കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിലും ജീവിതത്തിലും വേരോടിയ കിറ്റെക്‌സ് എന്ന വ്യവസായ സ്ഥാപനം അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് വലിയൊരു പ്രഖ്യാപനത്തോടെയാണ്. 2020ൽ കൊച്ചിയിൽ നടന്ന കേരള ആഗോള നിക്ഷേപക സമ്മേളനമായ അസെൻഡിൽ സംസ്ഥാന സർക്കാരുമായി 3500 കോടിയുടെ ധാരണപത്രം ഒപ്പുവച്ചിരുന്നു. ഒരു വർഷത്തിനിപ്പുറം കിറ്റെക്‌സ് ആ കരാറിൽ നിന്ന് പിന്മാറുന്നു. ഇതിനിടെ എന്താണ് സംഭവിച്ചത് കിറ്റെക്‌സ് ചെയർമാൻ സാബു ജേക്കബ് തുറന്നു പറയുന്നു.
തന്നെയും കമ്പനിയെയും ഇല്ലാതാക്കാൻ ശ്രമം
രാഷ്ട്രീയക്കാർ എന്നെയും എന്‍റെ സ്ഥാപനങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ നടക്കുന്ന പരിശോധനകൾ അതിന്‍റെ ഭാഗമാണ്. ഏതൊരാൾക്കും രാഷ്ട്രീയമുണ്ട്. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് ട്വന്‍റി 20 എന്ന ലേബലിൽ മത്സരിച്ചത്. എന്നാൽ, എന്നിലെ രാഷ്ട്രീയക്കാരനെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിൽ നടത്തിയ അഭിമുഖത്തിൽ കിറ്റെക്‌സുമായി ബന്ധപ്പെട്ട് കോടതിയിൽ വന്ന പരാതിയുടെ വിവരങ്ങൾ ജഡ്‌ജി താനുമായി ചർച്ച ചെയ്തുവെന്ന് എം.എൽ.എ ശ്രീനിജൻ പറയുന്നുണ്ട്. ഇത് കിറ്റെക്‌സിനെതിരെ നടത്തുന്ന സംഘടിത ഗൂഢാലോചനയുടെ തെളിവാണ്. അടിക്കടി പരിശോധനകൾ നടന്നു വരുന്ന സാഹചര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയിലാണ്.
പക പോക്കൽ
സർക്കാരുകൾ തന്നെ ടാർഗറ്റ് ചെയ്ത് വേട്ടയാടുകയാണ്. 24 വർഷമായി പ്രവർത്തിക്കുന്ന കിഴക്കമ്പലത്തെ കിറ്റക്‌സ് ഫാക്‌ടറിയിൽ ഒരു മാസത്തിനിടെ 11 തവണയാണ് പരിശോധനകൾ നടന്നത്. ആരോഗ്യ വകുപ്പ്, തൊഴിൽ വകുപ്പ് മുതൽ പൊലീസ്, കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തുടങ്ങി സംസ്ഥാനത്തെ എല്ലാ വകുപ്പുകളും പരിശോധന നടത്തിക്കഴിഞ്ഞു. ഇതുവരെ ഒരു വകുപ്പും നോട്ടീസ് നൽകുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല. ഒരോ തവണയും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞുള്ള പരിശോധനകൾ തലസ്ഥാനത്ത് നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് നടന്നിട്ടുള്ളതെന്ന് സാബു ജേക്കബ് ആരോപിക്കുന്നു. എല്ലാ പരിശോധനകളിലും ഉന്നത തലത്തിലുള്ള ഇടപടൽ വ്യക്തമാണ്. കിറ്റക്‌സിന് മാത്രമായി പ്രത്യേക നിയമങ്ങൾ എന്ന തലത്തിലാണ് നടപടികൾ നീങ്ങുന്നത്.
കമ്പനിയുടെ വരുമാനത്തെ ബാധിച്ചു
അടിക്കടിയുണ്ടാവുന്ന പരിശോധനകൾ കമ്പനിയുടെ പ്രവർത്തനത്തെയും വരുമാനത്തെയും അടക്കം ബാധിക്കുന്നുണ്ട്. ഒരു മാസമായി പല ദിവസങ്ങളും ആരംഭിക്കുന്നത് പരിശോധനയോടെയാണ്. ജീവനക്കാരിൽ നിന്ന് മൂന്ന് മുതൽ നാല് മണിക്കൂർ വരെ നടത്തുന്ന വിവരശേഖരണം കമ്പനിയെ ബാധിക്കുന്നുണ്ട്. നിരന്തരമായി പരിശോധനകൾ നടത്തി തന്നെ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയാണ്. മറ്റെവിടെയും ഇതുപോലെ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നില്ല. സ്ഥാപനത്തിൽ എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതോ വ്യവസായ സൗഹൃദ അന്തരീക്ഷം
നിക്ഷേപക സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് നാഴികയ്ക്ക് നാൽപത് വട്ടം മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നുണ്ടല്ലോ. ഇതാണോ അദ്ദേഹം പറഞ്ഞ ആ സൗഹൃദ അന്തരീക്ഷം. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങളോ സംരംഭങ്ങളോ തുടങ്ങാനും പ്രവർത്തിക്കാനും സാഹചര്യമില്ലെന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതും അതുകൊണ്ടാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോവാനാകില്ല. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ പുനരാലോചനയില്ല. സ്ഥലം എം.എൽ.എ പി.വി. ശ്രീനിജനടക്കം കമ്പനിക്കെതിരെ നീങ്ങുന്നുണ്ട്. വ്യവസായ സൗഹൃദാന്തരീക്ഷം സംസ്ഥാനത്തുണ്ടെന്ന് സർക്കാർ പറയുമ്പോഴും രാജ്യത്ത് സംസ്ഥാനത്തിന്‍റെ വികസന റാങ്കിംഗ് ഇരുപത്തിയെട്ടാണ്.
കൈനീട്ടി അഞ്ച് സംസ്ഥാനങ്ങൾ
കേരളത്തിലെ പദ്ധതിയിൽ നിന്ന് പിന്മാറിയതോടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ സഹകരണം വാഗ്ദാനം ചെയ്ത് എത്തിയിട്ടുണ്ട്. എവിടെ പദ്ധതി ആരംഭിക്കണമെന്നതിന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. നിരവധി വിദേശ - ആഭ്യന്തര ബ്രാൻഡുകളാണ് ഗ്രൂപ്പുകളുടേതായി ഇന്ന് വിപണിയിലുള്ളത്. അമേരിക്കയിലെ വാൾമാർട്ട്, ടാർഗെറ്റ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി ഡിപ്പാർട്‌മെന്റ് സ്റ്റോറുകളിലേക്കാണ് കിറ്റെക്‌സ് ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. നിലവിലുള്ള യൂണിറ്റുകൾ തന്നെ നടത്തിക്കൊണ്ടു പോവാൻ കഴിയാത്ത സാഹചര്യമായതോടെയാണ് ഇനിയും കേരളത്തിൽ നിക്ഷേപങ്ങൾ നടത്തണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്.
പൊലിയുന്നത് 35,000 തൊഴിലവസരം
20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്ക്, തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ 600ഓളം പുതുസംരംഭകർക്ക് അവസരമേകുന്നതും 5,000 പേർക്ക് വീതം തൊഴിൽ ലഭിക്കുന്നതുമായ മൂന്ന് വ്യവസായ പാർക്ക് എന്നിങ്ങനെ മൊത്തം 35,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികളിൽ നിന്നാണ് കിറ്റെക്‌സിന്‍റെ പിൻവാങ്ങൽ. അപ്പാരൽ പാർക്കിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. 2025ഓടെ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം.
കിറ്റെക്‌സ് ഗ്രൂപ്പ്
1968ൽ പത്ത് തൊഴിലാളികളുമായി തുടങ്ങിയ കിറ്റെക്‌സ്, ഇന്ന് കേരളത്തിൽ സ്വകാര്യ മേഖലയിൽ ഏറ്റവുമധികം പേർ തൊഴിലെടുക്കുന്ന സ്ഥാപനമാണ്; നേരിട്ട് 15,000 പേർ. അന്ന അലുമിനിയം, സാറാസ്, ലുങ്കി, ബെഡ്‌ഷീറ്റ്, സ്‌കൂബി തുടങ്ങി ഒട്ടേറെ വിദേശ-ആഭ്യന്തര ബ്രാൻഡുകൾ കമ്പനിക്കുണ്ട്. വാൾമാർട്ട് അടക്കം വിദേശത്തെ പ്രമുഖ കമ്പനികളുടെ സ്‌റ്റോറുകളിലേക്ക് കിറ്റെക്‌സ് ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. നവജാതശിശു മുതൽ 24 മാസം വരെ പ്രായമുള്ളവരുടെ ഉത്‌പന്നങ്ങളിലാണ് കിറ്റെക്‌സ് ഗാർമെന്‍റ്സിന്‍റെ പെരുമ. കുട്ടികളുടെ വസ്‌ത്രോത്പന്ന വിപണിയിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ് കിറ്റെക്‌സ്.