adoor



കുറച്ചുനാൾ മുൻപ് ഒരു സമ്മേളനം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ഞാൻ അടൂരിനോട് പറഞ്ഞു: ഇങ്ങനെ പോയാൽ ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ സ്ഥാനത്തുവരാൻ സാദ്ധ്യതയുണ്ട്.അടൂരിന് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല.അപ്പോൾ ഞാൻ വിശദീകരിച്ചു.പണ്ടൊക്കെ തിരുവനന്തപുരത്ത് ഒരു സാംസ്‌കാരികസമ്മേളനം നടന്നാൽ അധ്യക്ഷനായോ ഉദ്ഘാടകനായോ ശൂരനാടനുണ്ടാവും.അടൂരിന് ദേഷ്യം വരുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ , അദ്ദേഹം പൊട്ടിച്ചിരിക്കുകയാണുണ്ടായത് .
തൊട്ടടുത്തു തന്നെ അടൂരിനോടൊപ്പം ഞാനുമുണ്ടായിരുന്ന ഒരു സമ്മേളനത്തിൽ വച്ച് ജോർജ് ഓണക്കൂർ പ്രസംഗിക്കുന്നതുകേട്ടു, ഇപ്പോൾ ഒരു പ്രസംഗത്തൊഴിലാളി യൂണിയനുണ്ടാക്കുകയാണെങ്കിൽ അടൂർ പ്രസിഡന്റും അദ്ദേഹം സെക്രട്ടറിയുമാവുമെന്ന്.അപ്പോഴും അടൂർ പൊട്ടിച്ചിരിച്ചു.ശരിയാണല്ലോ.സംസ്‌കാരികരംഗത്തെ സമ്മേളനങ്ങളുടെ വാർത്തകളിലെല്ലാം ഇവരുടെ പേരുകൾ കാണാം. വർഷങ്ങൾ പോയിട്ടും മാറ്റമില്ലാതെ നിൽക്കുന്ന അടൂരിന്റെ അപൂർവം മാറ്റങ്ങളിലൊന്നാണിത്.തിരുവനന്തപുരത്തെ വേദികളിൽ സ്ഥിരസാന്നിദ്ധ്യമായിരുന്ന മഹാരഥന്മാർ പലരും അരങ്ങൊഴിഞ്ഞു.ഇപ്പോൾ എല്ലാവർക്കും ആശ്രയിക്കാൻ ഒരു അടൂർ മാത്രമേയുള്ളൂ.താൻ ഒരനിവാര്യതയായിരിക്കുന്ന അവസ്ഥയെക്കുറിച്ചു അടൂരിന് നല്ല നിശ്ചയമുണ്ട്.അതുകൊണ്ട് പണ്ടേപ്പോലെ എല്ലാമങ്ങു നിരസിച്ചുപോകാൻ അദ്ദേഹത്തിനാവുന്നില്ല. ഒരു ജനപ്രതിനിധിയെപ്പോലെ എല്ലായിടത്തും ഓടിയെത്തുന്നു.
പിന്നൊരു മാറ്റം പ്രതികരണങ്ങളുടെ കാര്യത്തിലാണ്.പണ്ട് സ്വന്തം സിനിമയ്ക്കെതിരെ വരുന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും എതിരെ മാത്രമേ അദ്ദേഹം പ്രതികരിച്ചിരുന്നുള്ളൂ.ഇപ്പോൾ ചില സാമൂഹിക വിഷയങ്ങളിലും കൂടി അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വരുന്നുണ്ട്.ചിലപ്പോൾ അതിൽ കുറച്ചു രാഷ്ട്രീയവും കലരാറുണ്ട് .അതുകൊണ്ടാണ് പണ്ട് ' മുഖാമുഖം' വന്നപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് അദ്ദേഹത്തെ ആക്ഷേപിച്ച അതേ അണികൾ തന്നെ ചില ബി.ജെ.പി.ക്കാർ അദ്ദേഹത്തിനെതിരെ പറഞ്ഞപ്പോൾ ' സേവ് അടൂർ' മുദ്രാവാക്യം വിളിച്ച് അദ്ദേഹത്തിനുചുറ്റും മതിൽ തീർത്തത്.പിന്നീട് അദ്ദേഹം ചെയർമാനായ സംഘടന അവാർഡ് നൽകിയ വ്യക്തി മീറ്റൂവിൽപ്പെട്ട ആളാണെന്ന് മനസ്സിലായപ്പോൾ അടൂരിനെ ട്രോളാനും ഇതേ സംഘം മടി കാട്ടിയില്ല.
'സ്വയംവരം' മുതൽ ' പിന്നെയും' വരെയാണല്ലോ അടൂരിന്റെ ചലച്ചിത്രലോകം.അടൂർ പഠനങ്ങളെല്ലാം ഇത്രയും ചിത്രങ്ങളെ മുൻ നിറുത്തിയാണ് രചിക്കപ്പെട്ടിട്ടുള്ളത്..( സമ്മാനിതമായ കുറേ ഡോക്യുമെന്ററികളും ഇതിന്നൊപ്പം അണി ചേരുന്നുണ്ട് എന്നു മറക്കുന്നില്ല.) എന്നാൽ, ഞാൻ കാണുന്ന ആദ്യ അടൂർ ചിത്രം ' പ്രതിസന്ധി' യാണ്.അവസാനചിത്രം 'സുഖാന്ത്യ ' വുമാണ്.ഈ രണ്ടു ചിത്രങ്ങളെ ഉൾപ്പെടുത്താമെങ്കിൽ പഠനത്തിന്റെ സ്വഭാവം മാറും.ഒരു ചലച്ചിത്രകാരന്റെ
വികാസപരിണാമങ്ങളെക്കുറിച്ചുള്ള തീർത്തും വ്യത്യസ്തമായ ഒരു പഠനമായിരിക്കും അപ്പോൾ ലഭിക്കുക.എന്നെ സംബന്ധിച്ചേടത്തോളം അടൂർ ഗോപാലകൃഷ്ണൻ എന്ന പേര് ഞാൻ കേൾക്കുന്നത് ' പ്രതിസന്ധി' യിലുമല്ല.അന്തിയൂർക്കോണം ഗ്രാമോദ്ധാരണ ഗ്രന്ഥശാലയിൽ നിന്ന് പുസ്തകവായന ദാഹമായ ഒരു വിദ്യാർത്ഥി നിശ്ചിന്തനായി വലിച്ചെടുത്ത ഒരു പുസ്തകത്തിന്റെ പുറംചട്ടയിലാണതിന്റെ തുടക്കം.പുസ്തകം നാടകമായിരുന്നു.അതിന്റെ പേര് ' നിന്റെ രാജ്യം വരുന്നു' .നാടകകൃത്തിന്റെ പേര് അടൂർ ഗോപാലകൃഷ്ണൻ.അതെ അത് തന്നെയാണ് അടൂരിന്റെ പരിണാമകഥ .അല്ലാതെ, ' സിനിമാ പാരഡിസോ'യിലെ നായകനെപ്പോലെയോ ശിക്ഷിക്കപ്പെട്ട് ഇരുട്ടുമുറിയിൽ അടയ്ക്കപ്പെട്ടപ്പോൾ മാജിക് ലാന്റേൺ കണ്ട് ആവേശഭരിതനായ ബർഗ് മാനെ പോലെയോ കുഞ്ഞുന്നാളിലേ സിനിമ തലയ്ക്കു പിടിച്ച് ആ ഒരേ ലക്ഷ്യവുമായി സിനിമയിലേക്ക് കടന്നുവന്നയാളല്ല അടൂർ. അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ അയയ്ക്കുന്നതുപോലും അവിടെച്ചേർന്നാൽ നാടകത്തിൽ ശോഭിക്കാൻ കഴിഞ്ഞാലോ എന്ന് കരുതിയിട്ടാണ്.ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സിക് ചലച്ചിത്രങ്ങളുടെ ദർശനത്തിലൂടെയാണ് സിനിമ അദ്ദേഹത്തിലേക്ക് കടന്നുവരുന്നത്. എന്നാൽ ഒന്നുണ്ട്.ശൈശവത്തിലേ സിനിമ ഒരാവേശമായി ഈ രംഗത്തിറങ്ങുകയും അതിന്റെ പേരിൽ ജീവിതം തന്നെ കുരുതി കൊടുക്കുകയും ചെയ്തിട്ടുള്ളവരെക്കാൾ സിനിമയുടെ കടാക്ഷാനുഗ്രഹം സിദ്ധിച്ചത് അടൂരിനാണ്.മിടുമിടുക്കന്മാരായ സഹപാഠികളുണ്ടായിരുന്നു അടൂരിന് ഇൻസ്റ്റിറ്റ്യൂട്ടിൽ .അതും മലയാളികൾ.ജോൺ ശങ്കരമംഗലവും അസീസും.രണ്ടു പേരും സിനിമകൾ ചെയ്യുകയുമുണ്ടായി.എന്നാൽ, അടൂരിന്റെ ഏഴയലത്തെത്താൻ അവർക്കായില്ല.
ആകർഷകവും വ്യത്യസ്തവും അനനുകരണീയവുമായ ഒരു ചലച്ചിത്രചരിത്രമാണ് അടൂരിന്റേത്.നാടകങ്ങളിൽ തുടക്കം. നാടകപഠനം പ്രതീക്ഷിച്ചു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്നു .അവിടെവച്ചു ക്ലാസ്സിക് സിനിമകളുടെ ആകർഷണവലയത്തിൽപ്പെടുന്നു.ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആരുടേയും സഹായിയാവാൻ പോയില്ല.ധന്യമായ ചലച്ചിത്രാനുഭവം നാട്ടുകാർക്കു കൂടി പകർന്നു നല്കണമെന്ന ചിന്തയോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നു.ചലച്ചിത്രനിർമ്മാണത്തിന് പരാശ്രയമൊഴിവാക്കാനായി ഒരു സഹകരണസംഘം തുടങ്ങുന്നു.അനേകം ഡോക്യുമെന്ററികളും ഒരു കുടുംബാസൂത്രണപ്രചാരണ ചിത്രവും വഴി മൂലധനസമാഹരണം നടത്തുന്നു.പൂർത്തീകരിച്ചിരുന്നെങ്കിൽ വ്യത്യസ്തതയുടെ മേലങ്കി അന്യമായിപ്പോകുമായിരുന്ന ഒരു ഫോർമുലാബദ്ധചിത്രം ( കാമുകി-മധു,ഉഷാനന്ദിനി , അടൂർ ഭാസി അഭിനേതാക്കൾ, ഗാനങ്ങളും ഹാസ്യവും,മറ്റൊരാളുടെ തിരക്കഥ.) നിയതി തന്നെ തട്ടിത്തെറിപ്പിക്കുകയും ചെയ്തു.അങ്ങനെയാണ് ചലച്ചിത്രകലയുടെ തിരുവരങ്ങിൽ അടൂരിന്റെ രാജകീയപ്രവേശമുണ്ടാകുന്നത്.
മലയാള സിനിമയിൽ താൻ നേടിയ സ്ഥാനം നില നിറുത്തുന്നതിന് അടൂരിന് ഇനിയൊരു സിനിമയുടെ ആവശ്യമില്ല.പുതുതലമുറകൾ വന്നുപോയിട്ടും ഇന്ത്യൻ സിനിമയിൽ ഒന്നാമനായി സത്യജിത് റായ് നിലകൊള്ളുന്നതുപോലെ തലമുറമാറ്റവും ഭാവുകത്വപരിണാമങ്ങളും സംഭവിച്ചിട്ടും മലയാളത്തിന്റെ ഒന്നാമനായി അടൂർ നില കൊള്ളുകയാണ്.