തൂത്തുക്കുടി: വിവാഹ വേഷത്തിൽ സാമൂഹിക ബോധവൽക്കരണ സന്ദേശവുമായി വധു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള ഒരു വധുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വിവാഹ വേഷത്തിൽ പരമ്പരാഗത ആയോധനകലകൾ അവതരിപ്പിച്ചുകൊണ്ടാണ് യുവതി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ മർദനമേൽക്കേണ്ടി വരുന്ന, അല്ലെങ്കിൽ മറ്റ് അതിക്രമങ്ങൾക്ക് ഇരയാകുന്ന ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. സ്വയം പ്രതിരോധത്തിനായി ആയോധന കലകൾ പഠിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ നിഷയുടെ ലക്ഷ്യം.
സാരിയണിഞ്ഞ് ആയോധന കല അവതരിപ്പിക്കാൻ എളുപ്പമായിരുന്നില്ല. ടിഷർട്ടും പാന്റും ധരിച്ച് ആയോധനകല പരിശീലിക്കാറുണ്ടായിരുന്നു.-നിഷയെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.കൊമേഴ്‌സ് ബിരുദധാരിയാണ് നിഷ. തനിക്ക് ഒരു പൊലീസ് ഓഫീസറാകാൻ ആഗ്രഹമുണ്ടെന്ന് യുവതി പറഞ്ഞു.