vaccine-case

കൊൽക്കത്ത: കൊൽക്കത്ത വാക്സിനേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗവ‌ർണറായ ജഗ്ദീപ് ധൻകറിനെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ എം.പി സുഖേന്ദു ശേഖർ റോയ് രണ്ട് ഫോട്ടോകൾ പ്രദർശിപ്പിച്ചാണ് ഗവർണർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വാക്സിൻ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ദിബഞ്ജൻ ദേബിന്റെ അംഗരക്ഷനായ അമിയ വൈദ്യ ഗവർണറിന്റെ സമീപത്ത് നിൽക്കുന്ന ഫോട്ടോയും വൈദ്യയും ദേബും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയുമാണ് തൃണമൂൽ പുറത്തുവിട്ടത്.

ഗവർണറും വൈദ്യയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാണ് തൃണമൂലിന്റെ ആവശ്യം. ദേബ് സ്വാധീനമുള്ള ആളാണെന്നും അയാളുടെ അംഗരക്ഷകർ പോലും ഗവർണർക്കൊപ്പം നിൽക്കുന്നുവെന്നും റോയ് പറഞ്ഞു. ദേബിനൊപ്പം തൃണമൂൽ നേതാക്കൾ നിൽക്കുന്ന ഫോട്ടോകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം, എല്ലാ ദിവസവും കള്ളം പറയാനും സ്വയം രക്ഷിക്കാനുമാകില്ലെന്ന് തൃണമൂൽ നേതാക്കൾ മനസ്സിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.