
വളർത്തുമൃഗങ്ങളില്ലാത്തവർ കുറവായിരിക്കും. നായയെയും പൂച്ചയെയും കിളികളെയുമൊക്കെ വീട്ടിൽ വളർത്തുക സ്വാഭാവികമാണ്. എന്നാൽ, കമ്പോഡിയയിൽ ഒരു യുവാവ് വീട്ടിൽ വളർത്തിയത് ഇതിനെയൊന്നുമല്ല,
സിംഹക്കുട്ടിയെയാണ് !
ഒന്നരവയസുളള ആൺ സിംഹത്തെയാണ് തലസ്ഥാന നഗരമായ പനോം പെന്നിയിലെ ഒരുവീട്ടിൽ വളർത്തിയത്. ചൈനീസ് വംശജനായ വീട്ടുടമസ്ഥൻ വളർത്തുന്നതിനായി വിദേശത്ത് നിന്നാണ് സിംഹക്കുട്ടിയെ ഇറക്കുമതി ചെയ്തത്. ഉടമസ്ഥനും വളർത്തുനായകൾക്കുമൊപ്പം സിംഹം ഇരിക്കുന്നതിന്റെ ചിത്രങ്ങളും ടിക് ടോക്ക് വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണം സംഗതി നാട്ടിൽ പാട്ടായത്. ഇതോടെ സംശയം തോന്നിയ അധികൃതർ ഏതാനും മാസങ്ങളായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നിയമം ലംഘിച്ച് വീട്ടിൽ വളർത്തിയിരുന്ന സിംഹത്തെ കമ്പോഡിയൻ ഭരണകൂടം പിടികൂടി.
കമ്പോഡിയയിൽ വന്യജീവികളെ വീട്ടിൽ വളർത്തുന്നത് നിയമവിരുദ്ധമാണ്. വന്യജീവികളുടെ സ്വഭാവത്തിനും ആവശ്യങ്ങൾക്കും അനുസരിച്ചല്ല സ്വകാര്യവ്യക്തികളുടെ വീട്ടിലെ ചുറ്റുപാടുകളെന്ന കാരണത്താലാണിത്. പനോം പെന്നിലെ വീട്ടിൽ നിന്ന് പിടികൂടിയ സിംഹത്തിന്റെ തേറ്റ പല്ലുകളും നഖങ്ങളും നീക്കംചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഇത് സിംഹത്തിന്റെ സ്വാഭാവിക ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. 70 കിലോയാണ് ഇപ്പോൾ സിംഹത്തിന്റെ ഭാരം. പിടികൂടിയ സിംഹത്തെ പനോം താമാവോയിലുള്ള വന്യജീവി സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതർ.