yogi-adityanath-

ലക്നൗ : അടുത്തിടെ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി സർക്കാരിനെ പുറത്താക്കാൻ പുതിയ അടവുമായി പ്രതിപക്ഷത്തെ ഓം പ്രകാശ് രാജ്ഭർ. ഇദ്ദേഹത്തിന്റെ പാർട്ടിയായ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി മറ്റ് ഒൻപത് ചെറുപാർട്ടികളുമായി ചേർന്ന് സഖ്യം രൂപീകരിച്ചിരിക്കുകയാണ്. 'ഭഗിദാരി സങ്കൽപ് മോർച്ച'എന്ന സഖ്യം അധികാരത്തിലെത്തിയാൽ അഞ്ച് പേർ ഓരോ വർഷം വീതം കാലാവധിയിൽ മുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് ഓം പ്രകാശ് രാജ്ഭറിന്റെ അവകാശവാദം.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും, പിന്നാക്ക ജാതിയിലെ എല്ലാം പ്രതിനിധികൾക്കും അധികാരം ഉറപ്പിക്കുമെന്നും ഓം പ്രകാശ് രാജ്ഭർ പറയുന്നു. ഈ വിചിത്രമായ അധികാര പങ്കിടൽ പദ്ധതിയാണ് അദ്ദേഹം മുന്നോട്ട് വച്ചിട്ടുള്ളത്.

'ദരിദ്രരും താഴ്ന്നവരുമായ എല്ലാ പ്രധാന ജാതിക്കാർക്കും അധികാരത്തിൽ ഒരു പങ്ക് ലഭിക്കുമെന്ന് ഞാൻ ഉറപ്പാക്കും. എല്ലാ തസ്തികകളും സ്വയം വഹിക്കാനും മറ്റുള്ളവരെ നഷ്ടപ്പെടുത്താനും എനിക്ക് താൽപ്പര്യമില്ലെന്നുമാണ് ' പത്ര സമ്മേളനത്തിൽ ഓം പ്രകാശ് രാജ്ഭർ അഭിപ്രായപ്പെട്ടത്. അംബേദ്കറിനുശേഷം, മന്ത്രിസഭാ സ്ഥാനത്ത് നിന്ന് രാജിവച്ച രണ്ടാമത്തെ വ്യക്തിയാണ് താനെന്ന് അവകാശപ്പെട്ട ഓം പ്രകാശ് തന്നെ വിശ്വസിക്കണമെന്നും അഭ്യർത്ഥിച്ചു.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഉത്തർപ്രദേശിൽ ഭരണക്ഷിയായ ബി ജെ പിയ്‌ക്കൊപ്പമായിരുന്നു ഓം പ്രകാശ്. ബി ജെ പിയുമായി വേർപിരിഞ്ഞ ശേഷം യോഗി സർക്കാരിനെതിരെ നിശിത വിമർശനമാണ് ഓംപ്രകാശ് ഉയർത്തുന്നത്. ഉത്തർപ്രദേശിൽ ബി ജെ പി മുങ്ങുന്ന ബോട്ടാണെന്നും ഞാൻ അതിൽ സവാരി ചെയ്യില്ലെന്നും ഓം പ്രകാശ് പറഞ്ഞിരുന്നു. അതേസമയം അസദുദ്ദീൻ ഒവൈസിയുടെ എഐഐഎമ്മുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളെ ഓം പ്രകാശ് തള്ളിപ്പറഞ്ഞു.

2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലാണ് ബിജെപിയുമായി കൈകോർത്തു ഓംപ്രകാശിന്റെ പാർട്ടി മത്സരിച്ചത് ഇതിൽ നാല് സീറ്റുകളിലാണ് ജയിച്ചുകയറാനായത്. തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തതിന്റെ 0.7 ശതമാനം വോട്ട് പാർട്ടി നേടി.