mamata

ന്യൂഡൽഹി: 2011ൽ തുടങ്ങിയ പതിവ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇത്തവണയും തെറ്റിച്ചില്ല. ബംഗാളിലെ നാടൻ ഇനങ്ങളായ ഹിമസാഗർ, മാൾദ, ലക്ഷ്മൻഭോഗ് എന്നീ മാമ്പഴങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തവണയും അയച്ചുകൊടുത്തിരിക്കുകയാണ് മമത. 2011ൽ ആദ്യമായി ബംഗാൾ മുഖ്യമന്ത്രി ആയപ്പോഴാണ് മമത പ്രധാനമന്ത്രിക്ക് മാമ്പഴങ്ങൾ സമ്മാനമായി അയയ്ക്കുന്ന പതിവ് ആരംഭിച്ചത്.

മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും മോദിയുടെ ബി ജെ പിയും കഴിഞ്ഞ ബംഗാൾ തിരഞ്ഞെടുപ്പിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു കാഴ്ചവച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും പലപ്പോഴും മമതയും മോദിയും പല കാരണങ്ങളാൽ കൊമ്പുകോർത്തിരുന്നു. എന്നാൽ അത്തരം പരിഭവങ്ങൾ ഒന്നും കാണിക്കാതെയാണ് മമത ഇത്തവണയും മോദിക്ക് സമ്മാനങ്ങൾ അയച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയെകൂടാതെ പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് എം വെങ്കയ്യനായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എന്നിവർക്കും മമത മാമ്പഴങ്ങൾ സമ്മാനമായി അയച്ചിട്ടുണ്ട്.

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഒരിക്കൽ തനിക്ക് കുർത്ത സമ്മാനിച്ചത് അറി‌ഞ്ഞ മമത രണ്ട് കു‌ർത്തകൾ തനിക്ക് സമ്മാനമായി അയച്ചിരുന്നതായി 2019ൽ മോദി പറഞ്ഞിരുന്നു. എന്നാൽ സമ്മാനങ്ങൾ അയക്കുക എന്നത് ബംഗാൾ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതിലപ്പുറമായി ഒന്നും വ്യാഖ്യാനിക്കേണ്ടതില്ലെന്ന് മമത അന്ന് തിരിച്ചടിച്ചിരുന്നു.