bahrain

മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. ഇന്നലെ ആരംഭിച്ച നിയന്ത്രണം ഓഗസ്റ്റ് 31 വരെയുണ്ടാകും. ഈ കാലയളവിൽ ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് നാലിനും ഇടയിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ പാടില്ല. പ്രധാനമായും സൂര്യാഘാതത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനാണ് ബഹ്‌റൈൻ അധികൃതർ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.നിയമം നടപ്പിലാക്കുന്നുണ്ടോയെന്നറിയാൻ തൊഴിലിടങ്ങളിൽ പരിശോധന നടത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നവർക്ക് മൂന്ന് മാസം തടവുശിക്ഷയോ 500 ദിനാർ മുതൽ 1,000 ദിനാർ വരെ പിഴയോ നൽകേണ്ടി വരും.