ന്യൂഡൽഹി : റഷ്യൻ നിർമിത വാക്സിനായ സ്പുഡ്നിക് ലൈറ്റിന് രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് ഇന്ത്യ അനുമതി നിഷേധിച്ചു. റഷ്യൻ വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്താൻ ഡോ റെഡ്ഡീസ് ലാബാണ് അനുമതി ചോദിച്ചിരുന്നത്. അപേക്ഷ പരിഗണിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സബ്ജക്റ്റ് എക്സ്‌പെർട്ട് കമ്മിറ്റി (എസ് ഇ സി) കഴിഞ്ഞ ദിവസം കൂടിയ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്.
മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് സ്പുട്നിക് ലൈറ്റിന് തിരിച്ചടിയായതെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് അഞ്ച് ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. രണ്ട് ഡോസ് ആയിട്ടെടുക്കേണ്ട സ്പുട്നിക് അഞ്ചിൽ ഓരോ ഡോസിനും വ്യത്യസ്ത മരുന്നാണ് ഉപയോഗിക്കുന്നത്. ഇതിൽ ആദ്യത്തേത് പ്രധാന വാക്സിനും രണ്ടാമത്തേത് ബൂസ്റ്ററുമാണ്. എന്നാൽ സ്പുട്നിക് ലൈറ്റ് ഒറ്റ ഡോസ് മാത്രം വേണ്ടിവരുന്ന വാക്സിനാണ്. പ്രധാനമായും സ്പുട്നിക് അഞ്ചിലെ ആദ്യ ഡോസിൽ ഉപയോഗിക്കുന്ന ഘടകങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
രണ്ട് ഡോസുകൾക്ക് പകരം ഒരു ഡോസ് വാക്സിൻ 80 ശതമാനത്തോളം രോഗ പ്രതിരോധ ശേഷി നൽകുമെന്നാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സി ഇ ഒ അവകാശപ്പെടുന്നത്. റഷ്യയിൽ നിന്നും സ്പുട്നിക് അഞ്ച് ഇന്ത്യയിലെത്തിക്കുന്ന ഈ കമ്പനിക്ക്, വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. സ്പുട്നിക് ലൈറ്റ് വാക്സിന് ഉദ്ദേശം 730 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച അവസരത്തിലാണ് രണ്ട് ഡോസ് വാക്സിനായ സ്പുട്നികിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.
കൊവിഡ് വന്നവർക്കുള്ള ചികിത്സയിൽ അത്ഭുത മുന്നേറ്റമുണ്ടാക്കുന്ന ഡി ആർ ഡി ഒ വികസിപ്പിച്ച 2ഡിയോക്സിഡി ഗ്ലൂക്കോസിന്റെ (2ഡിജി) നിർമ്മാണവും ഡോ. റെഡ്ഡീസാണ് ഏറ്റെടുത്തിട്ടുള്ളത്. സർക്കാർ സ്ഥാപനങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുന്ന മരുന്നിന്റെ വില 990 രൂപയാണ്.