തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന വനംകൊള്ളയ്‌ക്കൊപ്പം ക്രൂരമായ ആദിവാസി വഞ്ചനയും നടന്നെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. വനംകൊള്ളയുമായി ബന്ധപ്പെട്ട് നിരപരാധികളായ ആദിവാസികളെ കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പട്ടികവർഗ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടേയും വനംറവന്യൂവകുപ്പ് മന്ത്രിമാരുടേയും അറിവോടെയാണ് പ്രിൻസിപ്പൽ സെക്രട്ടറി മാഫിയകൾക്ക് വേണ്ടി വനംകൊള്ളയ്ക്ക് അനുകൂലമായി ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം തങ്ങളുടെ പട്ടയ ഭൂമിയിലെ സംരക്ഷിത മരങ്ങൾ ഉൾപ്പെടെ മുറിക്കാമെന്ന് ആദിവാസികളെ തെറ്റിദ്ധരിപ്പിച്ചു. വെട്ടിയ മരങ്ങൾക്ക് വിലയായി ഓരോ മരത്തിനും ഇടനിലക്കാരും സർക്കാർ ഉദ്യോഗസ്ഥരും ലക്ഷങ്ങൾ കൈപറ്റിയപ്പോൾ ആദിവാസികൾക്ക് കൊടുത്തത് പതിനായിരത്തിൽ താഴെ രൂപയാണ്, മരം മുഴുവൻ മുറിച്ച് കടത്തിയതിന് ശേഷം അവർക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നും സുധീർ ആരോപിച്ചു.
ഈ കള്ളക്കേസുകൾ പിൻവലിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പ്രമോദ് കുമാർ, കെ.കെ സുകുമാരൻ, സംസ്ഥാന ഭാരവാഹികളായ കെ.കെ സുമിത്രൻ, സിഎ ബാബു, ടി.കെ ബാബു, കെ.സരസ്വതി, ആർ.ശിവദാസൻ, കമലമ്മ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.