ബംഗളുരു: ബംഗളുരുവിലെ ശക്തി ദേവതാ ക്ഷേത്രത്തിനു സമീപം പൂക്കൾ വിൽക്കുന്ന പെൺകുട്ടിയെ വളരെ യാദൃശ്ചികമായാണ് നഗരത്തിലെ ഒരു തദ്ദേശ സ്ഥാപനത്തിന്റെ മേധാവിയായ ഗൗരവ് ഗുപ്ത ശ്രദ്ധിക്കുന്നത്. പൂക്കച്ചവടത്തിനിടെ തന്റെ ചെറിയ മൊബൈലിൽ ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്ന പെൺകുട്ടിയെ കൗതുകത്തോടെയാണ് ഗൗരവ് ശ്രദ്ധിച്ചത്. കൂടുതൽ തിരക്കിയപ്പോൾ നഗരത്തിലെ തന്നെ മിത്രാലയ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണെന്നും ബണശങ്കരിയെന്നാണ് പേര് എന്നും പെൺകുട്ടി സ്വയം പരിചയപ്പെടുത്തി. ബണശങ്കരിയുടെ പഠിക്കാനുള്ള ആത്മാർത്ഥത കണ്ട് ഇഷ്ടപ്പെട്ട ഗൗരവ് അവൾക്ക് പഠിക്കാൻ ഒരു ലാപ്ടോപ്പും വാങ്ങിച്ചു കൊടുത്തു.
പഠിച്ച് ഒരു ഡോക്ടർ ആകണമെന്നാണ് ബണശങ്കരിയുടെ ആഗ്രഹം. എന്നാൽ തുച്ഛവരുമാനക്കാരായ ബണശങ്കരിയുടെ മാതാപിതാക്കൾക്ക് അവളുടെ ആഗ്രഹത്തിന് അനുസരിച്ച് അവളെ പഠിപ്പിക്കുവാൻ സാധിക്കുമോ എന്നുറപ്പില്ല. നെയ്ത്തുകാരനായ അച്ഛന്റെയും വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിൽ ദിവസകൂലിക്ക് പോകുന്ന ചേട്ടന്റെയും വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. അമ്മയും ബണശങ്കരിയും തെരുവിൽ പൂക്കൾ വിൽക്കും. എന്നാൽ ഈ വരുമാനം മാത്രം മതിയാകില്ല ബണശങ്കരിയുടെ ആഗ്രഹം നിറവേറാൻ.
"ആദ്യമൊക്കെ ഡോക്ടർ ആകുക എന്നത് വെറുമൊരു ആഗ്രഹം മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ കൊവിഡ് സമയത്ത് ആൾക്കാർ കഷ്ടപ്പെടുന്നത് കാണുമ്പോൾ എങ്ങനെയും ഒരു ഡോക്ടർ ആകണമെന്നാണ് എന്റെ തീരുമാനം," ബണശങ്കരി പറഞ്ഞു.
പഠിക്കുന്നതിനു വേണ്ടി മാത്രമാണ് കുറഞ്ഞ വിലക്ക് മൊബൈൽ ഫോൺ വാങ്ങിയതെന്നും എന്നാൽ സ്ക്രീനിന് വ്യക്തത കുറവുണ്ടായിരുന്നതിനാൽ പ്രതീക്ഷിച്ച പ്രയോജനം അതിൽ നിന്ന് ലഭ്യമായില്ലെന്ന് ബണശങ്കരി പറഞ്ഞു. പുതിയ ലാപ്ടോപ്പ് കിട്ടിയതോടെ പഠനമെല്ലാം ഒന്നുകൂടി ഉഷാറാക്കാമെന്ന പ്രതീക്ഷയിലാണ് ബണശങ്കരി.