kitex

കൊച്ചി: കിറ്റെക്‌സിലെ പരിശോധനകൾക്ക് പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് പറഞ്ഞു. സർക്കാരിന്റെ രാഷ്‌ട്രീയവൈരാഗ്യവും പരിശോധനകളിലൂടെയുള്ള ദ്രോഹവും മൂലം കേരളം നിക്ഷേപസൗഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടി 3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ 29ന് കിറ്റെക്‌സ് വ്യക്തമാക്കിയിരുന്നു. 35,000 തൊഴിലുകൾ സൃഷ്‌ടിക്കുന്ന പദ്ധതിയിൽ നിന്നാണ് പിൻവാങ്ങൽ.

പിന്മാറ്റം പ്രഖ്യാപിക്കുംവരെ സർക്കാർ വകുപ്പുകളിൽ നിന്ന് നോട്ടീസൊന്നും കിറ്റെക്‌സിന് ലഭിച്ചിരുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. എന്നാൽ, സ്ഥലം എം.എൽ.എ പി.വി. ശ്രീനിജൻ ഒരു ചാനൽ ചർച്ചയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് പരിശോധനയെന്നും പരിശോധനയ്ക്കെത്തിയ സബ് ജഡ്‌ജി തന്നെ വിളിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പരിശോധനയെങ്കിൽ സ്ഥലം എം.എൽ.എ മാത്രം അതെങ്ങനെ അറിഞ്ഞു? സബ് ജഡ്‌ജി എന്തിനാണ് എം.എൽ.എയെ വിളിക്കുന്നത്?

ജൂൺ 30ന് പാർട്ടി പത്രത്തിൽ മാത്രം ഒരുമാസമായുള്ള പരിശോധനകളുടെ റിപ്പോർട്ട് വന്നു. മറ്റൊരു ചാനലിൽ അന്ന് വൈകിട്ട് നാലിന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.എസ്. അരുൺകുമാർ പറഞ്ഞത് കിറ്റെക്‌സിന് വിവിധ വകുപ്പുകൾ ഏഴ് നോട്ടീസുകൾ നൽകിയെന്നാണ്. അദ്ദേഹത്തിന് ഈ വിവരങ്ങൾ എവിടുന്ന് കിട്ടി? 30ന് വൈകിട്ട് 5.40നാണ് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കമ്പനിക്ക് നോട്ടീസ് നൽകിയത്. മറ്റു വകുപ്പുകൾ നോട്ടീസ് നൽകിയിട്ടുമില്ല.

പുതിയ മിനിമം കൂലി തൊഴിലാളികൾക്ക് നൽകുന്നില്ലെന്നാണ് തൊഴിൽ വകുപ്പിന്റെ നോട്ടീസിലുള്ളത്. 2019ലെ പുതുക്കിയ കൂലി 2021 മാർച്ച് 26ന് ഹൈക്കോടതി സ്‌റ്റേ ചെയ്‌തതാണ്. ഇത് എല്ലാ കമ്പനികൾക്കും ബാധകമാണ്. എന്നിട്ടും കിറ്റെക്‌സിന് മാത്രം നോട്ടീസ് നൽകിയത് കോടതിയലക്ഷ്യവും നിയമവിരുദ്ധവുമാണ്. നിലവിലെ ചട്ടപ്രകാരം എ ഗ്രേഡ് ടെയ്‌ലർക്ക് നൽകേണ്ട ശമ്പളം 9,240 രൂപയാണ്. എന്നാൽ, കിറ്റെക്‌സ് 16,250 ശമ്പളവും നാലുനേരം സൗജന്യമായി നോൺ-വെജ് ഭക്ഷണവും താമസവും നൽകുന്നു.

നോട്ടീസ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ കോടതിയിൽ ഹർജി നൽകും. പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യവസായ മന്ത്രി ഇടപെടുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കമ്പനിയെ പൊതുജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ തൊഴിൽ വകുപ്പ് നോട്ടീസിലൂടെ ശ്രമിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.