ബംഗളൂരു : കൊവിഡ് വ്യാപനകാലത്ത് ആരാധനാലയങ്ങളിലടക്കം ഭരണകൂടങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഭക്തരുടെ വിഷമം കണ്ട് കൊറോണ വൈറസിനെ ഭസ്മീകരിക്കാൻ ക്ഷേത്രത്തിലെ ദേവി കണ്ണു തുറന്നു എന്ന റിപ്പോർട്ടുകളാണ് കർണാടകയിലെ കഗവാഡ് എന്നിടത്ത് നിന്നും വരുന്നത്. ഇവിടത്തെ സന്തുബായ് ക്ഷേത്രത്തിലാണ് അദ്ഭുതം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച നട തുറന്ന പുരോഹിതനാണ് ദേവിയുടെ കണ്ണുകൾ ഇമ വെട്ടാതെ തുറന്നിരിക്കുന്നതായി കണ്ടത്.
കൊറോണ വൈറസിനെതിരെ പോരാടാൻ ദേവി കണ്ണുതുറന്നുവെന്ന അഭ്യൂഹം പരന്നയുടൻ ഇനി കൊവിഡിനെ ഭയക്കേണ്ട എന്ന ധൈര്യത്തിൽ ആയിരക്കണക്കിന് ആളുകൾ ക്ഷേത്രത്തിലേക്ക് ഓടിയെത്തി. ജൂൺ 23 മുതൽക്കാണ് ഈ അദ്ഭുതം സംഭവിച്ചത്. ക്ഷേത്രത്തിലെത്തിയ ഭക്തർ 'തുറന്ന' കണ്ണുകളുള്ള വിഗ്രഹത്തിന്റെ ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവച്ചു. ചിത്രങ്ങൾ കണ്ട് ദൂര ദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തിച്ചേർന്നു.
കൊവിഡിൽ നിന്നും ദേവി രക്ഷിക്കുമെന്ന് വിശ്വസിച്ച് പ്രതീക്ഷയോടെ ഭക്തർ സന്തുബായ് ദേവിയെ ആരാധിക്കുകയും ക്ഷേത്രത്തിൽ ഭക്ഷണം, ധാന്യങ്ങൾ, എണ്ണ, പണം എന്നിവ അർപ്പിക്കുകയും ചെയ്തു. സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയതോടെ കഗവാദ് തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാദേശിക ഉദ്യോഗസ്ഥരോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെടുകയും, പരിശോധനയിൽ വിഗ്രഹത്തിൽ കണ്ണുകളുടെ ചിത്രമുള്ള സ്റ്റിക്കർ പതിപ്പിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇത്തരം പ്രവൃത്തികൾ അക്രമികളുടെ പ്രവൃത്തിയാണെന്നും ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന പുരോഹിതൻമാരുടേതല്ലെന്നും മുന്നറിയിപ്പ് നൽകിയാണ് തഹസീൽദാർ മടങ്ങിയത്.