈലിയിലൂടെയും
എഴുത്തുകാരന്റെ വ്യക്തിത്വവും ജീവിതവീക്ഷണവും കണ്ടെത്താൻ വായനക്കാരെ പ്രാപ്തരാക്കാൻ അത്യന്തം രസകരമായ ഈ മത്സരത്തിലൂടെ പത്രാധിപർക്ക് കഴിഞ്ഞെന്ന് വ്യക്തം. വായനക്കാരുമായി നേരിട്ട് സംവദിക്കുകയും ഇടപെടുകയും ചെയ്യുന്ന പത്രാധിപരായിരുന്നു ബാലകൃഷ്ണൻ . പത്രാധിപരോട് ചോദിക്കുക എന്ന ചോദ്യോത്തര പംക്തിയിൽ അതു കാണാം. ഹാസ്യവും തമാശയുമൊക്കെ ഈ ചോദ്യോത്തര പംക്തിയിലുണ്ടായിരുന്നെങ്കിലും വായനക്കാർ ഗൗരവത്തോടെ സമീപിച്ച ഒരു പംക്തിയായിരുന്നു അത്. ഒരു തലമുറയെ ചിരിപ്പിക്കുകയും ഉറക്കെ ചിന്തിപ്പിക്കുകയും ആഴത്തിൽ പ്രകോപിപ്പിക്കുകയും ചെയ്ത ഉത്തരങ്ങളായിരുന്നു കെ.ബാലകൃഷ്ണന്റേത്. അദ്ദേഹത്തിന്റെ ഉത്തരങ്ങൾ സമകാലികതയെ വിട്ട് എല്ലാ കാലത്തെയും സംബന്ധിക്കുന്ന യാഥാർത്ഥ്യങ്ങൾ പ്രകാശിപ്പിക്കുന്നവയായി തീരാറുണ്ട്. താങ്കൾ എന്തുകൊണ്ടാണ്
ബുദ്ധിജീവികളെ പുച്ഛിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത ഉത്തരം ശ്രദ്ധിക്കുക. അദ്ദേഹം പറഞ്ഞു: 'ചിന്ത എന്നൊന്ന് സ്വന്തമായില്ലാതെ ആരാനും അടിച്ചു വിടുന്ന ഇംഗ്ലീഷ് വരികൾ സൗരഭ്യമില്ലാത്ത ഭാഷയിൽ മലയാളത്തിൽ പകർത്തിവച്ചിട്ട് ബുദ്ധിജീവികളായി ഭാവിക്കുന്നവരെ എങ്ങനെ ബഹുമാനിക്കാനാണ് ?' ഇത് എന്നത്തെയും കപട ബുദ്ധിജീവികൾക്കും ചേരുന്ന വാക്കുകളാണ്. ബാലകൃഷ്ണന്റെ വാക്കുകൾക്ക് കാലത്തിന്റെ അതിർത്തികൾ അതിലംഘിച്ചു പോകുന്നവയാണ്.
ലേഖകന്റെ ഫോൺ - 9447072771