ബാഴ്സലോണ: ബാഴ്സലോണയുമായുള്ള കരാർ കാലാവധി ഇന്ന് അവസാനിച്ചതോടെ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിയുടെ ഭാവിയെചൊല്ലിയുള്ള ഊഹാപോഹങ്ങൾ ശക്തമായി. ഇന്നലെ അർദ്ധരാത്രിയോടു കൂടി മെസിയുമായുള്ള ബാഴ്സയുടെ കരാർ അവസാനിക്കുകയും കരാർ പുതുക്കലിനെ സംബന്ധിച്ചുള്ള ചർച്ചകൾ എങ്ങും എത്താതെ വരികയും ചെയ്തതതോടെയാണ് മെസി ക്ളബ് വിടുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്. അർജന്റീനക്കു വേണ്ടി കോപ അമേരിക്ക മത്സരങ്ങളിൽ പങ്കെടുക്കുന്ന മെസിക്ക് നിലവിൽ ഒരു ക്ളബുമായും കരാർ ഇല്ല.
അതേസമയം മെസിയുടെ ഏജന്റ് കൂടിയായ അദ്ദേഹത്തിന്റെ പിതാവുമായി ബാഴ്സ അധികൃതർ ചർച്ച തുടരുകയാണ്. മെസി എങ്ങും പോകില്ല, അദ്ദേഹം ബാഴ്സയിൽ തന്നെയുണ്ടാകും എന്ന് ബാഴ്സലോണ പ്രസിഡന്റ് യൊഹാൻ ലപോർട്ട പറയുന്നുണ്ടെങ്കിലും മെസിയെ പോലുള്ള ഒരു താരത്തെ എങ്ങനെ പിടിച്ചു നിർത്തും എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിലെല്ലാം ഉപരിയായാണ് ലാ ലിഗ ഉയർത്തിയിരിക്കുന്ന സാമ്പത്തിക അച്ചടക്കം എന്ന ഭീഷണി. നിലവിലുള്ള കളിക്കാരുടെ ശമ്പളം വെട്ടിക്കുറച്ചില്ലെങ്കിൽ ഒരു പക്ഷേ അടുത്ത സീസണിൽ ട്രാൻസ്ഫർ ബാൻ പോലുള്ള കടുത്ത നടപടികൾ ബാഴ്സയെ കാത്തിരിക്കുന്നുണ്ടാകും. ശമ്പളം വെട്ടിക്കുറച്ചു കൊണ്ടുള്ള ഒരു കരാറിന് മെസി തയ്യാറാകുമോ എന്നതും ചോദ്യമാണ്.
കരാർ കാലാവധി തീർന്നതു കൊണ്ടു തന്നെ മെസിയുടെ കരാർ ഇനി പുതുക്കാൻ സാധിക്കില്ല. ഇനി മെസിയെ ടീമിൽ എത്തിക്കണമെങ്കിൽ തന്നെ പുതിയൊരു താരത്തെ സൈൻ ചെയ്യുന്നതിനു സമാനമായ എല്ലാ നടപടിക്രമങ്ങളും ക്ളബ് പൂർത്തിയാക്കേണ്ടതായുണ്ട്.
എന്നാൽ സാമ്പത്തികം മാത്രമല്ല മെസിയുടെ പ്രശ്നം എന്നാണ് അറിയുവാൻ സാധിക്കുന്നത്. കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനം നടത്തിയ ബാഴ്സയുടെ മുന്നോട്ടുള്ള പദ്ധതികൾ എന്നതൊക്കെയെന്ന വിശദീകരിച്ച് മെസിക്ക് അതിൽ പൂർണ്ണ തൃപ്തിയുണ്ടെങ്കിൽ മാത്രമേ അദ്ദേഹം ബാഴ്സയുമായി ഇനിയൊരു കരാറിൽ ഏർപ്പെടുവാൻ സാദ്ധ്യത കാണുന്നുള്ളു.