ജിദ്ദ: ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സേവന ഏജൻസികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത്തവണ ഹജ്ജ് കർമ്മങ്ങളിൽ പങ്കാളികളാവാൻ അനുവാദമുണ്ടായിരിക്കില്ലെന്ന് സൗദി. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.ഹജ്ജ് സേവകർക്ക് തീർത്ഥാടനത്തിന് വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമായാണ്.
ഹജ്ജിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഏജൻസികൾ തങ്ങളുടെ കീഴിലെ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകണമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ലോകരാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ,സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ 60,000 പേർക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുവാദം നൽകിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ ഇവരെ വിവിധ ബാച്ചുകളായി തിരിച്ചിട്ടുണ്ട്.
ഹജ്ജ് സേവകർ കൂടി തീർത്ഥാടനത്തിന്റെ കർമങ്ങൾ നിർവഹിക്കാനെത്തുന്നത് നിലവിലെ ക്രമീകരണങ്ങളിൽ മാറ്റമുണ്ടാക്കുമെന്നതിനാലാണ് അവർക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. നിലവിൽ വാക്സിന് എടുത്തവരും ഗുരുതരമായ രോഗങ്ങളില്ലാത്ത 18നും 65നും ഇടയിൽ പ്രായമായവർക്കാണ് ഹജ്ജ് ചെയ്യാൻ അനുമതിയുള്ളത്. ഹജ്ജിന് പെർമിറ്റ് ലഭിച്ചവരിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർ എത്രയും വേഗം അത് സ്വീകരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹജ്ജ് തീർത്ഥാടനം മൂലം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.