gas

ഡിസംബറിനുശേഷം ഗാർഹിക ഗ്യാസിന് കൂട്ടിയത് 240.50 രൂപ

കൊച്ചി: കൊവിഡിൽ പെട്രോൾ, ഡീസൽ വിലക്കുതിപ്പിൽ നട്ടം തിരിയുന്ന പൊതുജനത്തെ എരിതീയിൽ എറിഞ്ഞ്, ഗാർഹിക പാചകവാതക വില സിലിണ്ടറിന് 25.50 രൂപ കൂടി കൂട്ടി എണ്ണക്കമ്പനികൾ. തിരുവനന്തപുരത്ത് 14.2 കിലോഗ്രാം സിലിണ്ടറിന് 844 രൂപയായി. വിതരണ ഏജൻസികളുടെ ട്രാൻസ്പോർട്ടിംഗ് ചാർജ് കൂടിയാകുമ്പോൾ വില പലേടത്തും 900 കടക്കും. കഴിഞ്ഞ ഡിസംബർ മുതൽ ഇങ്ങോട്ട് കൂട്ടിയത് 240.50 രൂപ.

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടർ വില 80 രൂപയും കൂട്ടി. ഇതിന്റെ വില സിലിണ്ടറിന് 1,567.50 രൂപയായി.

പെട്രോൾ വില പലയിടത്തും 100 രൂപ കടന്നതിനൊപ്പം ഡീസലും 100നോട് അടുക്കുന്നു. തിരുവനന്തപുരത്ത് ഇന്നലെ ഡീസൽ വില 95.79 രൂപയാണ്. ഡീസൽ വില കുതിക്കുന്നതിനനുസരിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുകയാണ്. ഒപ്പം എൽ.പി.ജി വിലയും കൂടിയത് കുടുംബ ബഡ്‌ജറ്റിന്റെ താളംതെറ്റിക്കും. വാണിജ്യ സിലിണ്ടർ വില വർദ്ധന, കൊവിഡിൽ വൻ പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്ക്കും തിരിച്ചടിയായി.

ഡീസൽ വിലക്കയറ്റത്തിന്റെ ഫലമായി രണ്ടാഴ്ചയ്ക്കിടെ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സവാള, ചുവന്നുള്ളി, കിഴങ്ങ്,മുളക് വിലയിൽ മാത്രം 50 കിലോ ചാക്കിന് 500 രൂപയിലേറെ കൂടിയെന്ന് ചാലക്കമ്പോളത്തിലെ വ്യാപാരികൾ പറഞ്ഞു. ചിക്കൻ, മുട്ട വിലയും ഉയർന്നു. ലൈവ് ചിക്കന് 120-130 രൂപയും മുട്ടയ്ക്ക് 6 രൂപയുമായി.

നൽകണം വിപണിവില

വില കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി 2020 സെപ്‌തംബറിൽ കേന്ദ്രം എൽ.പി.ജി സബ്‌സിഡി നിറുത്തലാക്കിയിരുന്നു. പിന്നാക്ക പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ സബ്‌സിഡി. പ്രതിവർഷം 12 ഗാർഹിക സിലിണ്ടറുകളാണ് ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നത്.

ഗാർഹിക ഗ്യാസ് വിലക്കയറ്റം

കഴിഞ്ഞവർഷം ജൂണിൽ 14.2 കിലോഗ്രാം സിലിണ്ടറിന് വില 603.50 രൂപയായിരുന്നു. ഇപ്പോൾ 844 രൂപ. ഒരുവർഷത്തിനിടെ കൂട്ടിയത് 240.50 രൂപ. 2020 ഡിസംബർ മുതലാണ് വില കൂട്ടിത്തുടങ്ങിയത്. 2021ൽ മാത്രം 140 രൂപ കൂടി.

വർദ്ധന ഇങ്ങനെ:

ഡിസംബർ 2 : ₹50

ഡിസംബർ 15 : ₹50

ജനുവരി : വില മാറ്റമില്ല

ഫെബ്രുവരി 4 : ₹25

ഫെബ്രുവരി 15 : ₹50

ഫെബ്രുവരി 25 : 25

മാർച്ച് 1 : ₹25

ഏപ്രിൽ 1 : ₹10 കുറച്ചു

മേയ് : വില മാറ്റമില്ല

ജൂൺ : വില മാറ്റമില്ല

ജൂലായ് 1 : ₹25.50

കേന്ദ്രത്തിന് വൻനേട്ടം

2020-21 ഏപ്രിൽ-ജൂണിൽ സബ്‌സിഡിയായി കേന്ദ്രം നൽകിയത് 2,573 കോടി രൂപയാണ്. ജൂലായ്-സെപ്‌തംബറിൽ സബ്സിഡിച്ചെലവ് 445 കോടിയായി താഴ്‌ന്നു. ഒക്‌ടോബർ-ഡിസംബറിൽ ചെലവ് 345 കോടി; ജനുവരി-മാർച്ചിൽ 196 കോടി.