കൊൽക്കത്ത: വിമാനം വാടകയ്‌ക്കെടുക്കാനുള്ള പശ്ചിമ ബംഗാൾ ഗതാഗത വകുപ്പിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ബി.ജെ.പി എം.എൽ.എയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രംഗത്ത്. സ്വയം പ്രഖ്യാപിത പ്രധാനമന്ത്രിയ്ക്ക് വേണ്ടിയാണ് (മമത ബാനർജി) പുഷ്പക വിമാനം വാടകയ്ക്ക് എടുക്കുന്നതെന്ന് സുവേന്ദു വിമർശിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് രണ്ട് എൻജിനുള്ള ഫാൽക്കൻ 2000 വിമാനം വാടകയ്ക്ക് എടുക്കുന്നതെന്ന് സുവേന്ദു ആരോപിച്ചു.
നിലവിൽ, സർക്കാരിന് ഒരു ഹെലിക്കോപ്ടർ ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി. പണം ധൂർത്തടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതിനിടെ, പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം വിമാനങ്ങൾ ഉണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് ചൂണ്ടിക്കാട്ടി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്ത് സർക്കാരിന്റെ വിമാനത്തിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പറന്നാണ് നരേന്ദ്ര മോദി പ്രചാരണം നടത്തിയത് എന്നകാര്യം സുവേന്ദു ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുവേന്ദു തൃണമൂലിൽ ഗതാഗത മമന്ത്രിയായിരുന്ന സമയത്ത് തന്നെ വിമാനം വാടകയ്ക്ക് എടുക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നുവെന്ന് കൊൽക്കത്ത കോർപറേഷൻ മുൻ മേയർ ഫിർഹാദ് ഹക്കീം ആരോപിച്ചു. മന്ത്രിയായിരുന്നപ്പോള്‍ അധികാരിയും സർക്കാർ ഹെലിക്കോപ്ടർ
ഉപയോഗിച്ചിരുന്ന കാര്യം മറക്കരുതെന്ന് തൃണമൂൽ നേതാവ് കുനാൽ ഘോഷും പറഞ്ഞു.